കോഴിക്കോട്> ക്രൂരമായി കൊലചെയ്യപ്പെട്ട തിരൂർ ഏഴൂർ മേച്ചേരി സിദ്ദിഖിന് പ്രതികളുമായുള്ള ബന്ധത്തിൽ അടിമുടി ദുരൂഹത. വ്യക്തി വൈരാഗ്യത്തിന്റെ പേരിലാണ് കൊലപാതകമെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം. എന്നാൽ, അതിലേക്കുള്ള കാരണം വ്യക്തമല്ല. 21ഉം 18ഉം പ്രായമുള്ള പ്രതികൾ അരും കൊലയാണ് നടത്തിയത്. അതിന് ഇവർക്ക് ക്രിമിനൽ സംഘങ്ങളുടെ സഹായം ലഭിച്ചോ എന്ന കാര്യത്തിലും വ്യക്തതയില്ല. കൊലപാതകത്തിന് ശേഷം പ്രതികൾ സിദ്ദിഖിന്റെ എടിഎം ഉപയോഗിച്ച് തുടർച്ചയായി പണമെടുത്തിട്ടുണ്ട്. ഇതിൽ നിന്നും പ്രതികളുടെ ലക്ഷ്യം പണം തട്ടലായിരുന്നുവെന്ന് വ്യക്തം. കൊലപാതകം നടന്ന എരഞ്ഞിപ്പാലത്തെ ഡി കാസ ഹോട്ടലിൽ കഴിഞ്ഞ 18ന് സിദ്ദിഖ് രണ്ട് മുറികൾ ബുക്ക് ചെയ്തിരുന്നു. ഇതിൽ ജി 3 മുറിയിൽ ഷിബിലിയും ഫർഹാനയുമായിരുന്നു ഉണ്ടായിരുന്നത്. ജി 4ൽ സിദ്ദിഖും. ഈ മുറിയിൽ വച്ചാണ് കൊലപതാകം നടന്നത്. മൂർച്ചയേറിയ ആയുധമുപയോഗിച്ച് മൃതദേഹം കഷണങ്ങളാക്കി രണ്ട് ബാഗുകളിലേക്ക് മാറ്റുകയായിരുന്നു.
● നിർണായകമായത് സിസി ടിവി ദൃശ്യങ്ങൾ
ഹോട്ടലിന് മുൻവശത്തെ വസ്ത്രവിൽപ്പനശാലയിലെ സിസിടിവി ദൃശ്യങ്ങളിൽ നിന്നാണ് കേസിലെ നിർണായക വിവരം പൊലീസിന് ലഭിച്ചത്. 19ന് വൈകിട്ട് 3.09നും 3. 19നും ഇടയിൽ ഹോട്ടലിന് മുൻവശത്ത് നിർത്തിയിട്ട കാറിൽ ബാഗുകൾ കയറ്റുന്നതാണ് സിസി ടിവിയിലുള്ളത്. കാർ പാർക്ക് ചെയ്ത് 15 മിനിട്ടിന് ശേഷമാണ് ആദ്യ ബാഗ് ഷിബിലി കാറിന്റെ ഡിക്കിയിൽ കയറ്റിയത്. പിന്നീട് കുറച്ച് സമയത്തിന് ശേഷം അടുത്ത ബാഗുമായി എത്തിയ ഫർഹാന അത് കാറിൽ കയറ്റി. തുടർന്ന് ഇരുവരും കാറിൽ പോകുന്നതാണ് ദൃശ്യങ്ങളിലുള്ളത്. അറസ്‌റ്റിലായ ആഷിഖാണ് കാറിനുള്ളിൽ ഉണ്ടായിരുന്നതായാണ് നിഗമനം.
● ഹോട്ടൽ തെരഞ്ഞെടുത്തതും ദുരൂഹം
സ്വന്തമായി ഹോട്ടലുള്ള സിദ്ദിഖ് എരഞ്ഞിപ്പാലത്തെ ഹോട്ടലിൽ മുറിയെടുത്തതും ദുരൂഹമാണ്. മാസങ്ങൾക്ക് മുമ്പ് തുടങ്ങിയ ഹോട്ടലിലെ സിസിടിവി പ്രവർത്തന രഹിതമായിരുന്നു. കേടായ സിസിടിവി 19നാണ് പുനഃസ്ഥാപിച്ചതെന്നാണ് ഹോട്ടൽ അധികൃതർ പൊലീസിനോട് പറഞ്ഞത്. ഹോട്ടലിൽ ഫോറൻസിക് സംഘം നടത്തിയ പരിശോധനയിൽ രക്തക്കറ കണ്ടെത്തിയതോടെയാണ് കൊലപാതകം ഉറപ്പിച്ചത്. കഴിഞ്ഞ മൂന്ന് ദിവസമായി ഹോട്ടൽ പൊലീസിന്റെ നിരീക്ഷണത്തിലായിരുന്നു. ഹോട്ടലിലെ റിസപ്‌ഷനിലെ കംപ്യൂട്ടറുകളും അനുബന്ധ ഉപകരണങ്ങളും പൊലീസ് കസ്‌റ്റഡിയിലെടുത്തിട്ടുണ്ട്.
● ഷിബിലിയുമായുള്ള ബന്ധവും ദുരൂഹം
ഷിബിലി ഹോട്ടലിൽ ജോലി ചെയ്‌തത് 15 ദിവസം മാത്രമാണെന്നാണ് കൂടെ ജോലി ചെയ്‌ത യൂസഫ് പറയുന്നത്. പെരുമാറ്റ ദൂഷ്യം കാരണം കഴിഞ്ഞ വ്യാഴാഴ്‌ചയാണ് ഷിബിലിയെ സിദ്ദിഖ് പുറത്താക്കിയത്. മുഴുവൻ ശമ്പളവും നൽകിയിരുന്നതായും യൂസഫ് പറയുന്നു. എന്നാൽ, അന്നുതന്നെയാണ് സിദ്ദിഖ് എരഞ്ഞിപ്പാലത്തെ ഹോട്ടലിൽ മുറിയെടുത്തത്. 18ന് രാത്രിവരെ സിദ്ദിഖിന്റെ ഫോൺ പ്രവർത്തിച്ചിരുന്നു. ഭാര്യ വിളിച്ചപ്പോൾ വടകരയിലാണെന്നാണ് പറഞ്ഞത്. എന്നാൽ, രാത്രിയോടെ ഫോൺ സ്വിച്ച് ഓഫായി. ഇതിനിടയിൽ കൊലപാതകം നടന്നിരിക്കാനാണ് സാധ്യത.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
മറ്റു വാർത്തകൾ