”ഷമിയ്ക്ക് കിട്ടിയത് ആകെ ആറ് പന്തുകളാണ്. അത്രമാത്രമാണ് അദ്ദേഹത്തിന് അനുവദിച്ചത്. നമ്മളെല്ലാവരും ഞെട്ടിയിരിക്കുകയാണ്. സന്നാഹ മത്സരങ്ങള്‍ പരീക്ഷണം നടത്താനും നമ്മളുടെ താരങ്ങള്‍ക്ക് അവസരങ്ങള്‍ നല്‍കാനുമുള്ളതാണ്. നമ്മളെല്ലാം ഷമയിക്ക് ഓവര്‍ കിട്ടുമെന്ന് കരുതി. പക്ഷെ നായകന്‍ അത് ചെയ്തില്ല. ഓസ്‌ട്രേലിയയ്ക്ക് ആറ് പന്തില്‍ പതിനൊന്ന് റണ്‍സ് വേണം ജയിക്കാന്‍ എന്നായപ്പോള്‍ ഇന്ത്യ ജയിക്കില്ലെന്ന് എല്ലാവരും കരുതിയതാണ്” ആകാശ് ചോപ്ര പറയുന്നു.
അതിന് ശേഷമാണ് ഷമി വരികയും യോര്‍ക്കറുകള്‍ക്ക് പിന്നാലെ യോര്‍ക്കറുകള്‍ എറിയുകയും ചെയ്തത്. ഒരു ഷോര്‍ട്ട് ബോള്‍ മാത്രമാണ് എറിഞ്ഞത്. ബാക്കിയെല്ലാം യോര്‍ക്കറുകളായിരുന്നുവെന്നും ആകാശ് ചോപ്ര പറയുന്നു. ബുംറയില്ലാത്ത സാഹചര്യത്തില്‍ ആ ദൗത്യം തനിക്ക് ഏറ്റെടുക്കാനാകും എന്ന് ഷമി തെളിയിച്ചുവെന്നും ആകാശ് ചോപ്ര പറയുന്നുണ്ട്.
”തനിക്ക് സാധിക്കുമെന്ന് ലോകത്തിന് കാണിച്ചു കൊടുക്കാന്‍ ഷമിയ്ക്ക് വേണ്ടി വന്നത് വെറും ആറ് പന്തുകളാണ്. ജസ്പ്രീത് ബുംറ ഇവിടെയില്ലായിരിക്കാം പക്ഷെ ഞാന്‍ ഇവിടെ തന്നെയുണ്ട് എന്ന് പറയുന്നത് പോലെയായിരുന്നു ഷമയുടെ പ്രകടനം. ഇന്ത്യയുടെ പ്രശ്‌നങ്ങള്‍ക്കുള്ള പരിഹാരമാകാന്‍ സാധിക്കുമെന്ന് ഷമി കാണിച്ചു തന്നു. 20-ാം ഓവറിലും ഫലമുണ്ടാക്കാന്‍ സാധിക്കുമെന്ന് തെളിയിച്ചു. ഇന്ത്യ അദ്ദേഹത്തിന് ട്വന്റി-20 കൊടുത്തില്ല. പക്ഷെ ഒരു അവസരം കിട്ടിയപ്പോള്‍ തനിക്ക് ഈ പണി പറ്റുമെന്ന് ഷമി തെളിയിച്ചു” എന്നും ആകാശ് ചോപ്ര പറഞ്ഞു.
അതേസമയം ഇന്ത്യന്‍ വിജയം ആറ് റണ്‍സിനായിരുന്നു. ഇന്ത്യയായിരുന്നു ആദ്യം ബാറ്റ് ചെയ്തത്. ഇന്ത്യയ്ക്കായി ഓപ്പണര്‍ കെഎല്‍ രാഹുല്‍ അര്‍ധ സെഞ്ചുറി നേടി. 33 പന്തുകളില്‍ നിന്നും 57 റണ്‍സാണ് ഇന്ന് രാഹുല്‍ നേടിത്. രണ്ട് സിക്സും ആറ് ഫോറും ഉള്‍പ്പെടുന്നതായിരുന്നു രാഹുലിന്റെ ഇന്നിംഗ്സ്. പിന്നാലെ സൂര്യ കുമാര്‍ യാദവും അര്‍ധ സെഞ്ചുറി നേടിയതോടെ ഇന്ത്യയുടെ ടോട്ടല്‍ 186 ലെത്തുകയായിരുന്നു. നായകന്‍ രോഹിത് ശര്‍മ 15 റണ്‍സും വിരാട് കോഹ്ലി 19 റണ്‍സുമാണ് കൂട്ടിച്ചേര്‍ത്തത്. അവസാന ഓവറുകളില്‍ ദിനേശ് കാര്‍ത്തിക് 20 റണ്‍സും നേടി.
ഓസീസ് നിരയില്‍ തിളങ്ങിയത് നായകന്‍ ആരോണ്‍ ഫിഞ്ചാണ്. 76 റണ്‍സാണ് ഫിഞ്ച് അടിച്ചെടുത്തത്. കളി ഓസ്‌ട്രേലിയ ജയിക്കുമെന്ന് തോന്നിപ്പിച്ച ശേഷമാണ് ഷമിയുടെ മാസ്മരിക പ്രകടനത്തിന്റെ കരുത്തില്‍ ഇന്ത്യ വിജയം സ്വന്തമാക്കിയത്. ഒരു വര്‍ഷത്തെ ഇടവേളയ്ക്ക് ശേഷമാണ് ഷമി രാജ്യാന്തര ട്വന്റി-20 മത്സരത്തില്‍ കളിക്കുന്നത്. മൂന്ന് ഓവറില്‍ 20 റണ്‍സ് വഴങ്ങി രണ്ട് വിക്കറ്റെടുത്ത ഭുവനേശ്വര്‍ കുമാര്‍, ഓരോ വിക്കറ്റ് വീതം നേടിയ അര്‍ഷ്ദീപ് സിംഗ്, ഹര്‍ഷല്‍ പട്ടേല്‍ എന്നിവരും പിന്തുണ നല്‍കി.
സന്നാഹ മത്സരത്തിലെ വിജയം ഇന്ത്യയ്ക്ക് ആത്മവിശ്വാസം പകരുന്നതാണ്. അടുത്ത സന്നാഹ മത്സരത്തില്‍ ഇന്ത്യയുടെ എതിരാളികള്‍ ന്യൂസിലാന്‍ഡാണ്. ലോകകപ്പിലെ ആദ്യത്തെ മത്സരത്തില്‍ ഇന്ത്യ നേരിടുക ചിരവൈരികളായ പാക്കിസ്ഥാനെയാണ്. ഒക്ടോബര്‍ 23 നാണ് ഇന്ത്യ-പാക് മത്സരം. ഏഷ്യാക്കപ്പിന് ശേഷം ഇന്ത്യയും പാക്കിസ്ഥാനും നേര്‍ക്കു നേര്‍ വരുന്ന മത്സരത്തിനായി കാത്തിരിക്കുകയാണ് ആരാധകര്‍.