ഇതിനായി ഏത് നിക്ഷേപം തിരഞ്ഞെടുക്കണം എന്നതാണ് പലരുടെയും സംശയം. മാസ തവണകളായി നിക്ഷേപിക്കാവുന്ന നിരവധി നിക്ഷേപ മാർഗങ്ങൾ ഇന്നുണ്ട്. ഇതിൽ പ്രധാനപ്പെട്ടതും വലിയ ആദായം ഉണ്ടാക്കാവുന്നതുമായ നിക്ഷേപങ്ങളിലൊന്നാണ് ഇക്വിറ്റി മ്യൂച്വൽ ഫണ്ടിൽ സിസ്റ്റമാറ്റിക്ക് ഇൻവെസ്റ്റ്മെന്റ് പ്ലാൻ വഴിയുള്ള നിക്ഷേപം. മറ്റൊന്ന് ചിട്ടിയിൽ ചേർന്ന് നിക്ഷേപിക്കുക എന്നതാണ്. ഇവ രണ്ടിലും ചേർന്നൊരാൾ അടിസ്ഥാന പരമായി മനസിലാക്കേണ്ട കാര്യങ്ങൾ ചുവടെ വിശദമാക്കാം.
സ്വഭാവം
മാസ തവണകളായുള്ള നിക്ഷേപമാണെങ്കിലും രണ്ടിന്റെയും സ്വഭാവം വ്യത്യസ്മാണ്. വായ്പയായും നിക്ഷേപമായും ഉപയോഗിക്കാവുന്ന ഒരു സാമ്പത്തിക ഉപകരണമാണ് കെഎസ്എഫ്ഇ ചിട്ടികള്‍. ചിട്ടിയില്‍ ചേരുന്നൊരാള്‍ക്ക് ആവശ്യ സമയത്ത് ചിട്ടി ലേലം വിളിച്ചെടുക്കാന്‍ സാധിക്കും. കാലാവധയിൽ പണം ആവശ്യമുള്ളവർകകോ ലാഭം നോക്കി ലേലം വിളിച്ചെടുത്ത് സ്ഥിര നിക്ഷേപമിടുന്നവർക്ക് നിക്ഷേപത്തിന്റെ സാധ്യതയും ഉപയോഗപ്പെടുത്താം. മ്യൂച്വൽ ഫണ്ടിൽ എസ്‌ഐപി ചെയ്യുന്നൊരാൾക്ക് നിക്ഷേപത്തിന്റെ സാധ്യത മാത്രമാണ് ലഭിക്കുന്നത്. പൂർണമായും നിക്ഷേപമാണ് എസ്ഐപി.
സുരക്ഷിതത്വം
കെഎസ്എഫ്ഇ കേരള സർക്കാറിന് കീഴിലുള്ള സ്ഥാപനമാണ്. ഇതിനാൽ ചിട്ടിയിൽ നിക്ഷേപിക്കുന്ന പണത്തിന് പൂർണ സുരക്ഷിത്വം ലഭിക്കും. മ്യൂച്വല്‍ ഫണ്ട് കമ്പനികൾ പ്രവർത്തിക്കുന്നത് സെക്യൂരിറ്റി എക്സ്ചേഞ്ച് ബോർഡി (സെബി)ന്റെ പൂർണ നിയന്ത്രണത്തിലാണ്. ഇതിനാൽ തന്നെ സുരക്ഷിത്വം മ്യൂച്വൽ ഫണ്ടിനുമുണ്ട്. എന്നാൽ മ്യൂച്വൽ ഫണ്ട് നിക്ഷേപങ്ങൾ ഓഹരി വിപണിയുമായി ബന്ധപ്പെട്ട് കിടക്കുന്നതിനാൽ വിപണിയിലുണ്ടാകുന്ന ചാഞ്ചാട്ടങ്ങൾ നിക്ഷേപങ്ങളെയും ബാധിക്കും.
കാലാവധി
ഓരോ ചിട്ടിയുടെയും കാലാവധി എന്നത് ചിട്ടി ആരംഭിക്കുന്ന സമയത്ത് തന്നെ ചിട്ടി കമ്പനികൾ തീരുമാനിക്കും. അത്രയും കാലത്തോളം ചിട്ടിയിൽ അടവ് നടത്തണം. എന്നാൽ മ്യൂച്വൽ ഫണ്ടിൽ എത്ര കാലം എസ്ഐപി തുടരണമെന്നത് നിക്ഷേപകന്റെ മാത്രം തീരുമാനമാണ്. എസ്ഐപി വഴി നിക്ഷേപിക്കുന്നൊരാൾക്ക് ഫണ്ടിന്റെ പ്രകടനം മോശമായാലോ സാമ്പത്തിക പ്രതിസന്ധിയെ തുടർന്നോ നിക്ഷേപം അവസാനിപ്പിക്കാൻ സാധിക്കും.
വരുമാനം
ചിട്ടിയിൽ ലാഭ വിഹിതമാണ് വരുമാനമായി ലഭിക്കുന്നത്. ഒരു ചിട്ടിയിൽ നിന്ന് എത്ര രൂപ ലാഭ വിഹിതമായി ലഭിക്കുമെന്ന് മുൻകൂട്ടി പറയാൻ സാധിക്കില്ല. മാസത്തിൽ നടത്തുന്ന ചിട്ടി ലേലത്തെ അടിസ്ഥാനമാക്കിയാണ് അത് നിശ്ചയിക്കപ്പെടുന്നത്. എന്നാൽ വലിയ ലാഭം ചിട്ടിയിൽ നിന്ന് ലഭിക്കില്ല. ആവശ്യ സമയത്ത് പണം വിളിച്ചെടുക്കാം എന്നതാണ് ചിട്ടിയിലെ പ്രധാന ഗുണം.
മ്യൂച്വൽ ഫണ്ടിലെ ലാഭം ഓഹരി വിപണിയിലെ പ്രകടനത്തെ അടിസ്ഥാനമാക്കിയാണ്. ദീർഘകാലത്തേക്കുള്ള നിക്ഷേപങ്ങൾക്ക് മ്യൂചവ്ൽ ഫണ്ട് 12-15 ശതമാനം വാർഷിക ആദായം നൽകുന്നുണ്ട്. എന്നാൽ ഓഹരിയധിഷ്ഠിത മ്യൂച്വൽ ഫണ്ടുകളിൽ ഹ്രസ്വകാല നിക്ഷേപം നഷ്ടമാകാനും സാധ്യതയുണ്ട്.
ലിക്വിഡിറ്റി
രണ്ട് പദ്ധതികളിലേയും പണ ലഭ്യത പരിശോധിച്ചാൽ ചിട്ടിയിൽ ലിക്വിഡിറ്റി കുറവാണെന്ന് കാണാം. ചിട്ടിയിൽ കാലാവധിയിലോ ആവശ്യ സമയത്ത് വിളിച്ചെടുക്കാനോ മാത്രമെ സാധിക്കുകയുള്ളൂ. വിളിച്ചെടുത്താൽ ചിട്ടി പണത്തിന് ജാമ്യം പോലുള്ള നടപടികളുണ്ട്. മ്യൂച്വൽ ഫണ്ടിൽ ലിക്വിഡിറ്റിയുമായി ബന്ധപ്പെട്ട പ്രശ്നങ്ങളില്ല. എപ്പോൾ വേണമെങ്കിലും നിക്ഷേപം പിൻവലിക്കാം.
മാസ അടവ്
ചിട്ടിയിൽ കാലാവധിയോടൊപ്പം മാസ അടവും ചിട്ടി കമ്പനിയാണ് തീരുമാനിക്കുന്നത്. എന്നാൽ എസ്ഐപിയിൽ നിക്ഷേപകന് സ്വയം തീരുമാനമെടുക്കാം. മ്യൂച്വൽ ഫണ്ട് കമ്പനികൾ 500 രൂപ മുതല്‍ എസ്ഐപി ആരംഭിക്കാൻ അനുവദിക്കുന്നുണ്ട്. ഓരോ ഫണ്ട് ഹൗസുകളും സ്കീമികളും അനുസരിച്ചും തുക വ്യത്യാസമായിരിക്കും. മാസത്തിൽ ബാങ്ക് അക്കൗണ്ടിൽ നിന്ന് ഓട്ടോ ഡെബിറ്റായാണ് എസ്ഐപി വഴി നിക്ഷേപം നടത്തുന്നത്.
വിശകലനം
ചിട്ടിയിൽ ചേരുന്നതും എസ്ഐപി വഴി മ്യൂച്വൽ ഫണ്ടിൽ നിക്ഷേപിക്കുന്നതും രണ്ട് വ്യത്യസ്ത ലക്ഷങ്ങളിൽപ്പെടുന്ന കാര്യങ്ങളാണ്. 3-5 വർഷത്തിനുള്ളിൽ മുന്നിൽ കാണുന്ന സാമ്പത്തിക ലക്ഷ്യങ്ങൾക്ക് വേണ്ടിയാണ് ചിട്ടിയിൽ ചേരുന്നത്. വായ്പയ്ക്ക് പകരമുള്ള മാർഗമായി ചിട്ടിയെ കാണുന്നു എന്ന് പറയാം. 5 വര്‍ഷത്തിന് മുകളിലേക്കുള്ള ആവശ്യങ്ങൾക്കാണ് എസ്ഐപി വഴി ഉപകരാമുണ്ടാകുന്നത്. ദീർഘകാല നിക്ഷേപത്തിലൂടെ ഉയർന്ന വരുമാനം തേടുന്നവർക്ക് എസ്ഐപി വഴി മ്യൂച്വൽ ഫണ്ട് നിക്ഷേപം നടത്താവുന്നതാണ്.