ദേവാസുരം സിനിമയിലെ കഥാപാത്രങ്ങളുമായി തനിക്കുള്ള ബന്ധത്തെ കുറിച്ച് സംസാരിക്കുകയാണ് നടി നിരഞ്ജന അനൂപ്
Feature
oi-Rahimeen KB
വളരെ കുറച്ചു സിനിമകളിലെ അഭിനയിച്ചിട്ടുള്ളെങ്കിലും മലയാളി പ്രേക്ഷകർക്ക് സുപരിചിതയായ നടിയാണ് നിരഞ്ജന അനൂപ്. രഞ്ജിത്ത് സംവിധാനം ചെയ്ത മോഹൻലാൽ ചിത്രം ലോഹത്തിലൂടെയാണ് നിരഞ്ജന അഭിനയ രംഗത്തേക്ക് എത്തുന്നത്. പിന്നീട് പുത്തൻ പണം, ഗൂഢാലോചന, കെയർ ഓഫ് സൈറ ബാനു, ഇര, ബിടെക്, ചതുർമുഖം, കിങ് ഫിഷ് എന്നിങ്ങനെ നിരവധി സിനിമകളിലാണ് നടി അഭിനയിച്ചത്.
ഏറ്റവും ഒടുവിൽ എങ്കിലും ചന്ദ്രികേ എന്ന ചിത്രമാണ് പുറത്തിറങ്ങിയത്. ബേസിൽ ജോസഫ് സുരാജ് വെഞ്ഞാറമൂട് എന്നിവർക്ക് ഒപ്പം പ്രധാനവേഷത്തിലാണ് നിരഞ്ജനയും ചിത്രത്തിൽ എത്തിയത്. ബെർമുഡ, ത്രയം, ജോയ് ഫുൾ എഞ്ചോയ് എന്നിവയാണ് നിരഞ്ജനയുടേതായി പുറത്തിറങ്ങാൻ തയ്യാറെടുക്കുന്നുണ്ട്. അതേസമയം, വളരെ വിരളമായി മാത്രമാണ് അഭിമുഖങ്ങളിലും മറ്റും നിരഞ്ജനയെ കണ്ടിട്ടുള്ളത്.
അടുത്തിടെ സിനിമയുടെ പ്രമോഷന്റെ ഭാഗമായി നിരവധി അഭിമുഖങ്ങളിൽ നടി എത്തിയിരുന്നു. അമൃത ടിവിയിലെ റെഡ് കാർപെറ്റ് ഷോയിലും നിരഞ്ജന അതിഥി ആയി എത്തിയിരുന്നു. ഇപ്പോഴിതാ, ഷോയിൽ നിരഞ്ജന പറഞ്ഞ ഒരു കാര്യം സോഷ്യൽ മീഡിയയിൽ വൈറലായി മാറുകയാണ്.
മലയാളത്തിലെ എക്കാലത്തെയും ഹിറ്റ് ചിത്രങ്ങളിൽ ഒന്നാണ് മോഹൻലാൽ നായകനായ ദേവാസുരം. ഫ്യൂഡല്‍ തെമ്മാടി എന്ന് സ്വയം വിശേഷിപ്പിച്ച നീലകണ്ഠന്റെയും നര്‍ത്തകിയായ ഭാനുമതിയുടെയും പ്രണയ പറയുന്ന ചിത്രം സംവിധാനം ചെയ്തത് ഐ വി ശശി ആയിരുന്നു. രഞ്ജിത്ത് ആയിരുന്നു ചിത്രത്തിന്റെ കഥയും തിരക്കഥയും. തന്റെ ബന്ധുവിന്റെ കഥയാണ് രഞ്ജിത്ത് സിനിമയാക്കിയത്. പൂര്‍ണമായിട്ട് അല്ലെങ്കിലും ഭാഗികമായി അതൊരു യഥാര്‍ത്ഥ കഥയാണ്.
മുല്ലശ്ശേരി രാജഗോപാല്‍ എന്ന തന്റെ ബന്ധുവിന്റെ കഥയാണ് മംഗലശ്ശേരി നീലകണ്ഠനാക്കി സിനിമയാക്കിയത്. ആ മുല്ലശ്ശേരി രാജഗോപാലന്റെ കൊച്ചുമകളാണ് നിരഞ്ജന അനൂപ്. മുത്തശ്ശന്റെയും മുത്തശ്ശിയുടെയും പ്രണയത്തെ കുറിച്ചും അച്ഛന്റെയും അമ്മയുടെയും പ്രണയത്തെ കുറിച്ചുമാണ് റെഡ് കാർപെറ്റ് ഷോയിൽ നിരഞ്ജന സംസാരിച്ചത്.
മുത്തശ്ശന്റെയും മുത്തശ്ശിയുടെയും പ്രണയ കഥ ഇത്രയും മനോഹരമായി ബിഗ് സ്‌ക്രീനില്‍ കാണാന്‍ കഴിഞ്ഞു എന്നത് തന്നെ സംബന്ധിച്ച് വലിയ ഭാഗ്യമാണ് എന്നാണ് നിരഞ്ജന പറഞ്ഞത്. എനിക്ക് മൂന്ന് വയസ്സുള്ളപ്പോഴാണ് മുത്തശ്ശന്‍ മരിച്ചത്. അതുകൊണ്ട് വലുതായി ഒന്നും ഓര്‍മയില്ല. കേട്ടറിവ് മാത്രമേയുള്ളു. വീട്ടിൽ ഇതേ കുറിച്ചൊന്നും അങ്ങനെ സംസാരിച്ചിട്ടില്ല. രഞ്ജിത് മാമ മുത്തച്ഛനോട് ചോദിച്ചു അറിഞ്ഞതാവും.
അമ്മയോട് ചോദിച്ചാലും, മുത്തശ്ശന്റെ ആ ഫ്യൂഡല്‍ കാലഘട്ടം ഒന്നും അമ്മയും കണ്ടിട്ടില്ല. കുടുംബമൊക്കെ ആയ ശേഷം മുത്തശ്ശന്‍ ഒരുപാട് മാറിപ്പോയിരുന്നു. സിനിമയിൽ മുത്തച്ഛനെ ഡീസന്റ് ആയിട്ടാണ് കാണിച്ചത് എന്ന് മുത്തശ്ശൻ തന്നെ പറഞ്ഞിട്ടുണ്ട്. മുത്തശ്ശിയാണ് മുത്തശ്ശന്റെ ആ ഫൂഡല്‍ കാലം കാണുകയും അനുഭവിക്കുകയും ഒക്കെ ചെയ്തത്. ഭാനുമതി എന്നല്ല, ലക്ഷ്മി എന്നാണ് മുത്തശ്ശിയുടെ പേര്.
ഇനി നൃത്തം ചെയ്യില്ല എന്ന് മുത്തശ്ശി ശപഥം ചെയ്ത സംഭവം ഒന്നും ഉണ്ടായിട്ടില്ല, പക്ഷെ ഇത് പോലൊരു മനുഷ്യനെ ഒരു കാലവും വിവാഹം ചെയ്യില്ല എന്ന് മുത്തശ്ശി പറഞ്ഞിരുന്നു. വീട് നഷ്ടപ്പെട്ടപ്പോള്‍ മുത്തശ്ശന്റെ തറവാട്ടില്‍ മുത്തശ്ശിയൊക്കെ വന്ന് നിന്നതും യഥാർത്ഥത്തിൽ നടന്നതാണ്.
ദേവാസുരം സിനിമ കണ്ടിട്ട് അമ്മയ്ക്ക് അറിയില്ലായിരുന്നു, ഇത് തന്റെ അച്ഛന്റെ ജീവിത കഥ തന്നെയാണെന്ന്. അമ്മ കോളേജില്‍ പടിക്കുമ്പോഴാണ് സിനിമ റിലീസ് ആയത്, സിനിമ കണ്ട ശേഷം ഇതെന്തൊരു മോശം സിനിമയാണ്, മുഴുവന്‍ അടിയും ഇടിയും എന്നായിരുന്നുവത്രെ അമ്മ പറഞ്ഞത്. പിന്നീട് വനിതയിലോ മറ്റോ പ്രസിദ്ധീകരിച്ച് വന്ന ആര്‍ട്ടിക്കിള്‍ കണ്ടാണ് അമ്മ എല്ലാം അറിഞ്ഞത്.
അമ്മയുടെയും അച്ഛന്റെയും പ്രണയ വിവാഹം ആയിരുന്നു. പക്ഷെ അത്ര വലിയ പ്രശ്‌നങ്ങള്‍ ഒന്നും ഉണ്ടായിരുന്നില്ല. മുത്തശ്ശന്റെയും മുത്തശ്ശിയുടെയും പ്രണയം പോലെ വലിയ വിപ്ലവകരമായ പരിപാടിയൊന്നും പിടിക്കാൻ അവർക്ക് സാധിച്ചിരുന്നില്ല. ഒരു സിനിമയ്ക്കുള്ളതൊന്നും അതിലില്ല എന്നും നിരഞ്ജന പറഞ്ഞു.
വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി
Allow Notifications
You have already subscribed
English summary
Actress Niranjana Anoop Talks About Her Relationship With Mangalassery Neelakandan In Devasuram Movie
Story first published: Tuesday, March 14, 2023, 22:36 [IST]