പാകിസ്താന് രണ്ട് പേരെ കരുതണം
ഇത്തവണയും ഇന്ത്യയും പാകിസ്താനും ടീം കരുത്തിന്റെ കാര്യത്തില്‍ ഒന്നിനൊന്ന് മെച്ചമാണ്. സമ്മര്‍ദ്ദത്തെ ആര് നന്നായി അതിജീവിക്കുന്നുവോ അവര്‍ക്കായിരിക്കും വിജയം. ഇപ്പോഴിതാ പാകിസ്താന് ഭീഷണി ഉയര്‍ത്തുന്ന രണ്ട് ഇന്ത്യന്‍ താരങ്ങള്‍ ആരൊക്കെയാണെന്ന് ചൂണ്ടിക്കാട്ടിയിരിക്കുകയാണ് മുന്‍ പാകിസ്താന്‍ താരം ആക്വിബ് ജാവേദ്. അത് ഇന്ത്യയുടെ മുഹമ്മദ് ഷമിയും ഭുവനേശ്വര്‍ കുമാറുമാണെന്നാണ് ആക്വിബ് പറയുന്നത്. ഇരുവരേയും നേരിടുക പ്രയാസമാണെന്നാണ് ആക്വിബിന്റെ വിലയിരുത്തല്‍.
ബുംറയുടെ അഭാവം ഇന്ത്യക്ക് തലവേദന
ഇന്ത്യയെ സംബന്ധിച്ച് ജസ്പ്രീത് ബുംറയുടെ അഭാവം വളരെ വലുതാണ്. എന്നാല്‍ ഓസീസ് സാഹചര്യത്തില്‍ അത് ഇന്ത്യയെ കാര്യമായി ബാധിച്ചേക്കില്ല. ഫ്‌ളാറ്റ് പിച്ചുകളില്‍ പോലും ബുംറക്ക് തിളങ്ങാനാവും. അവന്റെ യോര്‍ക്കറുകളിലും ബൗണ്‍സറുകളിലും അല്‍പ്പം സ്വിങ്ങുണ്ട്. മുഹമ്മദ് ഷമി, മുഹമ്മദ് സിറാജ്, ഭുവനേശ്വര്‍ കുമാര്‍ എന്നിവരെല്ലാം നല്ല പേസര്‍മാരാണ്. അതുകൊണ്ട് തന്നെ പാകിസ്താന് റണ്‍സടിക്കുക എളുപ്പമായിരിക്കില്ല. പാകിസ്താന്‍ ബൗളര്‍മാരും മോശമല്ല. ഈ സാഹചര്യത്തില്‍ തിളങ്ങാന്‍ കഴിവുള്ളവര്‍ പാക് ബൗളിങ് നിരയിലുമുണ്ട്- ജാവേദ് പറഞ്ഞു.
ഷഹീനെ ഇന്ത്യ കരുതണം
ഓസീസിലെ സ്വിങ്ങും ലെങ്തും പേസര്‍മാര്‍ക്ക് ഗുണം ചെയ്യുന്നതാണ്. ഈ പിച്ചില്‍ ഷഹീന്റെ സ്വിങ് വലിയ ഇംപാക്ട് സൃഷ്ടിക്കുന്നവയാണ്. ഷഹീന്‍, നസീം ഷാ, ഹാരിസ് റഊഫ് എന്നിവരെ നേരിടുന്നത് ഇന്ത്യന്‍ ബൗളര്‍മാര്‍ക്ക് വലിയ വെല്ലുവിളി തന്നെയാണ്- ജാവേദ് കൂട്ടിച്ചേര്‍ത്തു. ഷഹീന്റെ ബൗളിങ്ങാണ് ഇന്ത്യക്ക് മുന്നിലുള്ള വലിയ വെല്ലുവിളി. ന്യൂബോളില്‍ മികച്ച സ്വിങ്ങും പേസുമുള്ള ഷഹീന്‍ ഇന്ത്യയുടെ ഓപ്പണര്‍മാര്‍ക്ക് വലിയ തലവേദന സൃഷ്ടിക്കുമെന്നതില്‍ തര്‍ക്കമില്ല.
2021ലെ ടി20 ലോകകപ്പില്‍ പാകിസ്താനെതിരേ ഇന്ത്യയെ തോല്‍വിയിലേക്ക് തള്ളിവിട്ടത് ഷഹീന്‍ അഫ്രീദിയാണ്. കെ എല്‍ രാഹുല്‍, രോഹിത് ശര്‍മ, വിരാട് കോലി എന്നിവരുടെ വിക്കറ്റാണ് ഷഹീന്‍ നേടിയത്. ഇത്തവണ നസീം ഷായെന്ന യുവ പേസറും കൂടിയെത്തുമ്പോള്‍ ഇന്ത്യക്ക് മുന്നില്‍ കാര്യങ്ങള്‍ എളുപ്പമാവില്ലെന്നുറപ്പ്.
പ്രതീക്ഷ ഇന്ത്യയുടെ ബാറ്റിങ്ങില്‍
ഇന്ത്യ-പാക് മത്സരത്തിന്റെ ഫലം തീരുമാനിക്കുക ബൗളര്‍മാരുടെ പ്രകടനമാണ്. ഇന്ത്യയുടെ ബൗളിങ് നിരയുടെ കരുത്ത് ആശങ്ക സൃഷ്ടിക്കുന്നതാണ്. ബുംറയും രവീന്ദ്ര ജഡേജയും ഇന്ത്യന്‍ ടീമില്‍ സൃഷ്ടിച്ചിരിക്കുന്നത് വലിയ വിടവ് തന്നെയാണ്. എന്നാല്‍ ഇന്ത്യക്ക് ജയിക്കാന്‍ നിര്‍ണ്ണായകമാവുക ബാറ്റിങ് നിരയുടെ പ്രകടനമാണ്. ഇന്ത്യയുടെ ബൗളിങ് നിരയുടെ ദൗര്‍ബല്യം മറികടക്കാന്‍ കെല്‍പ്പുള്ള കരുത്തുറ്റ ബാറ്റിങ് നിരയാണ് ഇന്ത്യക്കൊപ്പമുള്ളത്. ഇവരില്‍ മിക്കവരും ഓസ്‌ട്രേലിയയില്‍ കളിച്ച് അനുഭവസമ്പത്തുള്ളവരുമാണ്. അതുകൊണ്ട് തന്നെ ഇന്ത്യക്ക് പ്രതീക്ഷകളേറെ.