അവസാന അവസരം
ഞായറാഴ്ച പാകിസ്താനെതിരേ സൂപ്പര്‍ 12ലെ ആദ്യ പോരാട്ടത്തിനിറങ്ങുന്ന ഇന്ത്യക്കു ടീം കോമ്പിനേഷന്‍ തീരുമാനിക്കാനുള്ള അവസാന അവസരമായിരുന്നു ഇന്നത്തെ സന്നാഹം. പക്ഷെ അതു മഴയില്‍ ഒലിച്ചുപോയതോടെ പാകിസ്താനെതിരേ ആരൊക്കെ ഇറക്കുമെന്ന ആശയക്കുഴപ്പത്തിലാണ് കോച്ച് രാഹുല്‍ ദ്രാവിഡും രോഹിത്തും. ടീമില്‍ ചിലരുടെ കാര്യത്തില്‍ മാത്രമാണ് ഇന്ത്യക്കു സംശയമുള്ളത്. അതിനു ഉത്തരം കണ്ടെത്താനുള്ള അവസരമായിരുന്നു ന്യൂസിലാന്‍ഡുമായുള്ള സന്നാഹം.
ഹര്‍ഷലോ, ഷമിയോ?
ബാറ്റിങ് ലൈനപ്പിന്റെ കാര്യത്തില്‍ ഇന്ത്യക്കു കണ്‍ഫ്യൂഷനൊന്നുമില്ല. പക്ഷെ ബൗളിങ് ലൈനപ്പ് ഇപ്പോഴും സെറ്റായിട്ടില്ല. പേസ് ബൗളിങില്‍ ഹര്‍ഷല്‍ പട്ടേല്‍, മുഹമ്മദ് ഷമി എന്നിവരില്‍ ആരെയാണ് പാകിസ്താനെതിരേ കളിപ്പിക്കേണ്ടത് എന്നതാണ് പ്രധാന തലവേദന.
ഹര്‍ഷല്‍ ഡെത്ത് ഓവറുകളില്‍ പതറുന്നതാണ് മുന്‍ മല്‍സരങ്ങൡലെല്ലാം കണ്ടത്. പരിക്കു ഭേദമായി മടങ്ങിയെത്തിയ ശേഷം അദ്ദേഹത്തിനു പഴയ ലൈനോ, ലെങ്‌തോ വീണ്ടെടുക്കാനായിട്ടില്ല. ഷമിയുടെ കാര്യമെടുത്താല്‍ കൊവിഡ് ഭേദമായി തിരിച്ചെത്തിയ അദ്ദേഹം ഓസ്‌ട്രേലിയക്കെതിരായ കഴിഞ്ഞ സന്നാഹത്തില്‍ ഒരോവര്‍ മാത്രമേ ബൗള്‍ ചെയ്തുള്ളൂ. ഈ ഓവറില്‍ മൂന്നു വിക്കറ്റുകളെടുക്കുകയും ചെയ്തു. 20ാം ഓവറില്‍ 11 റണ്‍സാണ് ഷമിക്കു പ്രതിരോധിക്കേണ്ടിയിരുന്നത്. നാലു റണ്‍സ് മാത്രം വിട്ടുകൊടുത്ത് മൂന്നു പേരെ പുറത്താക്കിയ അദ്ദേഹം ഇന്ത്യക്കു ആറു റണ്‍സിന്റെ ത്രില്ലിങ് ജയവും സമ്മാനിച്ചു.
ഭുവിയും അര്‍ഷ്ദീപ് ഉറപ്പിച്ചു
ന്യൂസിലാന്‍ഡുമായുള്ള സന്നാഹത്തില്‍ മുഹമ്മദ് ഷമിക്കു നാലോവര്‍ ക്വാട്ട നല്‍കി ഫോമും ഫിറ്റ്‌നസും വിലയിരുത്താനും ഹര്‍ഷല്‍ പട്ടേലിനു ഒരവസരം കൂടി നല്‍കാനുമായിരുന്നു ഇന്ത്യയുടെ പ്ലാന്‍. പക്ഷെ മല്‍സരം മഴയെടുത്തതോടെ ഈ പ്ലാന്‍ ഫ്‌ളോപ്പായി മാറി. ഇനി പാകിസ്താനുമായുള്ള സൂപ്പര്‍ പോരാട്ടത്തില്‍ രണ്ടു പേരില്‍ ആരെയിറക്കുമെന്നതാണ് ഇന്ത്യയെ കുഴപ്പിക്കുന്ന ചോദ്യം.
ഭുവനേശ്വര്‍ കുമാറും അര്‍ഷ്ദീപ് സിങും ഇന്ത്യന്‍ ഇലവനിലുണ്ടാവുമെന്നുറപ്പാണ്. മൂന്നാം പേസറുടെ കാര്യത്തില്‍ മാത്രമാണ് സംശയമുണ്ടായിരുന്നത്. ഷമി, ഹര്‍ഷല്‍ ഇവരില്‍ ആരു കളിച്ചാലും അയാള്‍ക്കു ഡെത്ത് ഓവറുകളില്‍ അര്‍ഷ്ദീപിനു മികച്ച പിന്തുണ നല്‍കേണ്ടിവരും.
ഹര്‍ഷല്‍ പതറുന്നു
പരിക്കില്‍ നിന്നും മുക്തനായി കഴിഞ്ഞ ഏഷ്യാ കപ്പിലൂടെയാണ് ഹര്‍ഷല്‍ പട്ടേല്‍ ഇന്ത്യന്‍ ടീമില്‍ തിരിച്ചെത്തിയത്. അതിനു ശേഷം അവസാന ഓവറുകളില്‍ ലക്കും ലഗാനുമില്ലാതെയാണ് താരം ബൗള്‍ ചെയ്തുകൊണ്ടിരിക്കുന്നത്. എന്നാല്‍ ഇന്ത്യ അവസാനമായി കളിച്ച രണ്ടു സന്നാഹങ്ങളില്‍ ഹര്‍ഷല്‍ മോശമല്ലാത്ത പ്രകടനം നടത്തിയിരുന്നു.
വെസ്റ്റേണ്‍ ഓസ്‌ട്രേലിയക്കെതിരേ 27 റണ്‍സിനു രണ്ടു വിക്കറ്റ് പേസര്‍ വീഴ്ത്തി. കൂടാതെ ഓസീസുമായുള്ള സന്നാഹത്തില്‍ മൂന്നോവറില്‍ 30 റണ്‍സിനു ഒരു വിക്കറ്റുമെടുത്തു. ഇതില്‍ 19ാം ഓവറില്‍ ഒരു റണ്‍സ് മാത്രമേ ഹര്‍ഷല്‍ വഴങ്ങിയുള്ളൂവെന്നതാണ് ഹൈലൈറ്റ്.
പാകിസ്താനെതിരേ ഇന്ത്യന്‍ സാധ്യതാ 11
രോഹിത് ശര്‍മ (ക്യാപ്റ്റന്‍), കെഎല്‍ രാഹുല്‍, വിരാട് കോലി, സൂര്യകുമാര്‍ യാദവ്, ഹാര്‍ദിക് പാണ്ഡ്യ, ദിനേശ് കാര്‍ത്തിക് (വിക്കറ്റ് കീപ്പര്‍), അക്ഷര്‍ പട്ടേല്‍, ആര്‍ അശ്വിന്‍/ യുസ്വേന്ദ്ര ചാഹല്‍, ഭുവനേശ്വര്‍ കുമാര്‍, മുഹമ്മദ് ഷമി/ ഹര്‍ഷല്‍ പട്ടേല്‍, അര്‍ഷ്ദീപ് സിങ്.