ചിട്ടി കൂടാതെ വിവിധ നിക്ഷേപ പദ്ധതികളും കെഎസ്എഫ്ഇ അവതരിപ്പിക്കുന്നുണ്ട്. ബാങ്കിലേതിന് സമാനമായി സേവിംഗ്‌സ് അക്കൗണ്ടുകളും സ്ഥിര നിക്ഷേപങ്ങളും കെഎസ്എഫ്ഇയിൽ ലഭിക്കും. 52 വര്‍ഷ കാലമായി പ്രവര്‍ത്തിക്കുന്ന കെഎസ്എഫ്ഇ നിക്ഷേപങ്ങള്‍ക്ക് കേരള സർക്കാർ ഗ്യാരണ്ടിയുള്ളവയാണ്. ഇതിനൊപ്പം ബാങ്കിനേക്കാൾ പലിശയും ഇവ ഉറപ്പു വരുത്തുന്നു. ചിട്ടിയിൽ ചേരാവത്തവർക്ക് പോലും ഉപയോഗിക്കാവുന്ന വിവിധ പദ്ധതികൾ പരിശോധിക്കാം.
കെഎസ്എഫ്ഇ സുഗമ നിക്ഷേപ പദ്ധതി
ബാങ്കുകളിലെ സേവിംഗ്‌സ് അക്കൗണ്ടിന് സമാനമായി ഉപയോഗിക്കാവുന്ന അക്കൗണ്ടാണ് സുഗമ നിക്ഷേപ പദ്ധതി. ഷെഡ്യൂള്‍ഡ് ബാങ്കുകളിലേതിനേക്കാൾ ഉയര്‍ന്ന പലിശ നിരക്ക് ലഭിക്കും. ബാങ്കുകളിൽ സേവിംഗ്‌സ് അക്കൗണ്ടിൽ 3.50 ശതമാനം പലിശ ലഭിക്കുമ്പോൾ 5.50 ശതമാനം പലിശ സുഗമ അക്കൗണ്ട് വഴി നേടാം.
എല്ലാ മാസവും 6ാം തിയതി മുതല്‍ അവസാന ദിവസം വരെ അക്കൗണ്ടിലുള്ള മിനിമം ബാലന്‍സിന് മുകളിലാണ് പലിശ നൽകുക. ചിട്ടി മാസ തവണകൾ അടയ്ക്കുന്നതിനും സ്ഥിര നിക്ഷേപത്തിലെ പലിശ മാറ്റുന്നതിനും മറ്റു ദൈന്യംദിന പ്രവർത്തനങ്ങൾക്കും സുഗമ അക്കൗണ്ട് ഉപയോഗിക്കാം.
സ്ഥിര നിക്ഷേപങ്ങള്‍
ഉയർന്ന പലിശ നിരക്കിൽ സ്ഥിര നിക്ഷേപം നടത്താൻ കെഎസ്എഫ്ഇയിലൂടെ സാധിക്കും. ബാങ്കിന് സമാനമായ സ്ഥിര നിക്ഷേപമാണ് കെഎസ്എഫ്ഇയിലും ലഭിക്കുന്നത്. ഇതിന് ചിട്ടിയിൽ ചേരണമെന്ന ആവശ്യമില്ല. 6.50 ശതമാനം പലിശയാണ് സ്ഥിര നിക്ഷേപങ്ങൾക്ക് പൊതുവായി ലഭിക്കുന്നത്. മുതിർന്ന പൗരന്മാർക്ക് 7.00 ശതമാനം പലിശയാണ് സ്ഥിര നിക്ഷേപത്തിന് ലഭിക്കുന്നത്.
ഹ്രസ്വകാല നിക്ഷേപങ്ങൾ
30 ദിവസം മുതൽ 364 ദിവസം വരെയുള്ള ഹ്രസ്വകാല നിക്ഷേപങ്ങളും കെഎസ്എഫഇ നടത്തുന്നുണ്ട്. വ്യക്തികള്‍ക്കും സ്ഥാപനങ്ങള്‍ക്കും ഇവ ഉപയോഗപ്പെടുത്താം. 5,000 രൂപ മുതൽ നിക്ഷേപം ആരംഭിക്കാം. 500 രൂപയുടെ ഗുണിതങ്ങളായി നിക്ഷേപം എത്ര വേണമെങ്കിലും ഉയർത്താനും സാധിക്കും.
30 ദിവസം മുതല്‍ 60 ദിവസം വരെ 3.25 ശതമാനവും 61 ദിവസം മുതല്‍ 90 ദിവസംവരെ 4.25 ശതമാനവും പലിശ ലഭിക്കും. 91 ദിവസം മുതൽ 180 ദിവസം വരെ 4.75 ശതമാനവും 181 ദിവസം മുതൽ 364 ദിവസം വരെ 5.50 ശതമാനം പലിശയും ലഭിക്കും. കെഎസ്എഫ്ഇ ചിട്ടിയുടെയും മറ്റ് വായ്പ പദ്ധതികളിലും ഈ നിക്ഷേപങ്ങൾ ജാമ്യമായി സ്വീകരിക്കും.
ചിട്ടി സെക്യൂരിറ്റി ഡെപ്പോസിറ്റ് ഇൻ ട്രസ്റ്റ്
ഇത് ചിട്ടിയിൽ ചേർന്നവർക്ക് മാത്രമായുള്ള നിക്ഷേപ പദ്ധതിയാണ്, ചിട്ടി നറുക്കിലൂടെയോ ലേലത്തിലൂടെയോ സ്വന്തമാക്കിയൊരാൾ ചിട്ടി തുക സ്ഥിര നിക്ഷേപമിടുമ്പോഴാണ് ഈ അക്കൗണ്ട് ഉപയോഗിക്കുന്നത്. ചിട്ടിയുടെ ഭാവി ബാധ്യതയ്ക്ക് കണക്കായ തുക ചിട്ടി സെക്യൂരിറ്റി ഡെപ്പോസിറ്റ് ഇൻട്രസ്റ്റ് സ്കീമിലേക്ക് മാറ്റും. ഇതിന് 7.50 ശതമാനം പലിശ ലഭിക്കും.
ചുരുങ്ങിയത് 30 ദിവസത്തേക്കും പരമാവധി ചിട്ടി കാലാവധി വരെയും ഈ അക്കൗണ്ടിലേക്ക് നിക്ഷേപിക്കാം. ചിട്ടി സ്ഥിര നിക്ഷേപമിടുമ്പോൾ അത്രയും നാൾ ചിട്ടിയിലേക്ക് അടച്ച തുക പ്രത്യേകമായാണ് കണക്കാക്കുക. അത്രയും നാൾ അടച്ച തുക സാധാരണ രീതിയിൽ സ്ഥിര നിക്ഷേപമിടും. ഇതിന് 7 ശതമാനം പലിശ ലഭിക്കും.