മണിച്ചേട്ടന്റെ പതനം; എന്റെ തോളില്‍ തട്ടി പോയ ചേട്ടന്‍ ഈ ലോകത്ത് നിന്നാണ് പോകുന്നതെന്ന് അറിഞ്ഞില്ല

Spread the love


Thank you for reading this post, don't forget to subscribe!

Feature

oi-Abin MP

|

ഇന്നലെയായിരുന്നു മലയാളത്തിന്റെ മണിമുത്ത് കലാഭവന്‍ മണിയുടെ ഓര്‍മ്മ ദിവസം. കലാഭവന്‍ മണിയില്ലാതെ ഏഴ് വര്‍ഷം പിന്നിട്ടിരിക്കുകയാണ് മലയാള സിനിമ. എന്നാല്‍ സാധാരണക്കാരായ പ്രേക്ഷകരുടെ മനസിലും ജീവിതത്തിലും മണി ഇന്നും ജീവിച്ചിരിക്കുന്നുണ്ട്. മണിയുടെ ഓര്‍മ്മകള്‍ പങ്കുവച്ചു കൊണ്ട് നടനും സംവിധായകനുമായ ജയസോമ കുറിച്ച വാക്കുകള്‍ ശ്രദ്ധ നേടുകയാണ്.

Also Read: ഒരു രാത്രി മതി ഒരാളുടെ ജീവിതം മാറാൻ; ദിലീപേട്ടൻ അന്ന് പറഞ്ഞത് മനസ്സിലുണ്ട്; നിത്യ ദാസ്

മറക്കാന്‍ കഴിയില്ല ആ നായകനെ എന്നാണ് ജയസോമ മണിയെക്കുറിച്ച് പറയുന്നത്. പിന്നാലെ മണിയെ ആദ്യമായി കണ്ടതിനെക്കുറിച്ചും അവസാനം കണ്ടതിനെക്കുറിച്ചുമൊക്കെ അദ്ദേഹം ഫെയ്‌സ്ബുക്ക് പോസ്റ്റില്‍ പറയുന്നുണ്ട്. ആ വാക്കുകള്‍ വായിക്കാം തുടര്‍ന്ന്.

സിനിമ മോഹവും ആയി ഞാന്‍ നടക്കാന്‍ തുടെങ്ങിയിട്ട് കാലം കുറെ ആയി. എന്റെ അടുത്ത് ഫോട്ടോയുമായി അഭിനയിക്കാന്‍ കൊണ്ട് വന്ന കുട്ടികളൊക്കെ ഇന്നു കല്ല്യാണം കഴിച്ചു അവര്‍ അന്ന് എന്റെ അടുത്ത് വരുമ്പോള്‍ ഉണ്ടായിരുന്ന പ്രായത്തിലുള്ള കുട്ടികളുമായി സന്തോഷത്തോടെ ജീവിക്കുന്നു. ഞാന്‍ ഇപ്പോഴും പഴയ അലച്ചില്‍ തന്നെ ഇടയ്ക്ക് ഒരു തലോടല്‍ പോലെ ആരെങ്കിലും വിളിച്ചോണ്ട് പോയി വല്ല ഉല്‍ഘാടനം നടത്തും, വീഡിയോ ആശംസകള്‍ ചെയ്യിപ്പിക്കും.അപ്പോള്‍ അല്പം ആശ്വാസം തോന്നും. മറ്റു പലര്‍ക്കും പറ്റാത്തത് എനിക്ക് പറ്റിയല്ലോ എന്നോര്‍ത്ത്.

അച്ഛന്റെ കാട്ടുകുതിര നാടകത്തില്‍ കുറത്തിക്കല്ല്യാണി പറയുന്ന പോലെ അല്പം കക്ക വാരിയിട്ടു അങ്ങാട്ടു നീറ്റും അതിന്റെ നാറ്റവും ചൂടുമൊക്കെ ഏറ്റു കഴിയുമ്പോള്‍ ഇമ്മിണി സമാധാനം ഒക്കെ തോന്നും. അതു പോലെ ആണ് എന്റെ സ്ഥിതി. അങ്ങനെ നായകന്മാരെ കണ്ടു കഥ പറഞ്ഞു നടക്കുന്ന കാലം. സാധാരണക്കാരന്റെ സൂപ്പര്‍ സ്റ്റാര്‍ ആയ കലാഭവന്‍ മണി ചേട്ടന്റെ അടുത്തും പോയി.യുഗപൂരുഷന്റെ സെറ്റില്‍ ഒറ്റപ്പാലത്ത് ആണ് പോയത്. കണ്‍ട്രോളര്‍ രാജേഷ് തിലകം പറഞ്ഞത് അനുസരിച്ചു ലൊക്കേഷനില്‍ ഞാന്‍ കൃത്യ സമയത്തു എത്തി.

ഒരു സമയം പറഞ്ഞാല്‍ കൃത്യ സമയത്ത് ഞാന്‍ അവിടെ ഉണ്ടാകും. അതു അച്ഛന്‍ പഠിപ്പിച്ചതാണ്. ?മറ്റുള്ളവരെ കാത്തു നീ എത്ര നേരം ഇരുന്നാലും നിന്നെ കാത്ത് ആരെയും ഇരുത്തരുത് ?. ഞാന്‍ ഇന്ന് വരെ എല്ലായിടത്തും അതു പാലിച്ചിട്ടുണ്ട്. സീരിയലില്‍ ആണെങ്കിലും സിനിമയില്‍ ആണെങ്കിലും. പക്ഷേ സമയം തെറ്റിക്കുന്നവര്‍ക്കും ബലം പിടിക്കുന്നവര്‍ക്കുമാണ് വില. അതവിടെ നില്‍ക്കട്ടെ.

അങ്ങനെ മണിച്ചേട്ടന്റെ ലൊക്കേഷനില്‍ എത്തി. ഭയങ്കര ജനക്കൂട്ടം. ആള്‍ കൂട്ടത്തിനിടയില്‍ നിന്നു ഞാന്‍ ദൂരെ നിന്ന് മാത്രം കണ്ടിട്ടുള്ള കലാഭവന്‍ മണി എന്ന മനുഷ്യ സ്‌നേഹിയെ കണ്ടു. പണ്ട് കാണിച്ചുകുളങ്ങര അമ്പലത്തില്‍ ഒരു മിമിക്രി അവതരിക്കുമ്പോള്‍ ഇത് പോലെ ദൂരെ നിന്ന് കണ്ടു.
ആ നിമിഷങ്ങള്‍ പെട്ടെന്ന് മനസ്സിലൂടെ കടന്നു പോയി.മണി ചേട്ടന്‍ അഭിനയിക്കുന്നത് ഞാന്‍ ദൂരെ നിന്ന് കണ്ടു. ഞാന്‍ അദ്ദേഹത്തെ എന്റെ കഥാപാത്രമായി മാറ്റുന്നതും ആ സിനിമ ഹിറ്റ് ആകുന്നതുമൊക്കെ ഞാന്‍ ആ ആള്‍ക്കൂട്ടത്തില്‍ നിന്ന് സ്വപ്നം കണ്ടു. പെട്ടന്നാണ് രാജേഷ് വന്നു മണിച്ചേട്ടന്‍ വിളിക്കുന്നു എന്നു പറഞ്ഞത്.

പെട്ടന്ന് ഒന്ന് ഞെട്ടി എന്നു പറയുന്നതാവും ശെരി. എന്നെ കണ്ടതും എന്റെ അടുത്തേക്ക് ഓടി വന്നു ഒത്തിരി പരിചയം ഉള്ള ഒരാളോട് പെരുമാറുന്നത് പോലെ എനിക്ക് കൈ തന്നു. ആ കാണിച്ച സ്‌നേഹവും ബഹുമാനവും എനിക്ക് ഉള്ളതല്ല എന്റെ അച്ഛന് ഉള്ളതാണ് എന്നു എനിക്കറിയാം.
ചേട്ടാ നമുക്ക് എവിടെയെങ്കിലും ഒഴിഞ്ഞ ഒരിടത്തു ഇരിക്കാം എന്നു എന്നോട് പറഞ്ഞു.
എന്നെ ചേട്ടാ എന്നു വിളിച്ചപ്പോള്‍ എനിക്ക് അത്ഭുതവും സ്‌നേഹവും തോന്നി.

വളരെ വേഗത്തില്‍ നടന്നു ചെന്നു ദൂരെ കിടന്നിരുന്ന രണ്ടു പ്ലാസ്റ്റിക് കസേരകള്‍ കൈയ്യില്‍ എടുത്തു ഉയര്‍ത്തി പിടിച്ചു കൊണ്ട് ആളുകളുടെ ഇടയിലൂടെ വരുന്ന കലാഭവന്‍ മണി എന്ന തലക്കനം ഇല്ലാത്ത തന്നെ കാണാന്‍ വരുന്നവരുടെ സ്വപ്നങ്ങള്‍ക്ക് വില കൊടുക്കുന്ന ആ മഹാനായ കലാകാരനെ ആ നായകനെ എനിക്ക് മരണം വരെ മറക്കാന്‍ കഴിയില്ല. ഞാന്‍ കസേരയില്‍ പിടിക്കാന്‍ ചെന്നപ്പോള്‍ എന്നെ കൊണ്ട് പിടിപ്പിക്കാതെ അല്പം ദൂരെ ഒരു മരത്തണലില്‍ കൊണ്ട് ഇട്ടിട്ടു ഇനി നമുക്ക് പറയാം കഥ എന്നു പറഞ്ഞു. ഞാന്‍ കഥ പറയുമ്പോള്‍ എന്റെ കണ്ണിലേക്കു തന്നെ നോക്കിയിരിക്കുന്ന മണിച്ചേട്ടന്റെ കണ്ണുകള്‍ ഇന്നും എന്റെ മുന്നിലുണ്ട്.

ഞാന്‍ കഥ പറയുമ്പോള്‍ കഥാപാത്രത്തിന്റെ ഭാവങ്ങള്‍ അഭിനയിച്ചും ചില സംഭാഷണങ്ങള്‍ സിനിമയില്‍ പറയണ്ട പോലെ പറഞ്ഞും ആയിരിക്കും അവതരിപ്പിക്കുന്നത്. അതും അച്ഛനില്‍ നിന്ന് പഠിച്ചത് ആണ്. കഥ പറഞ്ഞു കഴിഞ്ഞതും ആരാണ് സംവിധാനം എന്നു ചോദിച്ചു.
എനിക്ക് വേണ്ടിയാണ് ഈ കഥ. ഞാനാണ് സംവിധാനം എന്നു പറഞ്ഞു.
ചേട്ടന്‍ ചെയ്യണം ചേട്ടനെ ഈ സിനിമ സംവിധാനം ചെയ്യാവു. ചേട്ടന്‍ കാണിച്ചത് മാത്രം ഞാന്‍ ചെയ്താല്‍ മതി ഈ കഥാപാത്രം വിജയിക്കും.

ഇതായിരുന്നു കലാഭവന്‍ മണി എന്ന ആ മനുഷ്യന്റെ മറുപടി. ഞാന്‍ നില്‍ക്കുന്നത് മണ്ണിലാണോ ആകാശത്ത് ആണോ എന്നു എനിക്ക് മനസ്സിലാക്കാന്‍ പറ്റുന്നില്ല.
ചേട്ടന്‍ പോയി ബാക്കി കാര്യങ്ങള്‍ ചെയ്‌തോളു. ഞാന്‍ റെഡി.
സ്‌ക്രിപ്റ്റ് വായിച്ചു കേള്‍ക്കണ്ടേ എന്നു ഞാന്‍ ചോദിച്ചു.
ഒന്ന് ചിരിച്ചു. ഇങ്ങനെ ചേട്ടന്‍ കഥ പറഞ്ഞെങ്കില്‍ സ്‌ക്രിപ്റ്റ് എങ്ങനെ ആയിരിക്കും എന്നു എനിക്ക് മനസ്സിലാക്കാന്‍ പറ്റും. അതായിരുന്നു മറുപടി. ഒരു എഴുത്തുകാരന് കുളിരു കോരാന്‍ ഇതില്‍ കൂടുതല്‍ എന്ത് വേണം?

പക്ഷേ ആ കുളിര് അധികം നിന്നില്ല. ആ പ്രൊജക്റ്റ് നടന്നില്ല. മണി ചേട്ടന്റെ താര മൂല്യം ഇടിഞ്ഞു. നിര്‍മ്മാതാക്കള്‍ അദ്ദേഹത്തെ വച്ചു പടം ചെയ്യാന്‍ തയ്യാറായില്ല. സിനിമ ചെയ്യാന്‍ തയ്യാറായി നിന്നിരുന്ന പ്രൊഡ്യൂസര്‍ നെ വേറൊരു കണ്‍ട്രോളര്‍ പൊക്കി കൊണ്ടുപോയി സിനിമ ചെയ്യിച്ചു. അയാള്‍ക്ക് ആവശ്യം പെണ്ണുങ്ങളെ ആയിരുന്നു. സിനിമ അല്ല. പെണ്ണ് കൂട്ടിക്കൊടുത്തു സിനിമ ചെയ്യാന്‍ അന്നും ഇന്നും എനിക്ക് താല്പര്യം ഇല്ല. അതു കൊണ്ടാവും നിന്നിടത്തു തന്നെ നില്‍ക്കേണ്ടി വരുന്നത്. സാരമില്ല.

പിന്നീട് ഈ സിനിമയുടെ കാര്യം പറയാന്‍ ഞാന്‍ മണി ചേട്ടന്റെ വീട്ടില്‍ ചെന്നു. അന്ന് അദ്ദേഹം വളരെ ആസ്വസ്ഥന്‍ ആയിരുന്നു. ഞാന്‍ പറയുന്നത് ഒന്നും കേള്‍ക്കുന്നില്ല ശ്രദ്ധിക്കുന്നില്ല. ഞാന്‍ അവിടെ നിന്നിറങ്ങി. പിന്നെ ഓരോ ദിവസവും മണി ചേട്ടന്റെ പതനത്തിന്റെ ദിനങ്ങള്‍ ആയിരുന്നു. നല്ല ഒരു നടന്റെ നല്ല മനസ്സുള്ള ഒരു മനുഷ്യന്റെ പതനം.
കുറെ കാലം കഴിഞ്ഞു ഞാന്‍ ഫഹദ് ഫാസിലിനെ കാണാന്‍ ആമേന്‍ ന്റെ സെറ്റില്‍ ചെന്നു നില്‍ക്കുമ്പോള്‍ ഒരാള്‍ വന്നു എന്നെ തോണ്ടി വിളിച്ചു. ഒരു താടിയും മുടിയും വച്ച ഒരാള്‍. എനിക്ക് ആദ്യം മനസ്സിലായില്ല. ആ കണ്ണുകള്‍ എനിക്ക് പരിചയം ഉണ്ട്. അതേ അതു കലാഭവന്‍ മണി ചേട്ടന്‍ ആയിരുന്നു.

അന്ന് ഡേറ്റും വാങ്ങി പോയിട്ട് പിന്നെ കണ്ടില്ലല്ലോ? പ്രൊഡ്യൂസര്‍ നെ കിട്ടിയില്ല അല്ലേ?
അതേ. അതു പറയാന്‍ ഞാന്‍ വീട്ടില്‍ വന്നിരുന്നു.
ഞാന്‍ ഓര്‍ക്കുന്നുണ്ട് ചേട്ടാ. അന്ന് ഞാന്‍ ചില പ്രശ്‌നങ്ങളില്‍ ആയിരുന്നു.
സാരമില്ല. ചേട്ടന്‍ ആരെയെങ്കിലും വച്ചു ആ സിനിമ ചെയ്യണേ. എന്നെ വച്ചു ഇനി ആരും ചെയ്യാന്‍ വരില്ല.
ഇപ്പോള്‍ ആരെ കാണാന്‍ വന്നതാ?
ഫഹദിനെ

ഇനി അവന്റെ കാലമാണ്.മിടുക്കന്‍ ആണ്. മുറുകെ പിടിച്ചോ.ഞാന്‍ പരിചയപ്പെടുത്താണോ?
ഞങ്ങള്‍ക്ക് നേരത്തെ പരിചയം ഉണ്ട് ചേട്ടാ.
ശെരി. എന്നാല്‍ കാണാം ജയന്‍ ചേട്ടാ. എന്നു പറഞ്ഞു എന്റെ തോളില്‍ തട്ടിയിട്ടു നടന്നു പോയ മണി ചേട്ടന്‍ ഈ ലോകത്ത് നിന്നാണ് നടന്നു പോകുന്നത് എന്നു ഞാന്‍ അറിഞ്ഞില്ല.

മനസ്സില്‍ സിനിമ എന്ന സ്വപ്നവുമായി കഥ പറയാന്‍ ചെല്ലുന്നവരെ ഒരു മനുഷ്യനാണ് എന്നുള്ള പരിഗണന എങ്കിലും നല്‍കുന്ന കലാഭവന്‍ മണി ചേട്ടനെ പോലുള്ളവരെ ആര് മറന്നാലും എന്നെ പോലെ കഥ പറഞ്ഞു സ്വന്തം ജീവിതം കെട്ടിപ്പെടുക്കാന്‍ നടക്കുന്ന ഒറ്റ എഴുത്തുകാരും സംവിധായകരും മറക്കില്ല.

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി

Allow Notifications

You have already subscribed

English summary

Actor Jayasoman Writes About Meeting Kalabhavan Mani For The First And Last Times

Story first published: Tuesday, March 7, 2023, 10:23 [IST]



Source link

Facebook Comments Box
error: Content is protected !!