രോഹിത് ശര്‍മ
ഇന്ത്യയുടെ വെടിക്കെട്ട് ഓപ്പണറും നായകനുമാണ് രോഹിത് ശര്‍മ. പേസ് പിച്ചുകളില്‍ വലിയ പ്രകടനം നടത്താന്‍ കഴിവുള്ള രോഹിത്തില്‍ ഇന്ത്യക്ക് പ്രതീക്ഷകളേറെ. 2019ലെ ഇംഗ്ലണ്ട് വേദിയായ ഏകദിന ലോകകപ്പിലെ പ്രകടനം പോലെ രോഹിത്തിന്റെ മറ്റൊരു വെടിക്കെട്ട് പ്രകടനമാണ് ആരാധകര്‍ പ്രതീക്ഷിക്കുന്നത്. എന്നാല്‍ സമീപകാലത്തെ അദ്ദേഹത്തിന്റെ ഫോം നിരാശപ്പെടുത്തുന്നതാണ്. 9 ടി20കളാണ് രോഹിത് ഓസ്‌ട്രേലിയയില്‍ കളിച്ചത്. ഇതില്‍ ഏഴ് തവണ ബാറ്റ് ചെയ്യാന്‍ അവസരം ലഭിച്ചു. 181 റണ്‍സാണ് അദ്ദേഹം നേടിയത്. 60 റണ്‍സാണ് ഉയര്‍ന്ന സ്‌കോര്‍.
കെ എല്‍ രാഹുല്‍
ഇന്ത്യക്ക് വലിയ പ്രതീക്ഷ നല്‍കുന്ന താരങ്ങളിലൊരാളാണ് കെ എല്‍ രാഹുല്‍. ഓപ്പണറും വൈസ് ക്യാപ്റ്റനുമായ രാഹുലും ഓസീസില്‍ കളിച്ച് അനുഭവസമ്പത്തുള്ള താരമാണ്. 6 ടി20യാണ്് അദ്ദേഹം ഓസ്‌ട്രേലിയയില്‍ കളിച്ചിട്ടുള്ളത്. ഇതില്‍ അഞ്ച് ഇന്നിങ്‌സില്‍ നിന്ന് 108 റണ്‍സാണ് രാഹുലിന് നേടാനായത്. ശരാശരി 21.60. ഓരോ ഫിഫ്റ്റിയും ഡെക്കും രാഹുലിന്റെ പേരിലുണ്ട്. പരിക്കിന്റെ ഇടവേളക്ക് ശേഷം തിരിച്ചെത്തിയ രാഹുല്‍ ഭേദപ്പെട്ട ഫോമിലാണ് കളിക്കുന്നത്. എന്നാല്‍ ഓസീസ് പിച്ചിലെ അദ്ദേഹത്തിന്റെ പ്രകടന കണക്കുകള്‍ പ്രതീക്ഷ നല്‍കുന്നതല്ല.
വിരാട് കോലി
ഇന്ത്യയുടെ മുന്‍ നായകനും ആധുനിക ക്രിക്കറ്റിലെ ബാറ്റിങ് ഇതിഹാസവുമായ വിരാട് കോലിയാണ് ഇന്ത്യന്‍ താരങ്ങളില്‍ ഏറ്റവും ബെസ്റ്റ്. 33കാരനായ കോലി 11 ടി20കളാണ് ഓസീസില്‍ കളിച്ചത്. ഇതില്‍ 10 തവണ ബാറ്റ് ചെയ്യാന്‍ അവസരം ലഭിച്ച കോലി 451 റണ്‍സാണ് ആകെ നേടിയത്. ശരാശരി 64.42. അഞ്ച് ഫിഫ്റ്റിയും അദ്ദേഹത്തിന്റെ പേരിലുണ്ട്. ഏഷ്യാ കപ്പില്‍ സെഞ്ച്വറിയടക്കം നേടിയ കോലിയില്‍ ഇന്ത്യ വളരെയധികം പ്രതീക്ഷ വെക്കുന്നുണ്ടെന്ന് പറയാം.
ഹര്‍ദിക് പാണ്ഡ്യ
ഇന്ത്യയുടെ എക്‌സ് ഫാക്ടര്‍ താരങ്ങളിലൊരാളാണ് ഹര്‍ദിക് പാണ്ഡ്യ. ഓസ്‌ട്രേലിയയില്‍ ആറ് ടി20 മത്സരങ്ങളാണ് അദ്ദേഹം കളിച്ചത്. 39 ശരാശരിയില്‍ 78 റണ്‍സാണ് ഹര്‍ദിക്കിന് നേടാനായത്. 156ന് മുകളില്‍ സ്‌ട്രൈക്കറേറ്റും ഹര്‍ദിക്കിനുണ്ട്. മൂന്ന് വിക്കറ്റും ഹര്‍ദിക് പാണ്ഡ്യയുടെ പേരിലുണ്ട്. ഓസ്‌ട്രേലിയയിലെ പേസ് സാഹചര്യത്തില്‍ തിളങ്ങാന്‍ ഹര്‍ദിക്കിനാവും. വലിയ മൈതാനത്ത് വലിയ ഷോട്ടുകള്‍ കളിക്കാനും ഹര്‍ദിക്കിന് മികവുണ്ട്. ഇന്ത്യയുടെ കിരീട നേട്ടത്തില്‍ നിര്‍ണ്ണായകമാവാന്‍ കഴിവുള്ള താരമാണ് ഹര്‍ദിക്.
ദിനേഷ് കാര്‍ത്തിക് – റിഷഭ് പന്ത്
ഓസ്‌ട്രേലിയയില്‍ നാല് തവണയാണ് ദിനേഷ് കാര്‍ത്തിക് ടി20 കളിച്ചത്. നേടിയത് 60 റണ്‍സും. 153.84 എന്ന മികച്ച സ്‌ട്രൈക്കറേറ്റ് കാര്‍ത്തികിന്റെ പേരിലുണ്ട്. ഇന്ത്യ ഫിനിഷറെന്ന നിലയില്‍ വലിയ പ്രതീക്ഷയോടെ കളത്തിലിറക്കുന്ന താരമാണ് കാര്‍ത്തിക്. റിഷഭ് പന്ത് മൂന്ന് ടി20യാണ് കളിച്ചത്. 2018ലെ പരമ്പരയിലായിരുന്നു ഇത്. രണ്ട് തവണ ബാറ്റ് ചെയ്യാനിറങ്ങി 20 റണ്‍സാണ് റിഷഭിന് നേടാനായത്. ഇത്തവണ റിഷഭിനെ ഇന്ത്യ പ്ലേയിങ് 11 പുറത്തിരുത്താനാണ് സാധ്യത.