ടോപ് ഓഡറില്‍ മാറ്റമില്ല
ഇന്ത്യയുടെ ടോപ് ഓഡറില്‍ യാതൊരു മാറ്റങ്ങളുടെയും ആവിശ്യമില്ലെന്നാണ് ഗംഭീറും പറയുന്നത്. രോഹിത് ശര്‍മയും കെ എല്‍ രാഹുലും ഓപ്പണിങ്ങിലിറങ്ങുമ്പോള്‍ മൂന്നാം നമ്പറില്‍ വിരാട് കോലിയും നാലാം നമ്പറില്‍ സൂര്യകുമാര്‍ യാദവും ഇറങ്ങും. രോഹിത്-രാഹുല്‍ ഓപ്പണിങ് കൂട്ടുകെട്ടില്‍ ഇന്ത്യക്ക് പ്രതീക്ഷകളേറെയാണ്. രോഹിത്തിന്റെ സമീപകാല ഫോം പ്രശ്‌നമാണെങ്കിലും ഫോമിലേക്കെത്തിയാല്‍ വലിയ അപകടം സൃഷ്ടിക്കാന്‍ കഴിവുള്ളവനാണ് രോഹിത്. രാഹുല്‍ സന്നാഹ മത്സരങ്ങളില്‍ മികച്ച പ്രകടനമാണ് കാഴ്ചവെച്ചത്.
വിരാട് കോലിയും സൂര്യകുമാര്‍ യാദവും മികച്ച ഫോമിലാണ്. കോലി ഏഷ്യാ കപ്പില്‍ സെഞ്ച്വറിയടക്കം നേടി മിന്നിച്ചപ്പോള്‍ സൂര്യകുമാര്‍ സമീപകാലത്തായി ഗംഭീര പ്രകടനമാണ് നടത്തുന്നത്. ഓസ്‌ട്രേലിയക്കെതിരായ സന്നാഹ മത്സരത്തിലും സൂര്യകുമാര്‍ തിളങ്ങിയിരുന്നു. ഇത്തവണ വലിയ പ്രതീക്ഷ നല്‍കുന്ന താരങ്ങളിലൊരാളാണ് സൂര്യകുമാര്‍.
മധ്യനിരയില്‍ കാര്‍ത്തിക് ഇല്ല
ഗംഭീര്‍ തിരഞ്ഞെടുത്ത ഇന്ത്യയുടെ പ്ലേയിങ് 11ല്‍ പ്രധാന ട്വിറ്റ് മധ്യനിരയിലാണ്. അഞ്ചാം നമ്പറില്‍ റിഷഭ് പന്തിനെയാണ് ഗംഭീര്‍ നിര്‍ദേശിച്ചിരിക്കുന്നത്. ടീമിന്റെ വിക്കറ്റ് കീപ്പറായും നിര്‍ദേശിച്ചത് റിഷഭിനെയാണ്. ഇന്ത്യ ഫിനിഷര്‍ റോളില്‍ പ്രതീക്ഷയോടെ കാണുന്ന ദിനേഷ് കാര്‍ത്തികിനെ ഗംഭീര്‍ പരിഗണിച്ചില്ലെന്നതാണ് കൗതുകം. സന്നാഹ മത്സരത്തിലടക്കം മികച്ച പ്രകടനം കാഴ്ചവെക്കാന്‍ കാര്‍ത്തികിനായിരുന്നു.
ഹര്‍ദിക് പാണ്ഡ്യ ആറാം നമ്പറിലെത്തുമ്പോള്‍ ഏഴാം നമ്പറില്‍ അക്ഷര്‍ പട്ടേലിനെയും ഗംഭീര്‍ നിര്‍ദേശിക്കുന്നു. അക്ഷര്‍ ഇടം കൈയന്‍ സ്പിന്‍ ഓള്‍റൗണ്ടറാണ്. എന്നാല്‍ വിശ്വസ്തനായ ഇടം കൈയന്‍ ബാറ്റ്‌സ്മാന്‍ ടീമില്‍ വേണമെന്നതിനാല്‍ റിഷഭ് പ്ലേയിങ് 11 വേണമെന്നാണ് ഗംഭീറിന്റെ വാദം.
ബൗളിങ് നിര ഇങ്ങനെ
സ്പിന്‍ ഓള്‍റൗണ്ടര്‍ ആര്‍ അശ്വിനെ തഴഞ്ഞ ഗംഭീര്‍ യുസ്‌വേന്ദ്ര ചഹാലിനെയാണ് നിര്‍ദേശിച്ചത്. ഹര്‍ഷല്‍ പട്ടേലിനെയും പ്ലേയിങ് 11 നിര്‍ദേശിച്ചു. എന്നാല്‍ അര്‍ഷദീപ് സിങ്/ഭുവനേശ്വര്‍ കുമാര്‍ എന്നിവരിലൊരാളുടെ കാര്യത്തിലാണ് ഗംഭീറിന് ആശയക്കുഴപ്പം. ഇടം കൈയന്‍ പേസറായ അര്‍ഷദീപ് ന്യൂബോളിലും ഡെത്ത് ഓവറിലും ഒരുപോലെ തിളങ്ങാന്‍ കഴിവുള്ളവനാണ്.
ഭുവനേശ്വര്‍ കുമാര്‍ ന്യൂബോളില്‍ മികച്ച സ്വിങ് കണ്ടെത്താന്‍ കഴിവുള്ളവനാണ്. എന്നാല്‍ റണ്‍സ് വിട്ടുകൊടുക്കാന്‍ മടി കാട്ടാറില്ല. ജസ്പ്രീത് ബുംറയുടെ അഭാവത്തില്‍ ടീമിലേക്കെത്തിയ മുഹമ്മദ് ഷമിയും പ്ലേയിങ് 11 വേണമെന്നാണ് ഗംഭീര്‍ പറയുന്നത്. ഓസ്‌ട്രേലിയക്കെതിരേ സന്നാഹ മത്സരത്തില്‍ അവസാന നാല് പന്തില്‍ നാല് വിക്കറ്റുമായി ഷമി തിളങ്ങിയിരുന്നു.
ഗംഭീര്‍ തിരഞ്ഞെടുത്ത ഇന്ത്യന്‍ 11
രോഹിത് ശര്‍മ, കെ എല്‍ രാഹുല്‍, വിരാട് കോലി, സൂര്യകുമാര്‍ യാദവ്, റിഷഭ് പന്ത്, ഹര്‍ദിക് പാണ്ഡ്യ, അക്ഷര്‍ പട്ടേല്‍, ഹര്‍ഷല്‍ പട്ടേല്‍, യുസ് വേന്ദ്ര ചഹാല്‍, അര്‍ഷദീപ് സിങ്/ഭുവനേശ്വര്‍ കുമാര്‍, മുഹമ്മദ് ഷമി.