Unni Mukundan Case: ഉണ്ണി മുകുന്ദനെ കുടുക്കിയ ആ പീഡന പരാതിയില്‍ പറയുന്നതെന്ത്? ‘മാളികപ്പുറം’ സ്റ്റാര്‍ ഇനി എന്ത് ചെയ്യും?

Spread the love


Thank you for reading this post, don't forget to subscribe!

മലയാള സിനിമയില്‍ 100 കോടി ക്ലബ്ബില്‍ കടന്ന അപൂര്‍വ്വം താരങ്ങളേ ഉള്ളു. അതില്‍ ഒരാള്‍ ആണ് ‘മാളികപ്പുറം സ്റ്റാര്‍’ ഉണ്ണി മുകുന്ദന്‍. മാളികപ്പുറം സിനിമയുടെ വിജയാഹ്ലാദത്തില്‍ നില്‍ക്കുമ്പോള്‍ ആണ് ഉണ്ണി മുകുന്ദനെ വേട്ടയാടിക്കൊണ്ട് പഴയ പീഡന കേസ് വീണ്ടും തലപൊക്കിയത്. കേസില്‍ തുടര്‍ നടപടികള്‍ക്ക് ഏര്‍പ്പെടുത്തിയിരുന്ന സ്റ്റേ ഹൈക്കോടതി പിന്‍വലിക്കുകയായിരുന്നു. വിവാദ അഭിഭാഷകന്‍ സൈബി ജോസ് കിടങ്ങൂര്‍ ആയിരുന്നു ഹൈക്കോടതിയില്‍ ഉണ്ണിയ്ക്ക് വേണ്ടി ഹാജരായിരുന്നത്. കോടതിയില്‍ സമര്‍പ്പിച്ച രേഖ വ്യാജമാണെന്ന് കണ്ടെത്തിയതോടെ ആണ് ഇപ്പോള്‍ സ്‌റ്റേ പിന്‍വലിച്ചിരിക്കുന്നത്.

കേസിന്റെ തുടര്‍ നടപടികള്‍ക്കുള്ള സ്റ്റേ പിന്‍വലിച്ചു എന്ന വാര്‍ത്ത പുറത്ത് വരുമ്പോഴും, എന്തായിരുന്നു ആ കേസ് എന്ന് പലരും മറന്നുപോയിട്ടുണ്ട്. അഞ്ചര വര്‍ഷം മുമ്പ് നടന്ന സംഭവം, പിന്നീട് വാര്‍ത്തകളില്‍ നിന്ന് പോലും മാഞ്ഞുപോയി. 2017 ഓഗസ്റ്റ് 23 ന് ആണ് കേസിനാസ്പദമായ സംഭവം നടന്നത് എന്നാണ് പരാതിക്കാരി പറയുന്നത്. 2017 സെപ്തംബര്‍ 15 ന് ആയിരുന്നു യുവതി പരാതി നല്‍കിയത്. ആ പരാതിയില്‍ പറയുന്ന കാര്യങ്ങള്‍ ഇങ്ങനെ ആയിരുന്നു….

Read Also: ഉണ്ണിമുകുന്ദൻ സ്ത്രീത്വത്തെ അപമാനിച്ചെന്ന കേസ്; വിചാരണ തടഞ്ഞു കൊണ്ടുള്ള ഉത്തരവ് നീക്കി ഹൈക്കോടതി

തിരക്കഥാ രചനയുടെ കോഴ്‌സ് പൂര്‍ത്തിയാക്കിയ ആളാണ് പരാതിക്കാരി. ഒരു സിനിമയുടെ കഥ പറയാന്‍ ആണ് ഉണ്ണി മുകുന്ദന്റെ ഫ്‌ലാറ്റിലെത്തുന്നത്. മുന്‍കൂര്‍ അനുവാദം വാങ്ങിക്കൊണ്ടായിരുന്നു ഇത്. എന്നാല്‍ കഥ കേള്‍ക്കാന്‍ ഉണ്ണി മുകുന്ദന്‍ താത്പര്യം പ്രകടിപ്പിച്ചിരുന്നില്ലത്രെ. ഒടുവില്‍ തിരക്കഥ കൊണ്ടുവരാന്‍ ആവശ്യപ്പെടുകയായിരുന്നു. ഇതിനായി ഫ്‌ലാറ്റില്‍ നിന്ന് പുറത്തേക്കിറങ്ങവേ തന്നെ ബലമായി കയറിപ്പിടിച്ചു എന്നും മുഖത്ത് ചുംബിക്കാന്‍ ശ്രമിച്ചു എന്നും ആണ് യുവതിയുടെ പരാതിയില്‍ പറയുന്നത്. താൻ എതിര്‍ക്കുകയും ബഹളം വക്കുകയും ചെയ്തതോടെയാണ് ഉണ്ണി മുകുന്ദന്‍ തന്നെ വിട്ടയച്ചത് എന്നും യുവതി പരാതിയില്‍ പറയുന്നുണ്ട്. 

2018 സെപ്തംബര്‍ 7 ന് ആണ് യുവതി കോടതിയെ നേരിട്ട് സമീപിച്ച് മൊഴി നല്‍കിയത്. തുടര്‍ന്ന് കോടതി നിര്‍ദ്ദേശ പ്രകാരം ആയിരുന്നു ഉണ്ണി മുകുന്ദനെതിരെ കേസ് രജിസ്റ്റര്‍ ചെയ്തത്. താന്‍ കോടതിയെ സമീപിക്കാതെ പോലീസില്‍ പരാതി നല്‍കിയിരുന്നെങ്കില്‍ ഉണ്ണി മുകുന്ദന്‍ അറസ്റ്റ് ചെയ്യപ്പെട്ടേനെ എന്ന് ഇതേ യുവതി തന്നെ പിന്നീട് പറഞ്ഞിട്ടുണ്ട്. എന്നാല്‍ സ്വകാര്യത വെളിപ്പെടുമെന്ന ഭയത്താലും വീട്ടുകാരുടെ പിന്തുണയില്ലാത്തതിനാലും ആണ് അങ്ങനെ ചെയ്യാതിരുന്നത് എന്നാണ് വിശദീകരണം.

എന്തായാലും പീഡന പരാതി നല്‍കിയ യുവതിയ്‌ക്കെതിരെ മറ്റൊരു പരാതി നല്‍കി പ്രതിരോധിക്കാനായിരുന്നു ഉണ്ണി മുകുന്ദന്റെ ശ്രമം. തന്റെ തിരക്കഥ അംഗീകരിച്ചില്ലെങ്കില്‍ ബലാത്സംഗ കേസില്‍ കുടുക്കുമെന്ന് യുവതി ഭീഷണിപ്പെടുത്തി എന്നായിരുന്നു ഉണ്ണി മുകുന്ദന്റെ ആദ്യത്തെ ആരോപണം. 25 ലക്ഷം രൂപ നല്‍കുകയോ അല്ലെങ്കില്‍ യുവതിയെ വിവാഹം കഴിക്കുകയോ ചെയ്യണം എന്നാവശ്യപ്പെട്ട് പരാതിക്കാരിയുടെ അഭിഭാഷകന്‍ എന്ന് അവകാശപ്പെടുന്ന ഒരാള്‍ തന്നെ ഫോണില്‍ വിളിച്ച് ഭീഷണിപ്പെടുത്തി എന്നും ഉണ്ണി മുകുന്ദന്‍ ആരോപിച്ചിരുന്നു. ഇതേ തുടര്‍ന്ന് ഒറ്റപ്പാലം പോലീസ് സ്‌റ്റേഷനില്‍ ഒരു പരാതിയും നല്‍കി. ഈ കേസ് പിന്നീട് ചേരാനെല്ലൂര്‍ പോലീസ് സ്‌റ്റേഷനിലേക്ക് മാറ്റി.

ഇതിനിടെ ഉണ്ണി മുകുന്ദനെതിരെ തിരക്കഥാകൃത്തായ യുവതി മറ്റൊരു പരാതിയും നല്‍കി. തന്റെ പേരുവിവരങ്ങളും ചിത്രങ്ങളും പുറത്ത് വിട്ടു എന്ന് കാണിച്ചായിരുന്നു പരാതി. ഈ പരാതിയിലും ഉണ്ണി മുകുന്ദനെതിരെ കേസ് എടുത്തിട്ടുണ്ട്.

കേസ് കോടതിയ്ക്ക് പുറത്ത് ഒത്തുതീര്‍പ്പായി എന്ന് കാണിച്ച് ഉണ്ണി മുകുന്ദന്റെ അഭിഭാഷകന്‍ സൈബി ജോസ് നല്‍കിയ രേഖ വ്യാജമാണെന്നാണ് ഇപ്പോള്‍ കോടതിയ്ക്ക് മുന്നില്‍ തെളിഞ്ഞിരിക്കുന്നത്. പരാതിക്കാരിയായ യുവതി തന്നെയാണ് ഇക്കാര്യം കോടതിയെ ബോധ്യപ്പെടുത്തിയത്. ഇതോടെ പീഡന കേസ് വിചാരണയിലേക്ക് കടക്കും എന്ന് ഉറപ്പായിരിക്കുകയാണ്.

ജഡ്ജിമാര്‍ക്ക് കൈക്കൂലി നല്‍കാന്‍ എന്ന പേരില്‍ ലക്ഷങ്ങള്‍ തട്ടിയെടുത്തുകൊണ്ടിരുന്ന ആളാണ് അഡ്വ സൈബി ജോസ് എന്നാണ് പുറത്ത് വരുന്ന വിവരം. ഇതുമായി ബന്ധപ്പെട്ട അന്വേഷണം പുരോഗമിക്കുന്നതിനിടെയാണ് സൈബിയ്‌ക്കെതിരെ ഈ നിര്‍ണായക തെളിവും പുറത്ത് വന്നിരിക്കുന്നത്. ഈ സംഭവം ഉണ്ണി മുകുന്ദന്റെ അറിവോടുകൂടിയാണ് നടന്നത് എന്ന് കൂടി തെളിയിക്കപ്പെട്ടാല്‍ ‘മാളിക്കപ്പുറം സ്റ്റാര്‍’ കൂടുതല്‍ കുരുക്കിലേക്കായിരിക്കും നീങ്ങുക. 

 

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്…  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ…

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 

 





Source link

Facebook Comments Box
error: Content is protected !!