ഗൗതം ഗംഭീര്‍
ക്യാപ്റ്റനെന്ന നിലയില്‍ ഗംഭീര റെക്കോഡ് അവകാശപ്പെടാന്‍ സാധിക്കുന്ന താരമാണ് ഗൗതം ഗംഭീര്‍. ഇന്ത്യന്‍ ടീമിന്റെ നായകനെന്ന നിലയല്‍ വലിയ അവസരങ്ങള്‍ ലഭിച്ചില്ലെങ്കിലും ഐപിഎല്ലില്‍ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിന്റെ ക്യാപ്റ്റനാവുകയും രണ്ട് തവണ ടീമിനെ കിരീടം ചൂടിപ്പിക്കുകയും ചെയ്യാന്‍ ഗംഭീറിന് സാധിച്ചിരുന്നു. എംഎസ് ധോണിയുടെ ക്യാപ്റ്റന്‍സി മികവിന് മുന്നില്‍ ഒതുങ്ങിപ്പോയവരിലൊരാളാണ് ഗംഭീര്‍. ഇന്ത്യയെ ആറ് ഏകദിനത്തില്‍ നയിക്കാനാണ് ഗംഭീറിന് അവസരം ലഭിച്ചത്. ന്യൂസീലന്‍ഡിനെ 5-0ന് തോല്‍പ്പിക്കാനും വെസ്റ്റ് ഇന്‍ഡീസിനെ ഒരു മത്സരത്തില്‍ തോല്‍പ്പിക്കാനും ഗംഭീറിന്റെ ക്യാപ്റ്റന്‍സിക്ക് കീഴില്‍ ഇന്ത്യക്ക് സാധിച്ചു. ഇന്ത്യയുടെ നായകനായി തോല്‍ക്കാത്ത ക്യാപ്റ്റനാണ് ഗംഭീര്‍.
രവി ശാസ്ത്രി
ഇന്ത്യയുടെ മുന്‍ താരവും പരിശീലകനും ഇപ്പോള്‍ കമന്റേറ്ററെന്ന നിലയില്‍ തിളങ്ങുകയും ചെയ്യുന്ന രവി ശാസ്ത്രിയും ഇന്ത്യയെ നയിച്ച് തോല്‍വി അറിയാത്ത നായകനാണ്. ഇന്ത്യയുടെ സൂപ്പര്‍ ഓള്‍റൗണ്ടര്‍മാരിലൊരാളായ ശാസ്ത്രി ഒരു ടെസ്റ്റിലാണ് ഇന്ത്യയെ നയിച്ചത്. വെസ്റ്റ് ഇന്‍ഡീസിനെതിരേ എംഎ ചിദംബര സ്റ്റേഡിയത്തിലായിരുന്നു ഈ മത്സരം നടന്നത്. ഇന്ത്യ വെസ്റ്റ് ഇന്‍ഡീസിനെ 255 റണ്‍സിനാണ് തോല്‍പ്പിച്ചത്. ഇതിന് ശേഷം നായകനാവാന്‍ അദ്ദേഹത്തിന് അവസരം ലഭിച്ചിട്ടില്ല.
അജിന്‍ക്യ രഹാനെ
വിരാട് കോലി ക്യാപ്റ്റനായിരിക്കെ ഇന്ത്യയുടെ വൈസ് ക്യാപ്റ്റനായിരുന്നു അജിന്‍ക്യ രഹാനെ. അദ്ദേഹവും നയിച്ച ടെസ്റ്റിലും ഏകദിനത്തിലുമെല്ലാം വിജയം നേടിക്കൊടുത്ത ക്യാപ്റ്റനാണ്. ടെസ്റ്റില്‍ രഹാനെക്ക് കീഴില്‍ നാല് ജയവും ഒരു മത്സരത്തില്‍ സമനിലയുമാണ് ഇന്ത്യ നേടിയത്. ഏകദിനത്തില്‍ രഹാനെക്ക് കീഴില്‍ കളിച്ച മൂന്ന് മത്സരത്തിലും ഇന്ത്യ വിജയം നേടി. രഹാനെയുടെ ക്യാപ്റ്റന്‍സിക്ക് കീഴില്‍ ഇന്ത്യ ഓസ്‌ട്രേലിയയില്‍ ബോര്‍ഡര്‍ ഗവാസ്‌കര്‍ ട്രോഫി നേടിയിട്ടുണ്ട്.
വീരേന്ദര്‍ സെവാഗ്
സൗരവ് ഗാംഗുലിക്കും രാഹുല്‍ ദ്രാവിഡിനും ശേഷം ഇന്ത്യയുടെ നായകനായി എത്തേണ്ടിയിരുന്ന താരമാണ് വീരേന്ദര്‍ സെവാഗ്. എന്നാല്‍ ധോണിക്ക് കീഴില്‍ ഇന്ത്യയുടെ വെടിക്കെട്ട് ഓപ്പണറും ഒതുങ്ങിപ്പോയി. വളരെ ചുരുക്കം മത്സരങ്ങളിലാണ് ഇന്ത്യയെ നയിക്കാന്‍ സെവാഗിന് അവസരം ലഭിച്ചതെങ്കിലും നയിച്ച ടി20 മത്സരങ്ങളിലെല്ലാം ടീമിനെ ജയിപ്പിക്കാന്‍ സെവാഗിന് സാധിച്ചിട്ടുണ്ട്. ഇന്ത്യയുടെ ആദ്യത്തെ ടി20 മത്സരത്തില്‍ നയിച്ചത് സെവാഗായിരുന്നു. ദക്ഷിണാഫ്രിക്കയെ തോല്‍പ്പിക്കാനും ഇന്ത്യക്കായി.
അനില്‍ കുംബ്ലെ
ഇന്ത്യയുടെ ക്യാപ്റ്റനായും പരിശീലകനായുമെല്ലാം പ്രവര്‍ത്തിച്ചിട്ടുള്ള സൂപ്പര്‍ താരമാണ് അനില്‍ കുംബ്ലെ. ഇതിഹാസ സ്പിന്നറെന്ന പേരെടുത്ത കുംബ്ലെ ഏകദിന ഫോര്‍മാറ്റില്‍ ഇന്ത്യയെ നയിക്കുകയും ഒരു മത്സരം പോലും തോല്‍ക്കാതെ സമ്പൂര്‍ണ്ണ വിജയം നേടിയെടുത്ത ക്യാപ്റ്റനാണ്. 2002ല്‍ ഇംഗ്ലണ്ട് പരമ്പരയിലെ മൂന്നാം മത്സരത്തിലാണ് കുംബ്ലെ ഇന്ത്യയുടെ ക്യാപ്റ്റനായത്. ഈ മത്സരത്തില്‍ ടീമിന് ജയം നേടിക്കൊടുക്കാന്‍ കുംബ്ലെക്ക് സാധിച്ചു.
സുരേഷ് റെയ്‌ന
ഇന്ത്യയുടെ സീനിയര്‍ താരങ്ങള്‍ക്ക് വിശ്രമം ലഭിക്കുമ്പോള്‍ മിക്കപ്പോഴും നായകസ്ഥാനം ലഭിക്കുന്ന താരങ്ങളിലൊരാളാണ് സുരേഷ് റെയ്‌ന. മൂന്ന് ടി20 മത്സരങ്ങളിലാണ് റെയ്‌ന ഇന്ത്യയെ നയിച്ചത്. രണ്ട് മത്സരം സിംബാബ് വെക്കെതിരേയും ഒരു മത്സരം വെസ്റ്റ് ഇന്‍ഡീസിനെതിരേയുമാണ്. ഈ മൂന്ന് മത്സരവും ഇന്ത്യ ജയിക്കുകയും ചെയ്തു. ധോണി ക്യാപ്റ്റനായിരിക്കെ ഇന്ത്യന്‍ ടീമിലെ സ്ഥിര സാന്നിധ്യമായിരുന്നു റെയ്‌ന.