അത്രയധികം അറിയപ്പെടാത്തതും എന്നാല്‍ വമ്പന്‍ നേട്ടം സമ്മാനിക്കാന്‍ ശേഷിയുള്ളതുമായ സ്മോള്‍ കാപ് ഓഹരികളെ ‘തപ്പിയെടുക്കുന്നതില്‍’ അഗ്രഗണ്യയാണ് ഡോളി ഖന്ന. ഇവയില്‍ നിന്നും വില താഴ്ന്നു നില്‍ക്കുന്നതും മികച്ച മൂല്യമുള്ളതുമായ കമ്പനികളെ കണ്ടെത്തി നിക്ഷേപിച്ച്, ക്ഷമയോടെ കാത്തിരിക്കുകയെന്ന ശൈലിയാണ് ഡോളിയുടേത്.
മള്‍ട്ടിബാഗര്‍ നേട്ടം കൊയ്യുന്ന ഓഹരികള്‍ കണ്ടെത്തുന്നതിലെ ഡോളിയുടെ വിജയതൃഷ്ണയാണ് സാധാരണക്കാരായ നിക്ഷേപകരെ അവരുടെ പോര്‍ട്ട്ഫോളിയോ പിന്തുടരാന്‍ പ്രേരിപ്പിക്കുന്നത്. ഇതിനിടെ ഡോളി ഖന്നയ്ക്ക് പങ്കാളിത്തമുണ്ടായിരുന്ന ഒരു സ്‌മോള്‍ കാപ് കമ്പനിയുടെ ഓഹരി വിഹിതം സംബന്ധിച്ച ഏറ്റവും പുതിയ റിപ്പോര്‍ട്ട് പുറത്തുവന്നു.
ഗോവ കാര്‍ബണ്‍
കാല്‍സിനേറ്റഡ് പെട്രോളിയം കോക്കിന്റെ നിര്‍മാണവും വിതരണവും നിര്‍വഹിക്കുന്ന സ്‌മോള്‍ കാപ് വിഭാഗത്തിലുള്ള കമ്പനിയാണ് ഗോവ കാര്‍ബണ്‍. പ്രമുഖ സംരംഭകരായ ഡെംപോ ഗ്രൂപ്പിന്റെ ഭാഗമാണ്. കമ്പനിയടെ കാല്‍സിനേഷന്‍ പ്ലാന്റിന് 1 ലക്ഷം ടണ്‍ വാര്‍ഷിക ഉത്പാദന ശേഷിയുണ്ട്. തെക്കേ ഗോവയിലുള്ള ഈ നിര്‍മാണ ശാലയില്‍ പെറ്റ്‌കോക്കിന്റെ തരംതിരിവിനും പാറ്റുന്നതിനുമുള്ള രാജ്യത്തെ ഏറ്റവും വലിയ സംവിധാനമാണ് സജ്ജീകരിച്ചിട്ടുള്ളത്. നിലവില്‍ 382 കോടിയാണ് ഗോവ കാര്‍ബണ്‍ (BSE: 509567, NSE : GOACARBON) കമ്പനിയുടെ വിപണി മൂല്യം.
ഓഹരി വിഹിതം
ഓരോ സാമ്പത്തിക പാദം പൂര്‍ത്തിയാകുമ്പോഴും ഓഹരി വിഹിതം സംബന്ധിച്ച റിപ്പോര്‍ട്ട് പ്രസിദ്ധീകരിക്കാന്‍ സ്റ്റോക്ക് എക്സ്ചേഞ്ചില്‍ ലിസ്റ്റ് ചെയ്യപ്പെട്ട കമ്പനികള്‍ക്ക് നിയമപ്രകാരം ബാധ്യതയുണ്ട്. ഇതുപ്രകാരം ജൂലൈ- സെപ്റ്റംബര്‍ മാസക്കാലയളവിലെ ഓഹരി വിഹിതം സംബന്ധിച്ച് ഗോവ കാര്‍ബണ്‍ പുറത്തുവിട്ട പുതിയ റിപ്പോര്‍ട്ടിലാണ്, കമ്പനിയിലെ പ്രമുഖ നിക്ഷേപകരുടെ പട്ടികയില്‍ നിന്നും ഡോളി ഖന്നയുടെ പേര് അപ്രത്യക്ഷമായത്. ജൂണ്‍ പാദത്തിനൊടുവില്‍ പ്രസിദ്ധീകരിച്ച റിപ്പോര്‍ട്ടില്‍ ഗോവ കാര്‍ബണിന്റെ 98,637 ഓഹരികള്‍ (1.08 % വിഹിതം) ഡോളി ഖന്ന കൈവശം വെച്ചിട്ടുണ്ടായിരുന്നു.
ഡോളി ഖന്ന ഒഴിവാക്കി
ഏറ്റവും പുതിയ റിപ്പോര്‍ട്ടില്‍ ഡോളി ഖന്നയുടെ പേര് മുഖ്യ നിക്ഷേപകരുടെ കൂട്ടത്തില്‍ ഇല്ല എന്നതിന്റെ അര്‍ത്ഥം, സെപ്റ്റംബര്‍ പാദത്തിനിടെ ഗോവ കാര്‍ബണില്‍ നിന്നും പൂര്‍ണമായി പുറത്തുകടക്കുകയോ അല്ലെങ്കില്‍ ഓഹരി പങ്കാളിത്തം 1 ശതമാനത്തിനും താഴെയാക്കുകയോ ചെയ്തുവെന്നാണ്. കമ്പനിയുടെ ആകെ ഓഹരിയില്‍ കുറഞ്ഞത് ഒരു ശതമാനം എങ്കിലും കരസ്ഥമാക്കിയവരെയാണ് പ്രധാന നിക്ഷേപകരായി കണക്കാക്കുന്നത്.
വാങ്ങിയ/ വിറ്റ വില സംബന്ധിച്ച വിശദീകരണം നല്‍കേണ്ടതില്ല. അതിനാല്‍ ഓരോ സാമ്പത്തിക പാദാത്തിലും 1 ശതമാനത്തിലധികം ഓഹരി കൈവശം വെച്ചിരിക്കുന്നവരുടെ വിഹിതത്തിലെ വ്യതിയാനം മാത്രമേ അറിയാനാകൂ.
ഓഹരി വിശദാംശം
ഗോവ കാര്‍ബണിന്റെ പ്രതിയോഹരി ബുക്ക് വാല്യൂ 125 രൂപ നിരക്കിലും പിഇ അനുപാതം 7 മടങ്ങിലുമാണുള്ളത്. ഓഹരിയുടെ ഡിവിഡന്റ് യീല്‍ഡ് 2.40 ശതമാനമാണ്. ജൂണില്‍ കമ്പനി നേടിയ വരുമാനം 205 കോടിയും അറ്റാദായം 14 കോടിയുമാണ്. അതേസമയം ഗോവ കാര്‍ബണിന്റെ ആകെ ഓഹരിയില്‍ 60 ശതമാനമാണ് പ്രമോട്ടര്‍ ഗ്രൂപ്പിന്റെ കൈവശമുള്ളത്. എന്നാല്‍ ഇതിന്റെ 93 ശതമാനവും ജൂണ്‍ പാദത്തില്‍ ഈട് വെച്ചിരിക്കുകയാണ്.
ഇതിനിടെ 416 രൂപയിലായിരുന്നു ഗോവ കാര്‍ബണ്‍ ഓഹരിയുടെ ഇന്നത്തെ ക്ലോസിങ്. ഒരു വര്‍ഷ കാലയളവിലെ ഓഹരിയുടെ ഉയര്‍ന്ന വില 615 രൂപയും താഴ്ന്ന വില 303 രൂപയുമാണ്.
അറിയിപ്പ്
മുകളില്‍ കൊടുത്തിരിക്കുന്ന ലേഖനം പഠനാവശ്യത്തിന് നല്‍കുന്നതാണ്. ഇതുമായി ബന്ധപ്പെട്ട് നിക്ഷേപ തീരുമാനങ്ങള്‍ സ്വീകരിക്കും മുന്‍പ് സാമ്പത്തിക വിദഗ്ധന്റെ നിര്‍ദേശം തേടാം. ഓഹരി വിപണിയിലെ നിക്ഷേപം നഷ്ട സാധ്യതകള്‍ക്ക് വിധേയമാണ്. സ്വന്തം റിസ്‌കില്‍ മാത്രം നിക്ഷേപ തീരുമാനം കൈക്കൊള്ളുക. ലേഖനം വായിച്ചിട്ട് എടുക്കുന്ന തീരുമാനത്തിന്റെ അടിസ്ഥാനത്തില്‍ സംഭവിക്കുന്ന ലാഭനഷ്ടങ്ങള്‍ക്ക് ഗ്രേനിയം ഇന്‍ഫര്‍മേഷന്‍ ടെക്‌നോളജീസും ലേഖകനും ഉത്തരവാദികളല്ല.