കബ്ര എക്‌സട്രൂഷന്‍ ടെക്‌നിക്
കഴിഞ്ഞ നാല ദശാബ്ദങ്ങളായി പ്ലാസ്റ്റിക് പൈപ്പുകളും ഫിലിമുകളും നിര്‍മിക്കാനുള്ള സാമഗ്രികള്‍ ഉത്പാദിപ്പിക്കുന്ന സ്‌മോള്‍ കാപ് കമ്പനിയാണ് കബ്ര എക്‌സട്രൂഷന്‍ ടെക്‌നിക് (കെഇടി). സമാന വിഭാഗത്തിലെ ആഗോള കമ്പനികളായ ബാറ്റന്‍ഫീല്‍ഡ് എക്‌സട്രൂഷന്‍ ടെക്‌നിക്, അമേരിക്കന്‍ മാപ്ലാന്‍ കോര്‍പ്പറേഷന്‍ തുടങ്ങിയവരുമായി കെഇടിക്ക് സംയുക് ബിസിനസ് സംരംഭങ്ങളുണ്ട്. കഴിഞ്ഞ 2 വര്‍ഷമായി ഓഹരിയിന്മേലുള്ള ആദായം വര്‍ധന രേഖപ്പെടുത്തുന്നു. കുറഞ്ഞ തോതിലുള്ള കടബാധ്യതയേ നിലവിലുള്ളൂ.
വാഹന ലോകത്തെ ഭാവി എന്നറിയപ്പെടുന്ന ലിഥീയം- അയോണ്‍ ബാറ്ററി നിര്‍മാണ രംഗത്തേക്ക് കബ്ര എക്‌സട്രൂഷന്‍ ടെക്‌നിക് (BSE: 524109, NSE : KABRAEXTRU) അടുത്തിടെ പ്രവേശിച്ചതാണ് വലിയ മാറ്റങ്ങള്‍ക്ക് സാക്ഷ്യംവഹിക്കുമെന്ന വിലയിരുത്തലിന് അടിസ്ഥാനം. വിവിധ തരത്തിലുളള്ള ലിഥീയം ബാറ്ററി നിര്‍മാണത്തിനായി ബാറ്റ്‌റിക്‌സ് എന്ന ഉപവിഭാഗവും കമ്പനി രൂപീകരിച്ചു. അതേസമയം കഴിഞ്ഞ 2 വര്‍ഷമായി കമ്പനിയുടെ വാര്‍ഷിക അറ്റാദായം വളര്‍ച്ച കാണിക്കുന്നു. പ്രതിയോഹരി ബുക്ക് വാല്യൂ നിരക്കും മെച്ചപ്പെടുത്തുന്നു.
മയൂര്‍ യൂണികോട്ടേഴ്സ്
‘റിലീസ് പേപ്പര്‍ ട്രാന്‍സ്ഫര്‍ കോട്ടിംഗ് ടെക്നോളജി’യെ അടിസ്ഥാനമാക്കി പ്രവര്‍ത്തിക്കുന്ന രാജ്യത്തെ ഏറ്റവും വലിയ കൃത്രിമ തുകല്‍ നിര്‍മാണ കമ്പനിയാണ് മയൂര്‍ യൂണികോട്ടേഴ്സ്. പ്രതിമാസം 31 ലക്ഷം മീറ്റര്‍ നീളത്തില്‍ തുകല്‍ ഉല്‍പ്പാദിപ്പിക്കാന്‍ സാധിക്കുന്ന ആറ് നിര്‍മ്മാണ കേന്ദ്രങ്ങള്‍ കമ്പനിക്ക് കീഴില്‍ പ്രവര്‍ത്തിക്കുന്നുണ്ട്. വരുമാനത്തില്‍ 57 ശതമാനവും സംഭാവന നല്‍കുന്നത് വാഹന മേഖലയ്ക്കുള്ള ഉല്‍പ്പന്നങ്ങളില്‍ നിന്നാണ്. ബാക്കി 35 ശതമാനം വരുമാനം ചെരുപ്പ് നിര്‍മ്മാണവുമായി ബന്ധപ്പെട്ട ഉത്പന്നങ്ങളിലൂടെയാണ്.
ആകെ വരുമാനത്തിലെ 80 ശതമാനം ആഭ്യന്തര വിപണിയില്‍ നിന്നും 20 ശതമാനം വിദേശ വിപണിയിലേക്കുള്ള കയറ്റുമതിയിലൂടെയുമാണ് മയൂര്‍ യൂണികോട്ടേഴ്സ് (BSE:522249, NSE : MAYURUNIQ) നേടുന്നത്. മുഖ്യ പ്രവര്‍ത്തനങ്ങളില്‍ നിന്നും കമ്പനിയിലേക്കുള്ള പണമൊഴുക്കും ശക്തമാണ്.
മോള്‍ഡ്-ടെക് പാക്കേജിങ്
പ്ലാസ്റ്റിക് പാക്കേജിങ് മേഖലയിലെ രാജ്യത്തെ പ്രമുഖ കമ്പനിയാണ് ഹൈദരാബാദ് ആസ്ഥനമായ മോള്‍ഡ്-ടെക് പാക്കേജിങ് ലിമിറ്റഡ്. വായു കടക്കാവത്തവിധമുള്ള പാക്കേജിങ്ങിനു വേണ്ട പ്ലാസ്റ്റിക് ആകാരങ്ങള്‍ നിര്‍മിക്കുന്നതിന് റോബോട്ടിനെ നിയോഗിച്ച ഇന്ത്യയിലെ ഏക കമ്പനി കൂടിയാണിത്. മാത്രവുമല്ല ആഗോളതലത്തില്‍ തന്നെ പാക്കേജിങ് മേഖലയില്‍ ബാക്ക്വാര്‍ഡ് ഇന്റഗ്രേഷന്‍ നടപ്പാക്കിയ ഏക കമ്പനിയുമാണിത്. വിപണി വിഹിതം നോക്കിയാല്‍ ഈ മേഖലയിലെ കുത്തക മേധാവിത്തം മോള്‍ഡ്-ടെക് കമ്പനിക്കാണ്.
എഫ്എംസിജി വിഭാഗത്തിലെ അതികായരായ കമ്പനികളും പെയിന്റ്, ഓയില്‍ വിഭാഗങ്ങളിലെ വന്‍കിട കമ്പനികളുമാണ് മോള്‍ഡ്-ടെക് പാക്കേജിങ്ങിന്റെ (BSE: 533080, NSE : MOLDTKPAC) പ്രധാന ഉപഭോക്താക്കള്‍. ഏഷ്യന്‍ പെയിന്റ്സ്, കന്‍സായ് നെറോലാക്, കാസ്ട്രോള്‍, അമുല്‍, ഹിന്ദുസ്ഥാന്‍ യൂണീലിവര്‍ പോലെയുള്ള വന്‍കിട കമ്പനികളൊക്കെ ഉദാഹരണങ്ങളാണ്.
പുതിയ ഉപഭോക്താക്കളെ കണ്ടെത്താനും ധാരണയിലെത്തുന്നതിനൊപ്പം നിലവിലെ ഉപഭോക്താക്കളില്‍ നിന്നും തുടര്‍ കരാറുകള്‍ നേടാന്‍ സാധിക്കുന്നതും ശ്രദ്ധേയമാണ്. അടുത്തിടെ ബെര്‍ജര്‍ പെയിന്റ്‌സിന്റേയും മുന്‍നിര ഭക്ഷ്യ എണ്ണ, എഫ്എംസിജി കമ്പനികളുടെയും കരാറുകളും കരസ്ഥമാക്കാന്‍ സാധിച്ചിട്ടുണ്ട്. അടുത്തിടെ ഫാര്‍മ മേഖലയിലെ പാക്കേജിങ്ങിലേക്കും കടന്നിട്ടുണ്ട്.
പ്രാജ് ഇന്‍ഡസ്ട്രീസ്
ബ്രൂവറീസ്, ജലം ശുദ്ധീകരിക്കുന്നതിനുള്ള സംവിധാനം, ക്രിട്ടിക്കല്‍ പ്രോസസ് ഉപകരണങ്ങള്‍, ബയോ എനര്‍ജി, മലിനജല സംസ്‌കരണം തുടങ്ങിയ മേഖലകളില്‍ ആഗോള തലത്തില്‍ പ്രവര്‍ത്തിക്കുന്ന പ്രമുഖ ബയോ ടെക്‌നോളജി കമ്പനിയാണ് പ്രാജ് ഇന്‍ഡസ്ട്രീസ്. പൂനെയാണ് ആസ്ഥാനം. 100-ലധികം രാജ്യങ്ങളില്‍ കമ്പനിക്ക് സാന്നിധ്യമുണ്ട്.
അദാനി സോളാര്‍, ഇന്ത്യന്‍ ഓയില്‍, ഹെനെകീന്‍, ദീപക് ഫെര്‍ട്ടിലൈസര്‍, സാബ് മില്ലര്‍, യുബി ഗ്രൂപ്പ്, ബയോകോണ്‍, പി & ജി, റാന്‍ബാക്‌സി, ലുപിന്‍, ബിഎഎസ്എഫ്, ബജാജ് ഹിന്ദുസ്ഥാന്‍ തുടങ്ങിയ വന്‍കിട കമ്പനികളൊക്കെ പ്രാജ് ഇന്‍ഡസ്ട്രീസിന്റെ (BSE: 522205, NSE : PRAJIND) ഉപഭോക്താക്കളാണ്. നിലവില്‍ കമ്പനിക്ക് യാതൊരുവിധ കടബാധ്യതയുമില്ല.
വാര്‍ഡ്‌വിസാര്‍ഡ് ഇന്നോവേഷന്‍സ്
വൈദ്യുത വാഹന മേഖലയില്‍ ബിസിനസ് കേന്ദ്രീകരിച്ചതും ഈ വിഭാഗത്തില്‍ നിന്നും ആദ്യമായി ബിഎസ്ഇയില്‍ ലിസ്റ്റ് ചെയ്യപ്പെട്ട കമ്പനിയുമാണ് വാര്‍ഡ്‌വിസാര്‍ഡ് ഇന്നോവേഷന്‍സ് & മൊബിലിറ്റി്. 1982-ല്‍ മന്‍വിജയ് ഡെവലപ്‌മെന്റ് കമ്പനി എന്ന പേരിലായിരുന്നു തുടക്കം. ഇറക്കുമതി ചെയ്യുന്ന തുകല്‍ ഉത്പന്നങ്ങളുടേയും ചണം, പരുത്തി, കമ്പിളി തുടങ്ങിയവയുടെ വിതരണത്തിലുമാണ് ആദ്യം ശ്രദ്ധയൂന്നീയിരുന്നത്. പിന്നീട് റിയല്‍ എസ്റ്റേറ്റ് മേഖലയിലേക്കും തുടര്‍ന്ന് വൈദ്യുത ഇരുചക്ര വാഹനങ്ങളുടെ നിര്‍മാണ രംഗത്തേക്കും ഇലക്ട്രോണിക്‌സ് ഉപകരണ മേഖലയിലേക്കും പ്രവേശിച്ചു.
മേക്ക് ഇന്‍ ഇന്ത്യ പദ്ധതിയുടെ കീഴില്‍ ഗുജറാത്തിലെ വഡോദരയില്‍ വാര്‍ഡ്‌വിസാര്‍ഡ് ഇന്നോവേഷന്റെ ആദ്യ വൈദ്യുത വാഹന നിര്‍മാണശാല ആരംഭിച്ചു. 500 കോടിയാണ് മുതല്‍മുടക്ക്. ഇലക്ട്രോണിക്‌സ് ഉപകരണങ്ങളും ഇവിടെ നിര്‍മിക്കാന്‍ പദ്ധതിയിടുന്നു. ഇതിനോടൊപ്പം വൈദ്യുത വാഹന മേഖലയിലെ ഗവേഷണ കേന്ദ്രവും സജ്ജമാക്കും. ഈ പദ്ധതിക്ക് കേന്ദ്ര, സംസ്ഥാന സര്‍ക്കാരുകളുടെ സബ്‌സിഡി ഇതിനകം ഉറപ്പാക്കിയിട്ടുണ്ട്.
‘ജോയ് ഇ-ബൈക്ക്’ എന്ന ബ്രാന്‍ഡിന് കീഴിലാണ് വാര്‍ഡ്‌വിസാര്‍ഡ് ഇന്നോവേഷന്റെ (BSE : 538970) വൈദ്യുത വാഹനങ്ങള്‍ പുറത്തിറങ്ങുന്നത്. നിലവില്‍ 4 തരം ബൈക്കുകളാണ് പുറത്തിറക്കുന്നത്. 2025-ഓടെ വൈദ്യുത കാറുകളും മുചക്ര വാഹനങ്ങളും അവതരിപ്പിക്കാനും കമ്പനി ലക്ഷ്യമിടുന്നു.
ചുരുക്കത്തില്‍…
താരതമ്യേന ചെറിയ കമ്പനികളായിരിക്കുമെങ്കിലും ശക്തമായ വളര്‍ച്ചാ സാധ്യതയുള്ള ഗണത്തില്‍ പരിഗണിക്കാറുണ്ട്. എന്നാല്‍ വലിയൊരു കാലയളവില്‍ കമ്പനിയുടെ വിജയ സാധ്യത സംബന്ധിച്ച അനിശ്ചിതത്വമാണ് വെല്ലുവിളി. ഇതുകൊണ്ട് സ്മോള്‍ കാപ് കമ്പനികളുടെ ഓഹരികളില്‍ ചാഞ്ചാട്ടം കൂടുതലായി പ്രകടമാകാറുണ്ട്. അതുപോലെ സാമ്പത്തിക മാന്ദ്യത്തിന്റെ വേളയില്‍ സ്മോള്‍ കാപ് ഓഹരികള്‍ ഏറെ പിന്നോക്കം വലിയാറുണ്ടെങ്കിലും സമ്പദ്ഘടന മികച്ച പ്രകടനം പുറത്തെടുക്കുന്ന സന്ദര്‍ഭങ്ങളില്‍ മറ്റുള്ളവരെ കവച്ചുവയ്ക്കുന്ന മുന്നേറ്റം പുറത്തെടുക്കും എന്നതും സവിശേഷതയാണ്.
അറിയിപ്പ്
മുകളില്‍ കൊടുത്തിരിക്കുന്ന ലേഖനം പഠനാവശ്യത്തിനു നല്‍കുന്നതാണ്. ഇതുമായി ബന്ധപ്പെട്ട് നിക്ഷേപ തീരുമാനങ്ങള്‍ സ്വീകരിക്കും മുന്‍പ് സാമ്പത്തിക വിദഗ്ധന്റെ നിര്‍ദേശം തേടാം. ഓഹരി വിപണിയിലെ നിക്ഷേപം നഷ്ട സാധ്യതകള്‍ക്ക് വിധേയമാണ്. സ്വന്തം റിസ്‌കില്‍ മാത്രം നിക്ഷേപ തീരുമാനം കൈക്കൊള്ളുക. ലേഖനം വായിച്ചിട്ട് എടുക്കുന്ന തീരുമാനത്തിന്റെ അടിസ്ഥാനത്തില്‍ സംഭവിക്കുന്ന ലാഭനഷ്ടങ്ങള്‍ക്ക് ഗ്രേനിയം ഇന്‍ഫര്‍മേഷന്‍ ടെക്നോളജീസും ലേഖകനും ഉത്തരവാദികളല്ല.