അനായാസം റണ്‍സുയര്‍ത്തുന്നു
കരുത്തുറ്റ ബൗളിങ് നിരയുള്ള ടീമാണ് ഓസ്‌ട്രേലിയയുടേത്. മിച്ചല്‍ സ്റ്റാര്‍ക്കിനെപ്പോലെ അതിവേഗ ബൗളര്‍മാരുള്ള ഓസീസ് ടീമിനെ ശരിക്കും നാണംകെടുത്ത ബാറ്റിങ്ങാണ് സൂര്യകുമാര്‍ കാഴ്ചവെച്ചത്. സൂര്യകുമാര്‍ ലോകകപ്പില്‍ പരാജയമാവുമെന്ന് കുറിച്ച ട്വീറ്റുകളെല്ലാം കുത്തിപ്പൊക്കിയാണ് ആരാധകര്‍ മറുപടി നല്‍കുന്നത്. ടി20 ഫോര്‍മാറ്റിലെ ഒരു താരത്തിന്റെ മികച്ച ഫോം എന്നാണ് സൂര്യകുമാറിനെക്കുറിച്ച് ഒരു താരം പറഞ്ഞത്.
സമ്മര്‍ദ്ദം തീരെ ഇല്ല
അവിശ്വസിനീയമായ പ്രകടനം കാഴ്ചവെക്കുന്ന താരമാണെന്നും ഇത്രയും അനായാസമായി റണ്‍സുയര്‍ത്തുന്ന മറ്റൊരു താരത്തെ കണ്ടിട്ടില്ലെന്നുമാണ് ആരാധകര്‍ സാമൂഹ്യ മാധ്യമങ്ങളിലൂടെ പ്രശംസിക്കുന്നത്. പ്രധാനപ്പെട്ട മത്സരങ്ങളില്‍ സൂര്യകുമാര്‍ യാദവ് നിരാശപ്പെടുത്തുമെന്ന് പറഞ്ഞ് ട്വീറ്റ് ചെയ്തവരെയെല്ലാം സൂര്യയുടെ ആരാധകര്‍ ട്രോളുന്നുണ്ട്. സമ്മര്‍ദ്ദം തീരെ ഇല്ലാതെയാണ് സൂര്യകുമാറിന്റെ ബാറ്റിങ് പ്രകടനം. വിമര്‍ശിച്ചവരെയെല്ലാം ഇപ്പോള്‍ ആരാധകരാക്കി മാറ്റാന്‍ സൂര്യക്കാവുന്നു.
രാഹുലിനും ഫിഫ്റ്റി
കെ എല്‍ രാഹുലും ഇന്ത്യക്കായി ഫിഫ്റ്റി നേടി. മെല്ലപ്പോക്ക് ബാറ്റിങ്ങിന്റെ പേരില്‍ വിമര്‍ശനം നേരിട്ട കെ എല്‍ രാഹുല്‍ 33 പന്തില്‍ 6 ഫോറും 3 സിക്‌സും ഉള്‍പ്പെടെ 57 റണ്‍സുമായാണ് തല്ലിത്തകര്‍ത്തത്. 172.72 സ്‌ട്രൈക്കറേറ്റിലായിരുന്നു രാഹുലിന്റെ പ്രകടനം. രോഹിത് ശര്‍മയെ കാഴ്ചക്കാരനാക്കി അതിവേഗത്തില്‍ റണ്‍സുയര്‍ത്താന്‍ രാഹുലിനായി. എംഎസ് ധോണിയെപ്പോലെ ഹെലി കോപ്ടര്‍ ഷോട്ട് കളിച്ച് രാഹുല്‍ കൈയടിയും നേടുന്നുണ്ട്. രോഹിത് ശര്‍മയും കൂടി ഫോമിലേക്കെത്തിയാല്‍ ഇന്ത്യയുടെ ബാറ്റിങ് നിര കൂടുതല്‍ കരുത്തുറ്റതാവുമെന്നുറപ്പ്.
ഷമി ഇന്ത്യയുടെ വിജയ ശില്‍പ്പി
ജസ്പ്രീത് ബുംറയുടെ പകരക്കാരനായെത്തിയ മുഹമ്മദ് ഷമി ഇന്ത്യയുടെ ഹീറോയായി മാറുന്നതാണ് ബ്രിസ്ബണില്‍ കണ്ടത്. ഇക്കോണമി മോശമുള്ള ഷമിക്ക് ബുംറയുടെ അഭാവം എത്രത്തോളം നികത്താനാവുമെന്നത് വലിയ ചോദ്യമായിരുന്നു. എന്നാല്‍ അവസാന ഓവറില്‍ ഓസീസിന് ജയിക്കാന്‍ 11 റണ്‍സ് വേണ്ടപ്പോള്‍ പന്തെറിയാനെത്തിയ ഷമി തുടര്‍ച്ചയായി നാല് പന്തില്‍ നാല് വിക്കറ്റ് നേടി. ആദ്യ രണ്ട് പന്തിലും ഡബിള്‍ റണ്‍സ് വഴങ്ങിയ ഷമി പിന്നീടുള്ള നാല് പന്തിലും വിക്കറ്റ് നേടി. നാലാം പന്ത് റണ്ണൗട്ട് വിക്കറ്റ് ആകാതിരുന്നെങ്കില്‍ ഷമി ലോക റെക്കോഡ് നേട്ടത്തിലേക്കെത്തുമായിരുന്നു.
ബൗളിങ് നിരയില്‍ പ്രതീക്ഷ
ലോകകപ്പിനിറങ്ങുമ്പോള്‍ ഇന്ത്യന്‍ ടീമിന് മുന്നിലുള്ള വലിയ ആശങ്ക ബൗളിങ് നിരയിലായിരുന്നു. എന്നാല്‍ സന്നാഹ മത്സരത്തിലെ ഇന്ത്യയുടെ പ്രകടനം പ്രതീക്ഷ നല്‍കുന്നു. ഹര്‍ഷല്‍ പട്ടേലും അര്‍ഷദീപ് സിങ്ങും ആര്‍ അശ്വിനുമെല്ലാം ഇന്ത്യക്കായി തിളങ്ങുന്നു. വരുന്ന മത്സരങ്ങളിലും ഇന്ത്യയുടെ പേസ് നിരക്ക് ഇതേ മികവ് കാട്ടാന്‍ ആകുമോയെന്നതാണ് കണ്ടറിയേണ്ടത്. ക്യാപ്റ്റനെന്ന നിലയില്‍ രോഹിത് ശര്‍മയുടെ തന്ത്രങ്ങളും കൈയടി അര്‍ഹിക്കുന്നു. ഓസീസിനെതിരായ ഇന്ത്യയുടെ പ്രകടനം വലിയ പ്രതീക്ഷ നല്‍കുന്നുണ്ടെന്ന് തന്നെ പറയാം.