നാട്ടിലിറങ്ങിയ കാട്ടുപോത്തിനെ തിരഞ്ഞ് വനം വകുപ്പ്; വഴിതെറ്റിക്കാൻ ‘നാടൻ പോത്തുകൾ’

Spread the love


Thank you for reading this post, don't forget to subscribe!

കോട്ടയം: കാഞ്ഞിരപ്പള്ളിയ്ക്കടുത്ത പാറത്തോട്‌ പഞ്ചായത്തിലെ മൂന്നു വാർഡുകളിൽ ഒരാഴ്ചയിലേറെയായി ഭീതി പരത്തിയ കാട്ടുപോത്തിനെ മൂന്ന് രാത്രിയും പകലും തിരഞ്ഞിട്ടും കണ്ടെത്താനായിട്ടില്ല.പോത്ത്‌ വനാതിര്‍ത്തിയില്‍ എത്തിയെന്ന് വനംവകുപ്പും നാട്ടിൽ തന്നെയുണ്ടെന്ന് നാട്ടുകാരും പറയുന്നു.ഇതിനിടെ വനം വകുപ്പിനെ വഴി തെറ്റിക്കാൻ കാര്യത്തിന്റെ ഗൗരവം അറിയാത്ത ചില ‘നാടൻ പോത്തുകൾ’ ഉണ്ടെന്നും സൂചനയുണ്ട്.

നാട്ടിലെത്തി പത്തു ദിവസം
ദേശീയപാത (183 )യുടെ ഭാഗമായ കോട്ടയം കുമളി റോഡിൽ നിന്ന് അഞ്ചു കിലോമീറ്ററോളം അകലെ ഇടക്കുന്നം സിഎസ്‌ഐ പള്ളിയ്ക്ക് അടുത്ത് ഫെബ്രുവരി 28നാണ്‌ ഒരു കാട്ടുപോത്തിനെ കണ്ടത്‌. രാവിലെ ജനവാസ മേഖലയില്‍ കണ്ട കാട്ടുപോത്തിനെ നാട്ടുകാര്‍ ഓടിച്ചു വിടാന്‍ ശ്രമിച്ചെങ്കിലും ഫലമുണ്ടായില്ല. രാത്രി എട്ടരയോടെ പാറത്തോട്‌ പഞ്ചായത്തിലെ ഒമ്പതാം വാർഡിലെ ഒരു വ്യക്തിയുടെ പുരയിടത്തിലെ കിണറ്റിൽ വീണു. മാർച്ച് രാവിലെ എട്ടരയോടെ വനംവകുപ്പ്‌ അധികൃതരുടെ നേതൃത്വത്തില്‍ മണ്ണുമാന്തി യന്ത്രം കൊണ്ട് കിണറിന്റെ ഒരുവശം ഇടിച്ചു താഴ്ത്തി വഴിവെട്ടി പോത്തിനെ കരയ്ക്കു കയറ്റി വിട്ടു. വനംവകുപ്പ്‌ ഉദ്യോഗസ്ഥൻ വെടിയുതിര്‍ത്തു ശബ്ദമുണ്ടാക്കി സമീപത്തെ തോട്ടത്തിലേക്കു വിരട്ടിയോടിച്ച പോത്ത്‌ പിറ്റേന്ന് വനാതിര്‍ത്തിയിലെത്തിയതായും വനം വകുപ്പ്‌ അറിയിച്ചു.

എന്നാല്‍ മാർച്ച് 6 ന്‌ വൈകിട്ട്‌ ആറരയോടെ കിണറുള്ള പുരയിടത്തിന് ഏതാനും ദൂരെ അകലെ പതിമൂന്നാം വാർഡിലെ വാക്കപ്പാറ എന്ന സ്ഥലത്തു വെച്ച് മുരളീധരൻ എന്ന യുവാവിനെ ഒരു കാട്ടുപോത്ത്‌ ആക്രമിച്ചു.ഇയാൾക്ക് ഗുരുതരമായി പരിക്ക് ഏൽക്കുകയും ചെയ്തു. കിണറ്റിൽ വീണ അതേ കാട്ടുപോത്തു തന്നെയാണു യുവാവിനെ ആക്രമിച്ചതെന്ന് നാട്ടുകാർ സംശയിക്കുന്നു.

Also Read-കാഞ്ഞിരപ്പള്ളിയിൽ രാത്രിയിൽ ഒരു ജെല്ലിക്കെട്ട്; ഇടക്കുന്നത്ത് കാട്ടുപോത്ത് കിണറ്റിൽ വീണു

മയക്കുവെടി പറ്റാത്തത് എന്തു കൊണ്ട്?
കാട്ടുപോത്തിനെ മയക്കു വേടി വെച്ചാൽ അര മണിക്കൂറിനകം അവിടെ നിന്നും മാറ്റാൻ കഴിയണം. വളരെ വലിയ മൃഗമായതിനാൽ അതിനായി ക്രയിൻ അടക്കമുള്ള ഉപകരണങ്ങൾ വേണം. തട്ടു തട്ടായി കിടക്കുന്ന മരങ്ങൾ നിറഞ്ഞ പ്രദേശമായതിനാൽ ഇത്തരം കാര്യങ്ങൾ എത്തിച്ച് സമയം പാലിക്കാൻ ബുദ്ധിമുട്ടാണ്. മയക്കു വെടി വെക്കാൻ വന്യ ജീവി വകുപ്പിന്റെ അനുമതി ലഭിക്കുക എന്നത് ഇതിന് മേലെ ബുദ്ധിമുട്ടുള്ള കാര്യമാണ്.

പോത്തിനെ തേടി വനംവകുപ്പ്
ഇടക്കുന്നം മേഖലയിലെ നിന്നു ഏതാണ്ട് 16 കിലോമീറ്റര്‍ അകലെയാണു വനാതിര്‍ത്തി. ശബരിമല കാനനപാതയിൽപ്പെടുന്ന എരുമേലി കാളകെട്ടി വനമേഖലയോടു ചേര്‍ന്നു കീടക്കുന്ന വെള്ളനാട് മേഖലയിലെ റബര്‍ തോട്ടങ്ങളിലൂടെയാണ്‌ പോത്ത്‌ പാറത്തോട് എട്ടാം വാർഡിൽ പെടുന്ന നാടുകാണിയിൽ എത്തിയതെന്നാണ്‌ വനം വകുപ്പിന്റെ നിഗമനം. ഇത് വന്ന വഴിയേ തിരികെ തിരികെ പോകുമെന്നാണ് ഉദ്യോഗസ്ഥർ പറയുന്നത്. അതിനാൽ പോത്ത്‌ എത്തിയെന്നു കരുതുന്ന വഴിത്താരയിലൂടെ ഉദ്യോഗസ്ഥർ ട്രാക്ക്‌ പട്രോളിങ്‌ നടത്തിയെങ്കിലും പ്രയോജനമുണ്ടായില്ല.

വനം വകുപ്പ്‌ ഉദ്യോഗസ്ഥര്‍ പ്രദേശത്ത് രണ്ടു ദിവസം റിലേ പട്രോളിങ്ങും നടത്തിയിട്ടും പോത്തിനെ കണ്ടെത്താൻ കഴിഞ്ഞില്ല. ഡ്രോണ്‍ ഉപയോഗിച്ചു തിരയാൻ ആലോചിച്ചുവെങ്കിലും മരങ്ങൾ തിങ്ങിനിറഞ്ഞു നില്‍ക്കുന്ന പ്രദേശങ്ങളായതിനാല്‍ പ്രയോജനമുണ്ടാകാന്‍ സാധ്യത ഇല്ലാത്തതിനാൽ അത് ഉപേക്ഷിച്ചു.

Also Read-കാസർഗോഡ് വിരണ്ടോടിയ പോത്തിനെ പിടിച്ചുകെട്ടാൻ ശ്രമിക്കുന്നതിനിടെ യുവാവ് മരിച്ചു

വഴി തെറ്റിക്കാന്‍ ‘നാടൻ പോത്തുകൾ’
ജനങ്ങളെ ആശങ്കയിലാക്കിയ അതീവ ഗൗരവമുള്ള ഈ പ്രശ്നത്തിൽ കുസൃതിയാക്കി വനം വകുപ്പിനെ തെറ്റിദ്ധരിപ്പിക്കാനും ചിലര്‍ ശ്രമിക്കുന്നതായി അധികൃതർ പറയുന്നു. കഴിഞ്ഞ ദിവസം പ്രദേശത്ത് കാട്ടുപോത്തിനെ തല്‍സമയം കണ്ടു കൊണ്ടിരിക്കുകയാണെന്നു പറഞ്ഞ് ഒരാള്‍ ഉദ്യോഗസ്ഥരെ മൊബൈല്‍ ഫോണില്‍ വിളിച്ചു. എന്നാല്‍ അയാളുടെ ടവര്‍ ലൊക്കേഷന്‍ പരിശോധിച്ചപ്പോള്‍ ദേശീയപാത പാത വഴി സഞ്ചരിക്കുന്നതായാണു കണ്ടെത്തിയത്‌. ഇന്റര്‍നെറ്റില്‍ നിന്നും ഡൗണ്‍ലോഡ്‌ ചെയ്തെടുത്ത കാട്ടുപോത്തിന്റെ ചിത്രവും മേഖലയില്‍ എത്തിയ കാട്ടു പോത്താണെന്നു തെറ്റിദ്ധരിപ്പിച്ചു൦ പ്രചരിപ്പിക്കുന്നതായി ആരോപണം ഉണ്ട് .പോത്തിനെ കണ്ടെത്താൻ ആകാത്തതിനാലും ഇത്തരം പ്രചാരണങ്ങൾ വിശ്വസിക്കുന്നതിനാലും നാട്ടുകാരുടെ ഭീതി വിട്ടൊഴിയുന്നുമില്ല.

ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ‍്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.



Source link

Facebook Comments Box
error: Content is protected !!