വില 50% ഇടിഞ്ഞു; ഈ സ്‌മോള്‍ കാപ് ഓഹരി ഒഴിവാക്കി 2 പ്രമുഖ നിക്ഷേപകര്‍ തടിതപ്പി

Spread the love


ഓഹരികള്‍ വാങ്ങിയ/ വിറ്റ വില സംബന്ധിച്ച വിശദീകരണം കമ്പനികള്‍ നല്‍കേണ്ടതില്ല. അതിനാല്‍ ഓരോ സാമ്പത്തിക പാദത്തിലും കമ്പനിയുടെ മുഖ്യ നിക്ഷേപകരുടെ ഓഹരി വിഹിതത്തിലെ വ്യതിയാനം മാത്രമേ അറിയാന്‍ സാധിക്കുകയുള്ളൂ. ഇത്തരത്തില്‍ ഓരോ സാമ്പത്തിക പാദത്തിലും പുറത്തുവരുന്ന കമ്പനികളുടെ റിപ്പോര്‍ട്ടിലൂടെയാണ് പ്രമുഖ നിക്ഷേപകരുടെ ഓഹരി പങ്കാളിത്തം സംബന്ധിച്ച വിവരങ്ങളും പൊതുയിടത്തില്‍ ലഭ്യമാകുന്നത്. ഇതിനിടെ ഇന്ത്യയിലെ രണ്ടു വന്‍കിട നിക്ഷേപകര്‍ സെപ്റ്റംബര്‍ പാദത്തില്‍ ഒരു സ്‌മോള്‍ കാപ് മള്‍ട്ടിബാഗര്‍ ഓഹരിയെ ഒഴിവാക്കിയതിന്റെ വിശദാംശങ്ങള്‍ പുറത്തുവന്നിട്ടുണ്ട്.

Also Read: ഓപ്ഷന്‍ ട്രേഡിങ്ങില്‍ ലാഭം നേടാം; കമ്പനികള്‍ പാദഫലം പ്രഖ്യാപിക്കുമ്പോള്‍ ഈ 3 ഘടകങ്ങള്‍ ശ്രദ്ധിക്കുക

ബിഎസ്ഇയില്‍ സമര്‍പ്പിക്കപ്പെട്ട റിപ്പോര്‍ട്ട് പ്രകാരം പ്രതിരോധ രംഗത്ത് പ്രവര്‍ത്തിക്കുന്നതും കഴിഞ്ഞ വര്‍ഷത്തെ ഐപിഒയില്‍ നിക്ഷേപകര്‍ക്ക് മള്‍ട്ടിബാഗര്‍ നേട്ടം നല്‍കിയതുമായ പരസ് ഡിഫന്‍സ് & സ്‌പേസ് ടെക്‌നോളജസീന്റെ ഓഹരിയെയാണ് പ്രമുഖ നിക്ഷേപകരായ സുനില്‍ സംഘാനിയയും മുകുല്‍ അഗ്രവാളും ഒഴിവാക്കിയത്.

ജൂലൈ- സെപ്റ്റംബര്‍ ത്രൈമാസ കാലയളവിലെ ഓഹരി വിഹിതം സംബന്ധിച്ച് കമ്പനി നല്‍കിയ റിപ്പോര്‍ട്ടില്‍ ഇരുവരുടേയും പേര് മുഖ്യനിക്ഷേപകരുടെ പട്ടികയില്‍ ഇടംപിടിച്ചില്ല. അതായത് ഓഹരിയെ പൂര്‍ണമായി ഒഴിവാക്കുകയോ അല്ലെങ്കില്‍ ഭാഗികമായ വില്‍പനയിലൂടെ വിഹിതം 1 ശതമാനത്തിനും താഴേക്ക് കൊണ്ടുവരുകയോ ചെയ്തുവെന്ന് സാരം.

നേരത്തെ ജൂണ്‍ പാദത്തിനൊടുവില്‍ പരസ് ഡിഫന്‍സ് പുറത്തുവിട്ട രേഖകളില്‍ സുനില്‍ സിംഘാനിയ, അബാക്കസ് അസറ്റ് മാനേജ്‌മെന്റ് എന്ന കമ്പനിയുടെ അബാക്കസ് എമേര്‍ജിങ് ഓപ്പര്‍ച്യൂണിറ്റീസ് ഫണ്ട്-1 എന്നതിലൂടെ 1.34 ശതമാനം ഓഹരി വിഹിതം അഥവാ 5,22,732 ഓഹരികള്‍ സ്വന്തമാക്കിയിരുന്നതായി രേഖപ്പെടുത്തിയിട്ടുണ്ട്.

അതേപോലെ ഇന്ത്യന്‍ ഓഹരി വിപണിയിലെ സമീപകാല താരോദയമായ മുകുല്‍ മഹാവീര്‍ അഗ്രവാള്‍, സ്വന്തം നിലയില്‍ 2.32 ശതമാനം വിഹിതം അഥവാ 9,04,286 ഓഹരികള്‍ കരസ്ഥാമക്കിയെന്ന് സൂചിപ്പിച്ചിരുന്നു. എന്നാല്‍ സെപ്റ്റംബര്‍ പാദത്തിനൊടുവില്‍ പരസ് ഡിഫന്‍സ് പുറത്തിറക്കിയ രേഖകളില്‍ ഇരുവരും മുഖ്യ നിക്ഷേപകരുടെ കൂട്ടത്തില്‍ നിന്നും അപ്രത്യക്ഷമായി.

പരസ് ഡിഫന്‍സ്

പ്രതിരോധ മേഖലയ്ക്കു വേണ്ട വിവിധ ഉപകരണങ്ങളുടെ രൂപകല്‍പ്പന, ഗവേഷണം, പരിശോധന, നിര്‍മാണം എന്നിവയുമായി ബന്ധപ്പെട്ട് സ്വകാര്യ മേഖലയില്‍ പ്രവര്‍ത്തിക്കുന്ന മുന്‍നിര കമ്പനിയാണ് പരസ് ഡിഫന്‍സ് & സ്പേസ് ടെക്നോളജീസ്. പ്രതിരോധ രംഗത്തിന് വേണ്ട സ്പേസ് ഒപ്റ്റിക്സ്, ഡിഫന്‍സ് ഇലക്ട്രോണിക്സ്, ഇലക്ടോ മാഗ്‌നെറ്റിക് പള്‍സ് സുരക്ഷാ സംവിധാനങ്ങളിലാണ് ശ്രദ്ധ കേന്ദ്രീകരിച്ചിരിക്കുന്നത്. ആളില്ലാ വിമാനം (UAV) നിര്‍മിക്കുന്നതിനായി ഇസ്രായേല്‍, ഇറ്റലി, ലാത്വിയ എന്നീ രാജ്യങ്ങളിലെ സ്ഥാപനങ്ങളുമായി കരാര്‍ ഒപ്പുവെച്ചിട്ടുണ്ട്.

Also Read: റിസള്‍ട്ട് പൊളിച്ചു! ഈ കേരളാ ഓഹരി പുതിയ ഉയരങ്ങളിലേക്ക്; ഇപ്പോള്‍ പിടിച്ചാല്‍ ചെറിയ റിസ്‌കില്‍ ലാഭം നേടാം

കഴിഞ്ഞ ദിവസം 650 രൂപയിലായിരുന്നു പരസ് ഡിഫന്‍സ് (BSE: 543367, NSE : PARAS) ഓഹരിയുടെ ക്ലോസിങ്. കഴിഞ്ഞ ഒരു വര്‍ഷത്തിനിടെ ഓഹരിയുടെ ഉയര്‍ന്ന വില 1,258 രൂപയും കുറഞ്ഞ വില 523 രൂപയുമാണ്. കഴിഞ്ഞ ഒരു മാസത്തിനിടെ 17 ശതമാനവും ഒരു വര്‍ഷക്കാലയളവില്‍ 50 ശതമാനത്തോളവും നഷ്ടം ഓഹരികള്‍ നേരിട്ടു.

2021 ഒക്ടോബറിലായിരുന്നു പരസ് ഡിഫന്‍സിന്റെ ഐപിഒ അരങ്ങേറിയത്. 175 രൂപ നിലവാരത്തില്‍ ഇഷ്യൂ ചെയ്ത ഈ സ്‌മോള്‍ കാപ് ഓഹരികള്‍ 171 ശതമാനം പ്രീമിയത്തോടെയായിരുന്നു ലിസ്റ്റ് ചെയ്യപ്പെട്ടത്.

അറിയിപ്പ്

മുകളില്‍ കൊടുത്തിരിക്കുന്ന ലേഖനം പഠനാവശ്യത്തിന് നല്‍കുന്നതാണ്. ഇതുമായി ബന്ധപ്പെട്ട് നിക്ഷേപ തീരുമാനങ്ങള്‍ സ്വീകരിക്കും മുന്‍പ് സാമ്പത്തിക വിദഗ്ധന്റെ നിര്‍ദേശം തേടാം. ഓഹരി വിപണിയിലെ നിക്ഷേപം നഷ്ട സാധ്യതകള്‍ക്ക് വിധേയമാണ്. സ്വന്തം റിസ്‌കില്‍ മാത്രം നിക്ഷേപ തീരുമാനം കൈക്കൊള്ളുക. ലേഖനം വായിച്ചിട്ട് എടുക്കുന്ന തീരുമാനത്തിന്റെ അടിസ്ഥാനത്തില്‍ സംഭവിക്കുന്ന ലാഭനഷ്ടങ്ങള്‍ക്ക് ഗ്രേനിയം ഇന്‍ഫര്‍മേഷന്‍ ടെക്നോളജീസും ലേഖകനും ഉത്തരവാദികളല്ല.Source link

Facebook Comments Box

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!