അശ്വിനും ഹര്‍ഷലുമില്ല
സ്റ്റാര്‍ സ്‌പോര്‍ട്‌സിന്റെ ഷോയില്‍ സംസാരിക്കവെയാണ് പാകിസ്താനുമായുള്ള മല്‍സരത്തിലെ ഇന്ത്യന്‍ ഇലവനെ ഹര്‍ഭജന്‍ സിങ് തിരഞ്ഞെടുത്തത്. സ്റ്റാര്‍ ഓഫ് സ്പിന്നര്‍ ആര്‍ അശ്വിനെയും ഡെത്ത് ഓവര്‍ സ്‌പെഷ്യലിസ്റ്റായി ചൂണ്ടിക്കാണിക്കപ്പെടുന്ന ഹര്‍ഷല്‍ പട്ടേലിനെയും ഹര്‍ഭജന്‍ തന്റെ ഇലവനില്‍ ഉള്‍പ്പെടുത്തിയിട്ടില്ല.
ഇലവനെക്കുറിച്ച് ഭാജി
എന്റെ ടീം വളരെ നേര്‍വഴിയെ ഉള്ളതാണ്. രോഹിത് ശര്‍മ, കെഎല്‍ രാഹുല്‍, വിരാട് കോലി, സൂര്യകുമാര്‍ യാദവ്, ഹാര്‍ദിക് പാണ്ഡ്യ, ദിനേശ് കാര്‍ത്തിക്, അക്ഷര്‍ പട്ടേല്‍ തുടങ്ങിയവര്‍ ടീമില്‍ ഉറപ്പായും വേണം. ഇവര്‍ക്കൊപ്പം യുസി (യുസ്വേന്ദ്ര) ചഹലും കളിക്കണം. അതിനു ശേഷം ടീമില്‍ വേണ്ടത് അര്‍ഷ്ദീപ് സിങ്, ഭുവനേശ്വര്‍ കുമാര്‍, മുഹമ്മദ് ഷമി തുടങ്ങിയവരാണെന്നും ഭാജി വ്യക്തമാക്കി.
എന്റെ ചോയ്സ്
ഇതു എന്റെ ചോയ്‌സാണ്. ഹര്‍ഷല്‍ പട്ടേലിനു പാകിസ്താനെതിരേ അവസരം ലഭിക്കാനിടയില്ല. കൂടാതെ ആര്‍ അശ്വിന്‍, ദീപക് ഹൂഡ തുടങ്ങിയവരും ഇന്ത്യന്‍ ഇലവനിലുണ്ടാവില്ല. ഞാന്‍ തിരഞ്ഞെടുക്കുന്ന ഇലവന്‍ ഇതായിരിക്കുമെന്നും ഹര്‍ഭജന്‍ സിങ് പറഞ്ഞു.
ഭാജി പരാമര്‍ശിച്ചതു പോലെ രോഹിത് ശര്‍മ, കെഎല്‍ രാഹുല്‍, വിരാട് കോലി, സൂര്യകുമാര്‍ യാദവ്, ഹാര്‍ദിക് പാണ്ഡ്യ തുടങ്ങിയവരുടെ സ്ഥാനമുറപ്പാണ്. റിഷഭ് പന്ത് മല്‍സരരംഗത്തുണ്ടെങ്കിലും കാര്‍ത്തിക്കിനു മുന്‍തൂക്കം ലഭിക്കാനാണ് സാധ്യത. അക്ഷര്‍ പട്ടേല്‍, ആര്‍ അശ്വിന്‍ ഇവരിലൊരാള്‍ മാത്രമേ കളിക്കാനിടയുള്ളൂ.
ഭുവിക്ക് ചുമതല
സ്റ്റാര്‍ പേസര്‍ ജസ്പ്രീത് ബുംറയുടെ അഭാവത്തില്‍ ഭുവനേശ്വര്‍ കുമാറിയിരിക്കും ഇന്ത്യയുടെ പേസാക്രമണത്തിനു ചുക്കാന്‍ പിടിക്കുക. കൂട്ടിനു മറ്റൊരു പരിചയസമ്പന്നനായ മുഹമ്മദ് ഷമിയാവും ഉണ്ടാവുകയെന്നാണ് സൂചന. കഴിഞ്ഞ വര്‍ഷത്തെ ടി20 ലോകകപ്പിനു ശേഷം ഇന്ത്യക്കായി ഒരു ടി20 പോലും ഷമി കളിച്ചിട്ടില്ലെന്നതു ശ്രദ്ധേയമാണ്. ഭുവി, ഷമി എന്നിവര്‍ കഴിഞ്ഞാല്‍ ഇലവനിലെ മൂന്നാമത്തെ പേസര്‍ യുവ ഇടംകൈയന്‍ ഫാസ്റ്റ് ബൗളര്‍ അര്‍ഷ്ദീപ് സിങായിരിക്കും. ഡെത്ത് ഓവറുകളിലെ മികവാണ് ഹര്‍ഷല്‍ പട്ടേലിനു മേല്‍ അര്‍ഷ്ദീപിനു മുന്‍തൂക്കം നല്‍കുന്നത്. മാത്രമല്ല പരിക്കു ഭേദമായി ഏഷ്യാ കപ്പിനു ശേഷം ടീമിലേക്കു തിരിച്ചുവന്ന ഹര്‍ഷല്‍ കളിച്ച മല്‍സരങ്ങളിലെല്ലാം റണ്‍സ് വാരിക്കോരി നല്‍കിയിരുന്നു.
പാകിസ്താനെതിരേ ഹര്‍ഭജന്റെ ഇന്ത്യന്‍ 11
രോഹിത് ശര്‍മ (ക്യാപറ്റന്‍), കെഎല്‍ രാഹുല്‍, വിരാട് കോലി, സൂര്യകുമാര്‍ യാദവ്, ഹാര്‍ദിക് പാണ്ഡ്യ, ദിനേശ് കാര്‍ത്തിക് (വിക്കറ്റ് കീപ്പര്‍), അക്ഷര്‍ പട്ടേല്‍, യുസ്വേന്ദ്ര ചഹല്‍, ഭുവനേശ്വര്‍ കുമാര്‍, മുഹമ്മദ് ഷമി, അര്‍ഷ്ദീപ് സിങ്.