സുമിത്രയ്ക്കും കുടുംബത്തിനും സംഭവിക്കുന്ന പ്രശ്നങ്ങളെല്ലാം പരമ്പരയെ ഓരോ നിമിഷവും ഉദ്യേഗജനകമാക്കിത്തീര്‍ക്കുന്നുണ്ട്. ഭര്‍ത്താവായിരുന്ന ആളിന്റെ പുതിയ ഭാര്യയായ വേദികയില്‍ നിന്നും നേരിട്ട പല പ്രശ്‌നങ്ങളും സുമിത്രയെ തകര്‍ക്കാന്‍ ഉതകുന്നതായിരുന്നെങ്കിലും അവര്‍ അതിനെയെല്ലാം തന്ത്രപരമായി നേരിടുകയായിരുന്നു.
കുടുംബവിളക്കിൽ സുമിത്രയുടെ മകളായും മരുമകളായും അഭിനയിച്ച് ശ്രദ്ധനേടിയ രണ്ട് താരങ്ങളാണ് ആതിര മാധവും അമൃത നായരും.
ഇരുവരും അടുത്ത സുഹൃത്തുക്കൾ കൂടിയാണ്. പുതിയൊരു പ്രോജക്ടിന്റെ ഭാഗമാകാൻ അവസരം ലഭിച്ചപ്പോൾ അമൃത നായരും ഗർഭിണിയായതോടെ ആതിര മാധവും സീരിയലിൽ നിന്നും പിന്മാറി.
സീരിയലിൽ നിന്നും പിന്മാറിയെങ്കിലും ഇരുവരുടേയും സൗഹൃദം ഇപ്പോഴും ശക്തമായി മുന്നോട്ട് പോകുന്നുണ്ട്. ആതിര മാധവ് ഇപ്പോൾ ഭർത്താവിനും കുഞ്ഞിനുമൊപ്പം ബാംഗ്ലൂരിലാണ് താമസം. പുതിയ സീരിയൽ ഷൂട്ടിങ്ങും മറ്റുമായി അമൃതയും തിരക്കിലാണ്.
Also Read: ‘മോഹൻലാലിന്റെ ആ സിനിമ ചെയ്യരുതെന്ന് തുടക്കത്തിലേ പറഞ്ഞിരുന്നു; പരാജയം വലിയ വീഴ്ചയായി’
ബാംഗ്ലൂരിലേക്ക് പോകും മുമ്പ് ആതിര കുഞ്ഞിനും ഭർത്താവിനുമൊപ്പം അമൃതയുടെ വീട്ടിൽ എത്തിയിരുന്നു. അതിന്റെ വീഡിയോ ആതിര തന്റെ യുട്യൂബ് ചാനൽ വഴി പങ്കുവെച്ചപ്പോൾ വലിയ രീതിയിൽ വൈറലാവുകയും ചെയ്തിരുന്നു. എന്നാൽ ആ വീഡിയോ പുറത്ത് വന്ന ശേഷം അമൃതയ്ക്ക് നേരെ വലിയ രീതിയിലുള്ള ഹേറ്റ് കമന്റുകളാണ് ആളുകൾ പോസ്റ്റ് ചെയ്തത്.
ആതിര വീട്ടിലേക്ക് വന്നതിൽ അമൃതയ്ക്ക് വലിയ സന്തോഷമുള്ളതായി തോന്നിയില്ലെന്നതടക്കമുള്ള കമന്റുകളാണ് വീഡിയോയ്ക്ക് വന്നത്. കുഞ്ഞിനേയും കൈയ്യിൽ വെച്ച് ആതിര വളരെ വിഷമിച്ചാണ് ഭക്ഷണം കഴിച്ചതെന്ന് വീഡിയോയിൽ നിന്നും വ്യക്തമായിരുന്നുവെന്നും ആരാധകർ കുറിച്ചു.
അത് കണ്ടിട്ട് പോലും അമൃതക്കോ അമ്മക്കോ ആതിരയെ സഹായിക്കാൻ തോന്നിയില്ലെന്നും കുഞ്ഞിനെയൊന്ന് എടുക്കാനുള്ള മര്യാദപോലും ഇല്ലാത്ത ജാതികളാണ് അമൃതയും അമ്മയുമെന്ന തരത്തിലും കമന്റുകൾ വന്നിരുന്നു. ഹേറ്റ് കമന്റുകൾ നിരവധിയായതോടെ സത്യാവസ്ഥ എന്താണെന്ന് വ്യക്തമാക്കി രംഗത്തെത്തിയിരിക്കുകയാണ് അമൃത നായരും ആതിര മാധവും.
‘എന്ത് അമ്മായി കുഞ്ഞിനെ ഒന്ന് എടുക്കാത്തവൾ, അമ്മുവിന് പേടിയാണോ കുഞ്ഞിനെ എടുക്കാൻ, അവർ ഭക്ഷണം കഴിച്ചപ്പോഴെങ്കിലും അമൃതയ്ക്ക് ആ കുഞ്ഞിനെ എടുക്കാമായിരുന്നു മോശമായിപ്പോയി, ആ കുഞ്ഞിനെയൊന്ന് എടുത്തുകൂടെ എന്തൊരു ജാതികൾ’ തുടങ്ങിയ കമന്റുകളാണ് വന്നത്.
‘ഞങ്ങൾ ഇപ്പോൾ തമാശയ്ക്കാണ് കമന്റ് വായിച്ചതെങ്കിലും ഇത് ആദ്യം കണ്ടപ്പോൾ ഞങ്ങൾ ഒരുപാട് വിഷമിച്ചു. പെട്ടന്ന് മറ്റൊരാളുടെ കൈയ്യിൽ ഈ കുഞ്ഞ് പോകില്ല. മാത്രമല്ല അമൃതയെ കാണാൻ ഞാൻ പോയപ്പോഴെല്ലാം അവൾക്ക് അസുഖമായിരുന്നു. മാത്രമല്ല ഞങ്ങൾ ഭക്ഷണം കഴിച്ചപ്പോൾ അമൃത കുഞ്ഞിനെ എടുത്തിരുന്നു. വീഡിയോയിൽ ഉൾപ്പെടുത്താതിരുന്നതാണ്.’
‘ഞങ്ങൾ ഇതുവരേയും പിരിഞ്ഞിട്ടില്ല. ഞങ്ങൾ നല്ല സുഹൃത്തുക്കളാണ്. സത്യം എന്താണെന്ന് അറിയാതെയാണ് പലരും കമന്റിട്ടിരിക്കുന്നത്. അമൃതയുടെ അമ്മയ്ക്കാണ് ഈ കമന്റുകളെല്ലാം വായിച്ച് ഏറ്റവും കൂടുതൽ വിഷമമായത്. നിങ്ങൾ ഇനി മുതൽ കാര്യമറിയാതെ കുറ്റപ്പെടുത്തരുത്’ ആതിരയും അമൃതയും പറഞ്ഞു.