യുഎഇയുടെ നായകന്‍ സിപി റിസ്വാനും ബേസില്‍ ഹമീദും ചേര്‍ന്ന് മൈതാനത്ത് മലയാളം പറഞ്ഞും റണ്‍സ് വാരിക്കൂട്ടിയും യുഎഇയ്ക്കായി മികച്ചൊരു കുട്ടുകെട്ട് പടുത്തുയര്‍ത്തുകയായിരുന്നു. കളിക്കിടെ ഇരുവരും പരസ്പരം സംസാരിച്ചത്രയും മലയാളത്തിലായിരുന്നുവെന്നത് മലയാളികള്‍ക്ക് രസകരമായൊരു കാഴ്ചയായിരുന്നു. മൂന്ന് മലയാളികളാണ് യുഎഇ ടീമിലുള്ളത്. അലിഷാന്‍ ഷറഫൂവാണ് മറ്റൊരു മലയാളി. അലിഷാന് പക്ഷെ നാല് റണ്‍സ് മാത്രമാണ് ഇന്ന് സ്‌കോര്‍ ചെയ്യാന്‍ സാധിച്ചത്.
ഓപ്പണറായ വസീം അര്‍ധ സെഞ്ചുറി നേടിയ മത്സരത്തില്‍ നായകന്‍ റിസ്വാന്‍ 43 റണ്‍സാണ് നേടിയത്. തലശ്ശേരി സ്വദേശിയാണ് റിസ്വാന്‍. യുഎഇയുടെ നായകനായ റിസ്വാനാണ് രാജ്യാന്തര തലത്തില്‍ സെഞ്ചുറി നേടുന്ന ആദ്യ മലയാളി. നേരത്തെ കേരളത്തിനായി അണ്ടര്‍ 19 കളിച്ച അനുഭവമുണ്ട് റിസ്വാനുണ്ട്. ഇലക്ട്രിക്കല്‍ എഞ്ചിനീയറായാണ് റിസ്വാന്‍ യുഎഇയിലെത്തിയത്. അഞ്ചാമനായാണ് ബേസില്‍ ഹമീദ് ക്രീസിലെത്തിയത്. 25 റണ്‍സാണ് മലയാളി താരം നേടിയത്. റിസ്വാനേയും ബേസിലിനേയും പോലെയുള്ളവരാണ് യുഎഇ ടീമിന്റെ ശ്വാസം. ഏഴ് ഇന്ത്യക്കാര്‍ക്കൊപ്പം നാല് പാക്കിസ്ഥാന്‍ താരങ്ങളും യുഎഇയ്ക്കായി കളിക്കുന്നുണ്ട് ഈ ലോകകപ്പിലെന്നതും ശ്രദ്ധേയമാണ്.
ഒരു സിക്‌സും മൂന്ന് ഫോറുമടക്കം 29 പന്തില്‍ നിന്നും 43 റണ്‍സാണ് റിസ്വാന്‍ അടിച്ചെടുത്തത്. അതേസമയം രണ്ട് സിക്‌സും രണ്ട് ഫോറുമടങ്ങുന്നതാണ് ബേസിലിന്റെ 25 റണ്‍സ്. കളിക്കളത്തില്‍ ഇരുവരും ചേര്‍ന്ന് പടുത്തുയര്‍ത്തിയ കൂട്ടുകെട്ടിന്റെ കരുത്തിലാണ് അവസാന ഓവറുകളില്‍ യുഎഇയ്ക്ക് ഭേദപ്പെട്ട ടോട്ടല്‍ ലഭിക്കുന്നത്. ഇരുവരും പുറത്താകാതെയാണ് ഇന്നിംഗ്‌സ് അവസാനിപ്പിച്ചത്. 20 ഓവറില്‍ മൂന്ന് വിക്കറ്റ് നഷ്ടപ്പെടുത്തി 148 റണ്‍സാണ് യുഎഇ നേടിയത്.
അതേസമയം മറുപടി ബാറ്റിംഗിന് ഇറങ്ങിയ നമീബിയയുടെ പ്രകടനം പ്രതീക്ഷിച്ചത് പോലെ സുഖകരമായിരുന്നില്ല. ഏഷ്യാ കപ്പ് ജേതാക്കളായ ശ്രീലങ്കയെ പരാജയപ്പെടുത്തിയ നമീബിയ തന്നെയാണോ ഇതെന്ന് തോന്നിപ്പിക്കുന്ന തരത്തിലായിരുന്നു നമീബിയുടെ പ്രകടനം. യുഎഇയുടെ ബൗളര്‍മാര്‍ക്ക് മുന്നില്‍ നമീബിയുടെ മുന്‍നിര പതറിപ്പോയി. മുന്‍നിരയും മധ്യനിരയും വീണപ്പോള്‍ ഏഴാമനായി എത്തിയ മുതിര്‍ന്ന താരം ഡേവിഡ് വീസാണ് നമീബിയ്ക്കായി ചെറുത്തു നില്‍പ്പു നടത്തുന്നത്.
ബൗളിംഗ് ചെയ്ഞ്ചിലൂടെ റിസ്വാന്‍ നമീബിയയെ തകര്‍ക്കാന്‍ ശ്രമിച്ചുവെങ്കിലും വാലറ്റത്തെ കൂട്ടുപിടിച്ച് വീസ് നമീബിയയ്ക്കായി പൊരുതുകയായിരുന്നു. അര്‍ധ സെഞ്ചുറി നേടിയ വീസ് അവസാന ഓവറില്‍ പുറത്താകുന്നതോടെയാണ് യുഎഇ വിജയം ഉറപ്പിക്കുന്നത്. 36 പന്തില്‍ 55 റണ്‍സാണ് വീസ് നേടിയത്. മൂന്ന് സിക്‌സും മൂന്ന് ഫോറുമാണ് വീസ് അടിച്ചെടുത്തത്. ശ്രീലങ്കയെ പരാജയപ്പെടുത്തി വലിയ ഞെട്ടലുണ്ടാക്കിയ നമീബിയ്ക്ക് കണ്ണീരോടെ ലോകകപ്പില്‍ നിന്നും മടങ്ങാം. അര്‍ധ സെഞ്ചുറി നേടുകയും അവസാന ഓവര്‍ എറിയുകയും ചെയ്ത മുഹമ്മദ് വസീമാണ് കളിയിലെ താരം.