സിനിമയോട് താൽപര്യമില്ലെന്നായിരുന്ന മോഡലിംഗ് നാളുകളിൽ തൃഷ പറഞ്ഞത്. എന്നാൽ പിന്നീട് തമിഴ്, തെലുങ്ക് സിനിമകളിലെ ഏറ്റവും വില പിടിപ്പുള്ള താരമായി തൃഷ മാറുന്നതാണ് സിനിമാ ലോകം കണ്ടത്. വർഷങ്ങൾ നീണ്ട കരിയറിൽ വിജയത്തോടൊപ്പം തന്നെ പരാജയവും തൃഷയെ തേടി വന്നിട്ടുണ്ട്. ഇതേപറ്റി നടി തന്നെ തുറന്ന് സംസാരിച്ചിട്ടുണ്ട്. ഇത്രയും വർഷങ്ങൾ കരിയറിൽ നിൽക്കുമ്പോൾ വിജയവും പരാജയവും വരും. പക്ഷെ അപ്പോഴെല്ലാം ആരാധകർ തനിക്കാെപ്പം നിന്നിട്ടുണ്ടെന്നാണ് തൃഷ അടുത്തിടെ പറഞ്ഞത്.
പൊന്നിയിൻ സെൽവനാണ് തൃഷയുടെ ഏറ്റവും പുതിയ സിനിമ. ചിത്രത്തിൽ കുന്ദവി എന്ന കഥാപാത്രത്തെയാണ് തൃഷ അവതരിപ്പിച്ചിരിക്കുന്നത്. ഇപ്പോഴിതാ തൃഷയെക്കുറിച്ച് മുമ്പാെരിക്കൽ തെലുങ്ക് സൂപ്പർതാരം ചിരഞ്ജീവി പറഞ്ഞ വാക്കുകളാണ് ശ്രദ്ധ നേടുന്നത്.
ചിരഞ്ജീവിയുടെ ആചാര്യ എന്ന സിനിമയിൽ ആദ്യം തൃഷയെ ആയിരുന്നു നായികയായി തീരുമാനിച്ചിരുന്നത്. എന്നാൽ തൃഷ ഇതിൽ നിന്നും പിൻമാറുകയായിരുന്നു. സിനിമയുടെ ക്രിയേറ്റീവ് തലത്തിലുള്ള അഭിപ്രായ വ്യത്യാസങ്ങൾ മൂലമാണ് പിൻമാറ്റം എന്നായിരുന്നു നടി വ്യക്തമാക്കിയത്. ഇത് സംബന്ധിച്ച് നടി ട്വീറ്റ് ചെയ്യുകയും ചെയ്തിരുന്നു.
‘ചില കാര്യങ്ങൾ ആദ്യം സംസാരിച്ചതിൽ നിന്നും വ്യത്യസ്തമാവും. ആശയപരമായ ഭിന്നത മൂലം ചിരഞ്ജീവി സാറുടെ സിനിമയുടെ ഭാഗമാവേണ്ടെന്ന് ഞാൻ തീരുമാനിച്ചു. ടീമിന് എന്റെ ആശംസകൾ, ഒരു ആവേശകരമായ പ്രൊജക്ടിലൂടെ എന്റെ പ്രിയപ്പെട്ട തെലുങ്ക് പ്രേക്ഷകരെ പെട്ടെന്ന് തന്നെ കാണാനാവുമെന്ന് ഞാൻ പ്രതീക്ഷിക്കുന്നു,’ തൃഷ ട്വീറ്റ് ചെയ്തതിങ്ങനെ.
തൃഷയുടെ ട്വീറ്റ് ചിരഞ്ജീവിക്ക് ഇഷ്ടപ്പെട്ടില്ല. നടൻ തൃഷയ്ക്കെതിരെ രംഗത്ത് വന്നു. സിനിമയുമായി ബന്ധപ്പെട്ട അഭിപ്രായ വ്യത്യാസം മൂലമല്ല തൃഷ പിൻമാറിയതെന്നായിരുന്നു ചിരഞ്ജീവി പറഞ്ഞത്.
‘എന്തിനാണ് അവൾ അങ്ങനെ ചെയ്തതെന്ന് എനിക്ക് അറിയില്ല, അവളെ വിഷമിപ്പിച്ച എന്തെങ്കിലും പറഞ്ഞോയെന്ന് ഞാൻ എന്റെ മുഴുവൻ ടീമിനോടും ചോദിച്ചു. പിന്നീടാണ് ഞാൻ അറിഞ്ഞത് അവൾ മണിര്തനത്തിന്റെ പൊന്നിയിൻ സെൽവൻ ചെയ്യുന്നുണ്ടെന്ന്,’
‘അതിന് ഒരുപാട് ഷെഡ്യൂൾ ആവശ്യമാണ്. അതിനാൽ അവൾക്ക് ഞങ്ങളുടെ തെലുങ്ക് സിനിമ ചെയ്യാനായില്ല,’ ചിരഞ്ജീവി ഡെക്കാൻ ക്രോണിക്കിളുമായുള്ള അഭിമുഖത്തിൽ പറഞ്ഞതിങ്ങനെ. അതേസമയം ചിരഞ്ജീവിയുടെ കരിയറിലെ ഏറ്റവും വലിയ പരാജയ ചിത്രമായി ആചാര്യ മാറി. നടന്റെ മകൻ രാം ചരണും ഈ സിനിമയിൽ അഭിനയിച്ചിരുന്നു.