വിഴിഞ്ഞം സമരം നൂറാം ദിവസത്തിലേക്ക്; ആശങ്ക കടൽ ഇനിയും ബാക്കി

Spread the love


Thank you for reading this post, don't forget to subscribe!

തിരുവനന്തപുരം: വിഴിഞ്ഞം തുറമുഖ സമരം ഇന്ന് നൂറാം ദിനത്തിലേക്ക് കടക്കുന്നു. ലത്തീൻ അതിരൂപതയുടെ നേതൃത്വത്തിൽ നടത്തുന്ന സമരത്തിന് ഇന്ന് നൂറു ദിവസം പൂർത്തിയാകുകയാണ്. സമരക്കാരുടെ ആവശ്യങ്ങൾ അം​ഗീകരിക്കാൻ സർക്കാർ തയാറാകാത്ത സാഹചര്യത്തിൽ സമരം കൂടുതൽ ശക്തമാക്കുമെന്ന് സമര സമിതി അറിയിച്ചു. ഏഴു ആവശ്യങ്ങളാണ് സമര സമിതി മുന്നോട്ട് വച്ചത്. എന്നാൽ ഇതിൽ ഒന്ന് പോലും സർക്കാർ ഇതുവരെ അം​ഗീകരിച്ചിട്ടില്ലെന്നാണ് സമര നേതാക്കൾ പറയുന്നത്.

ലത്തീൻ അതിരൂപത പ്രതിനിധികളും, സമരസമിതി നേതാക്കളും നാല് തവണ മന്ത്രിസഭാ ഉപസമിതിയുമായും ഒരു വട്ടം മുഖ്യമന്ത്രിയുമായും ചർച്ച ചെയ്തിട്ടും ഫലമൊന്നും ഉണ്ടായില്ല. മുതലപ്പൊഴിയിൽ നിന്ന്  കടൽ വഴി പോർട്ടിന് അടുത്തെത്തി ശക്തമായ മുന്നറിയിപ്പ് നൽകാനാണ് സമരസമിതിയുടെ നീക്കം. പുതുക്കുറിച്ചി, അഞ്ചുതെങ്ങ്, ഫെറാനകളുടെ നേത‍ൃത്തിലാണ് കടൽ വഴിയുള്ള സമരം നടത്തുന്നത്. 

ALSO READ: Vizhinjam port protest: വിഴിഞ്ഞം തുറമുഖ നിർമ്മാണം നിർത്തിവയ്ക്കില്ല; സമരത്തിൽ നിന്ന് പിന്മാറണമെന്ന് മുഖ്യമന്ത്രി

കേരളത്തിന്റെ അഭിമാനമാനമായി കണക്കാക്കപ്പെട്ട വിഴിഞ്ഞം തുറമുഖ പദ്ധതിയുടെ നിർമ്മാണ പുരോഗതി  ഇനിയും പൂർത്തിയായിട്ടില്ല. 1000 ദിവസത്തിനുള്ളിൽ  പദ്ധതി പൂർത്തിയാക്കും എന്നായിരുന്നു പ്രഖ്യാപിത ലക്ഷ്യം. തുറമുഖ നിർമ്മാണം ഉണ്ടാക്കുന്ന പാരിസ്ഥിതിക ആഘാതത്തെ പറ്റി തുടക്കം മുതൽ ഉയർന്ന ചോദ്യങ്ങളെല്ലാം അവഗണിച്ചാണ് സർക്കാർ മുന്നോട്ടു പോയിരുന്നത്. അശാസ്ത്രീയമായ തുറമുഖ നിർമ്മാണം തെക്കൻ കേരളത്തിന്റെ കടലെടുപ്പിന് ആക്കം കൂട്ടുമ്പോഴും ഈ പദ്ധതി എങ്ങും എത്തിയിട്ടില്ല. ആയിരം ദിവസത്തിനുള്ളിൽ പണി പൂർത്തീകരിക്കുമെന്നാണ് 2015 ഓഗസ്റ്റിൽ കരാർ ഒപ്പിടുമ്പോൾ ഗൗതം എസ് അദാനി അന്നത്തെ മുഖ്യമന്ത്രിയായ ഉമ്മൻചാണ്ടിയെ വേദിയിലിരുത്തി പ്രഖ്യാപിച്ചത്. 

പിന്നീട് 2019 ഡിസംബർ മൂന്നിന്  സമയപരിധി നീട്ടിയെങ്കിലും പൂർത്തീകരിക്കാനായില്ല. പറഞ്ഞ സമയ പരിധി ലംഘിച്ചാൽ അദാനിയിൽ നിന്ന് നഷ്ടപരിഹാരം ഈടാക്കേണ്ടി വരുമെന്ന് അറിയിച്ചിരുന്നു. തുടർന്ന് തുകയെ ചൊല്ലി തർക്കം ഉണ്ടായപ്പോൾ ആർബിട്രേഷൻ നടപടിയിലേക്ക് കടന്നു. ലോക്ഡൗൺ കാലയളവിൽ പണിമുടങ്ങി എന്ന വാദം കമ്പനി ഉന്നയിച്ചതോടെ 34 ദിവസം സർക്കാർ ഒഴിവാക്കി നൽകിയിരുന്നു. കരാറിലെ സമയപരിധി ലംഘിച്ചാൽ ഒരു ദിവസം 12 ലക്ഷം രൂപ വെച്ച് നഷ്ടപരിഹാരം നൽകണമെന്ന് വ്യവസ്ഥ അനുസരിച്ച് നോട്ടീസ് നൽകി. എന്നാൽ ഓഖി ചുഴലിക്കാറ്റ്, വലിയ തീരമാല, ക്വാറികളുടെ ക്ഷാമം, പാറയുടെ ലഭ്യതയില്ലായ്മ കോവിഡ്, തുടങ്ങിയ 21 കാരണങ്ങൾ ചൂണ്ടിക്കാട്ടി സംസ്ഥാന സർക്കാരിന്റെ വാദങ്ങൾ അംഗീകരിക്കാൻ  അദാനി ഗ്രൂപ്പ് തയ്യാറായില്ല. 

പദ്ധതി രേഖകള്‍ പ്രകാരം, രാജ്യത്തിന്റെ 80 ശതമാനം ചരക്ക് കൈമാറ്റവും കൈകാര്യം ചെയ്യാന്‍ കഴിയുന്ന ഇന്ത്യയുടെ ഏറ്റവും ആഴമേറിയ തുറമുഖമാണിത്. കരാര്‍ പ്രകാരം 40 വര്‍ഷത്തേക്ക് അദാനി ഗ്രൂപ്പിന് തുറമുഖം പ്രവര്‍ത്തിപ്പിക്കയും ഇത് 20 വര്‍ഷം കൂടി നീട്ടുകയും ചെയ്യാമെന്നായിരുന്നു. 15 വര്‍ഷത്തിനു ശേഷം സംസ്ഥാന സര്‍ക്കാരിന് തുറമുഖത്തുനിന്നുള്ള വരുമാനത്തിന്റെ ഒരു ഭാഗം ലഭിക്കും. ഇത് സാധാരണ പദ്ധതി പ്രവര്‍ത്തനങ്ങളില്‍നിന്നു വ്യത്യസ്തമായ രീതിയാണെന്ന് അന്നുതന്നെ വിമര്‍ശനം ഉയര്‍ന്നിരുന്നു. 

ALSO READ: Vizhinjam protest: വിഴിഞ്ഞം സമരം നിലനിൽപ്പിനായുള്ള സമരമെന്ന് ലത്തീൻ അതിരൂപതയുടെ സർക്കുലർ; സമരം സെപ്തംബർ നാല് വരെ നീട്ടാൻ തീരുമാനം

130 ഏക്കര്‍ കടൽ നികത്താൻ വിഴിഞ്ഞം പോര്‍ട്ടിന് അനുമതി നല്‍കിയതിനു പുറമേ 360 ഏക്കര്‍ ഭൂമി സംസ്ഥാന സര്‍ക്കാര്‍ സംഭാവന ചെയ്തിട്ടുണ്ട്. സര്‍ക്കാര്‍ മുതല്‍മുടക്കിനുശേഷം മാത്രമേ അദാനിഗ്രൂപ്പിന്റെ നിക്ഷേപം ആരംഭിക്കൂവെന്നതാണ് വസ്തുത. അതായത്, സ്ഥലം ഏറ്റെടുക്കലും കപ്പല്‍ച്ചാലിന് ആഴംകൂട്ടലും യാര്‍ഡ് നിര്‍മ്മാണവും പൂര്‍ത്തിയാക്കിയാല്‍ മാത്രമാണ് അദാനിക്ക് പാര്‍പ്പിട സമുച്ചയവും വ്യാപാര സ്ഥാപനങ്ങളും ഹോട്ടലുകളും നിര്‍മ്മിക്കുക. ഇത്തരം യുക്തിരഹിതമായ പല കാര്യങ്ങളും പദ്ധതി കരാറിലുണ്ടെന്ന് 2017-ലെ സി.എ.ജി റിപ്പോര്‍ട്ടില്‍ പറയുന്നുണ്ട്. 40 വര്‍ഷത്തെ ഇളവ് കാലാവധി അവസാനിക്കുമ്പോള്‍ പദ്ധതിക്ക് 5,608 കോടി രൂപയുടെ നഷ്ടമാകും സംഭവിക്കുക. മറ്റ് സംസ്ഥാനങ്ങളിലെ സമാന തുറമുഖങ്ങളുമായി താരതമ്യപ്പെടുത്തുമ്പോള്‍ മൊത്തം പദ്ധതിച്ചെലവില്‍ വരെ കാര്യമായ പിഴവുകളും സി.എ.ജി കണ്ടെത്തിയിരുന്നു. ഇതെല്ലാം ചര്‍ച്ചയായിട്ടും പദ്ധതിയില്‍നിന്ന് പിറകോട്ട് പോയില്ലെന്നു മാത്രമല്ല, ഒരു വര്‍ഷത്തിനുള്ളില്‍ നിര്‍മ്മാണം പൂര്‍ത്തിയാക്കാനാണ് സംസ്ഥാന സര്‍ക്കാര്‍ അദാനി ഗ്രൂപ്പിനോട് ആവശ്യപ്പെട്ടത്.

ആകെ നിര്‍മ്മിക്കേണ്ട 4.5 കിലോമീറ്റര്‍ ബ്രേക്ക് വാട്ടര്‍ നിര്‍മ്മിതിയുടെ വെറും 800 മീറ്റര്‍ മാത്രമാണ് അഞ്ചുവര്‍ഷംകൊണ്ട് പൂര്‍ത്തിയാക്കിയത്. ഇതില്‍ ഒരു കിലോമീറ്റര്‍ കടലിലേക്ക് ഇറക്കിയാണ് പുലിമുട്ട് ഇടേണ്ടിയിരുന്നത്. ഓഖി വന്നപ്പോഴും 2019-ലെ കടല്‍ ക്ഷോഭത്തിലുമായി നിര്‍മ്മിച്ചതില്‍ ഏകദേശം 700 മീറ്റര്‍ നിര്‍മ്മിതി കടല്‍ കൊണ്ടുപോയി. പശ്ചിമഘട്ട മലനിരകള്‍ പൊട്ടിച്ചെടുത്ത് കൊണ്ടുവന്ന ലക്ഷകണക്കിന് ടണ്‍ കരിങ്കല്ല് അക്ഷരാര്‍ത്ഥത്തില്‍  കടലില്‍ കളയുകയായിരുന്നു. ജനുവരിയില്‍ നിയമസഭയില്‍ തുറമുഖ വ്യവസായമന്ത്രി രാമചന്ദ്രന്‍ കടന്നപ്പള്ളി നല്‍കിയ മറുപടിയില്‍ തുറമുഖ നിര്‍മ്മാണത്തിന്റെ പുരോഗതി വിലയിരുത്തുന്നുണ്ടെന്ന ഒഴുക്കന്‍ മട്ടിലുള്ള മറുപടി മാത്രമാണ് നല്‍കിയത്. 

പുലിമുട്ട് നിര്‍മ്മാണം ആരംഭിച്ചതോടെ വിഴിഞ്ഞം മുതല്‍ തെക്കോട്ട് 40 കിലോമീറ്ററിലധികം തീരപ്രദേശം കടലെടുത്തു തുടങ്ങി. ആദ്യം മണല്‍ത്തിട്ടകളാണ് അപ്രത്യക്ഷമായതെങ്കില്‍ പിന്നീട് കര തന്നെ അപ്രത്യക്ഷമായി. പല തീരവും തിരിച്ചെടുക്കാന്‍ കഴിയാത്തവിധം കടലിനടിയിലായി. ചില സ്ഥലങ്ങള്‍ ഉണ്ടായിരുന്നെന്ന് ബോധ്യപ്പെടാന്‍ പഴയ ചിത്രങ്ങള്‍ തന്നെ വേണ്ടിവരും. ശംഖുമുഖം അതിന് ഏറ്റവും നല്ല ഉദാഹരണമാണ്. വിമാനത്താവളത്തിന്റെ ആഭ്യന്തര ടെര്‍മിനലിനെ നഗരവുമായി ബന്ധിപ്പിക്കുന്ന റോഡിന്റെ വലിയൊരു ഭാഗമുള്‍പ്പെടെ ഇതിനോടകം പൂര്‍ണ്ണമായും കടലെടുത്തുകഴിഞ്ഞു. കോവളം, വിഴിഞ്ഞം, വേളി, കല്ലുമൂട്, മുട്ടത്തറ, ബീമാ പള്ളി തുടങ്ങിയ പ്രദേശങ്ങളെല്ലാം സമീപഭാവിയില്‍ അപ്രത്യക്ഷമാകുമെന്ന് മത്സ്യത്തൊഴിലാളികള്‍ പറയുന്നു. 

പോര്‍ട്ടുകളുടേയും ഹാര്‍ബറുകളുടേയും നിര്‍മ്മാണവുമായി ബന്ധപ്പെട്ട് തയ്യാറാക്കിയ, കേന്ദ്ര പരിസ്ഥിതി-വനം മന്ത്രാലയം 2010-ല്‍ പുറത്തിറക്കിയ പാരിസ്ഥിതിക ആഘാത മാര്‍ഗ്ഗരേഖയില്‍ പുലിമുട്ടിന്റെ നിര്‍മ്മാണവും സമുദ്രത്തിലെ ഡ്രഡ്ജിങ് അടക്കമുള്ള പ്രവൃത്തികള്‍ ശക്തമായ കടല്‍ക്ഷോഭത്തിനു കാരണമാകാന്‍ സാധ്യതയുണ്ടെന്ന് പറയുന്നുണ്ട്. എന്നാല്‍, തീരശോഷണം സംബന്ധിച്ച ഈ ആരോപണങ്ങളെ അദാനി തള്ളിക്കളയുന്നത് എല്‍&ടി നടത്തിയ മാത്തമാറ്റിക് മോഡലിങ്ങ് പഠനത്തെ ആധാരമാക്കിയാണ്. 

8 വർഷം പിന്നിടുമ്പോഴും വിഴിഞ്ഞം ഒരു വികസന സ്വപ്നമായി വിശേഷിപ്പിക്കപ്പെട്ടിരുന്നു. തെക്കന്‍ കേരളത്തിന് ഗുണകരമാകുമെന്നാണ് പദ്ധതിയെ അനുകൂലിക്കുന്നവര്‍ വാദിച്ചത്. എന്നാല്‍, പദ്ധതിയുടെ സാമ്പത്തിക സാധ്യതകളെക്കുറിച്ച് പഠിച്ച ഏണസ്റ്റ് ആന്‍ഡ് യങ് എന്തെങ്കിലും നേട്ടം സംസ്ഥാനത്തിനുണ്ടാകുമെന്ന് പറഞ്ഞിരുന്നില്ല എന്നതാണ് യഥാര്‍ത്ഥ്യം. പദ്ധതിക്കായി വിളിച്ച ആദ്യ ടെന്‍ഡറില്‍ ഒരു കമ്പനിയും പങ്കെടുത്തിരുന്നില്ല. പിന്നീട് അദാനി ഗ്രൂപ്പ് മാത്രമേയുണ്ടായിരുന്നുള്ളൂ. അതായത്, ലാഭകരമല്ലാത്ത പദ്ധതിക്കുവേണ്ടി അദാനി ഗ്രൂപ്പ് രംഗത്ത് ഇറങ്ങിയത് അവര്‍ക്ക് നേട്ടമുണ്ടാക്കാവുന്ന വ്യവസ്ഥകള്‍ ഉള്‍പ്പെടുത്തിയതുകൊണ്ടുമാത്രം. 2016-ല്‍ അധികാരത്തില്‍ വന്നപ്പോള്‍ കേരളത്തിന്റെ അഭിമാന പദ്ധതിയാണ് ഇതെന്നാണ് പിണറായി വിജയന്‍ പ്രഖ്യാപിച്ചത്. മാത്രമല്ല, വിഴിഞ്ഞത്തുനിന്ന് 30 കിലോമീറ്റര്‍ മാത്രം അകലെയുള്ള കുളച്ചലില്‍ തുറമുഖത്തിന് അനുമതി നല്‍കിയതിലുള്ള ആശങ്ക അറിയിക്കുകയും ചെയ്തു. 

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്…  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ…

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 

 

 





Source link

Facebook Comments Box
error: Content is protected !!