Feature
oi-Abhinand Chandran
മലയാള സിനിമയിൽ നടൻ ജയറാമിന്റെ കരിയർ ഗ്രാഫ് ഇന്ന് വലിയ ചർച്ചാ വിഷയമാണ്. മോഹൻലാൽ, മമ്മൂട്ടി, സുരേഷ് ഗോപി എന്നിവർക്കൊപ്പം വെക്കുന്ന പേരാണ് ജയറാമിന്റെതും. എന്നാൽ ഇവരെല്ലാം താരമൂല്യം നിലനിർത്തിയപ്പോൾ ജയറാമിന് എവിടെയോ താളപ്പിഴവ് സംഭവിച്ചു. സിനിമകളുടെ പരാജയം, കഥാപാത്രങ്ങളിൽ സ്റ്റീരിയോടൈപ് ചെയ്യപ്പെട്ടത് തുടങ്ങിയവയെല്ലാം ജയറാമിനെ ബാധിച്ചു. സുരേഷ് ഗോപിയുൾപ്പെടെ സമാന സാഹചര്യത്തിലൂടെ കരിയറിൽ കടന്ന് പോയിട്ടുണ്ട്. എന്നാൽ ഇദ്ദേഹത്തിന്റെ താരമൂല്യത്തിന് ഇടിവ് സംഭവിച്ചില്ല.
മാത്രമല്ല പ്രമുഖ സംവിധായകർ ഇന്നും സുരേഷ് ഗോപിയെ വെച്ച് സിനിമ ചെയ്യാൻ തയ്യാറാവുന്നു. പക്ഷെ ജയറാമിന്റെ കാര്യം അങ്ങനെയല്ല. ഒരു പരിധിവ രെ മലയാള സിനിമയിൽ നിന്ന് നടൻ തഴയപ്പെടുകയാണെന്ന് പറഞ്ഞാൽ തെറ്റില്ലെന്ന് ആരാധകരും സമ്മതിക്കുന്നു. കരിയറിന്റെ തുടക്ക കാലം മുതൽ പ്രഗൽഭരായ സംവിധായകർക്കൊപ്പം പ്രവർത്തിച്ച നടനാണ് ജയറാം. നായകനായുള്ള ആദ്യ സിനിമ തന്നെ പത്മരാജന്റെ അപരൻ ആയിരുന്നു.
എന്നാലിന്ന് ഇത്തരം അവസരങ്ങൾ ജയറാമിലേക്കെത്തുന്നില്ല. നടൻ ദിലീപിന്റെ വളർച്ചയാണ് ജയറാമിന് അവസങ്ങൾ കുറയാൻ കാരണമായതെന്ന് സിനിമാ ലോകത്ത് മുമ്പ് സംസാരമുണ്ടായിരുന്നു. രണ്ട് പേരും കോമഡി ചെയ്യുന്നവർ. ദിലീപ് ജനപ്രിയ നായകനായി അതിവേഗം സ്ഥാനം പിടിച്ചു. പിന്നാലെ ജയറാമിന് കുടുംബ പ്രേക്ഷകരുടെ ഇടയിലുണ്ടായിരുന്ന സ്ഥാനം ഇല്ലാതായി എന്നാണ് ചർച്ചകൾ. എന്നാൽ പണ്ടേ തന്നെ ഇത്തരം വാദങ്ങളെ ജയറാം തള്ളിക്കളഞ്ഞിട്ടുണ്ട്.
ജയറാമിനെ വെച്ച് നിരവധി സിനിമകൾ സംവിധാനം ചെയ്ത വ്യക്തിയാണ് രാജസേനൻ. നടനെക്കുറിച്ച് ഇദ്ദേഹം പറഞ്ഞ വാക്കുകളാണിപ്പോൾ ശ്രദ്ധ നേടുന്നത്. മുമ്പൊരിക്കൽ മാസ്റ്റർ ബിൻ ചാനലിനോട് സംസാരിച്ചപ്പോഴാണ് ജയറാമിനെക്കുറിച്ച് പരാമർശിച്ചത്. ‘കടിഞ്ഞൂൽ കല്യാണം ഞാൻ ചെയ്യുന്ന സമയത്ത് അന്ന് ജയറാമിനെ വെച്ച് സിനിമ ചെയ്യുന്നതിൽ നിന്നും പലരും പിൻമാറുന്ന കാലഘട്ടമാണ്’
‘ഞാനും ഒന്നുമല്ലാതിരിക്കുന്നു. ജയറാമും ഒന്നും അല്ലാതിരിക്കുന്നു. ഞങ്ങൾ ഒരുമിച്ച് കഷ്ടപ്പെട്ട് ഉണ്ടാക്കിയ സിനിമയാണ്. നിർമാതാവിനെ കിട്ടാനൊക്കെ പുള്ളിയും ആവതും ശ്രമിച്ചു. സ്ക്രിപ്റ്റിന്റെ സമയത്ത് കുറച്ച് പൈസയും പുള്ളി തന്നു. അന്ന് ജയറാമെന്നോട് കാണിച്ച സ്നേഹത്തിന്റെ നന്ദിയാണ് പിന്നീട് ഞാൻ ചെയ്ത പതിനഞ്ച് സിനിമകളിൽ കൂടി അദ്ദേഹത്തിന് കൊടുത്തത്’
‘അയലത്തെ അദ്ദേഹം മുതൽ കനക സിംഹാസനം വരെയുള്ള സിനിമകളിൽ ഒന്നോ രണ്ടോ സിനിമകളാണ് ആവേറജ് ആയിപ്പോയത്. ബാക്കിയെല്ലാം 100 ദിവസത്തിലേറെ ഓടിയ സിനിമകളാണ്. ഇപ്പോൾ വാസ്തവത്തിൽ അത്രയും നല്ല സൗഹൃദത്തിലല്ല. അഞ്ചാറ് വർഷമായി ഞങ്ങൾ തമ്മിൽ സംസാരിക്കാറ് പോലുമില്ല,’ രാജസേനൻ പറഞ്ഞു. എങ്കിലും പഴയ സൗഹൃദം എപ്പോഴും ഓർക്കാൻ പറ്റുന്ന നല്ല നിമിഷങ്ങളാണെന്നും രാജസേനൻ വ്യക്തമാക്കി. 1991 ൽ പുറത്തിറങ്ങിയ സിനിമയാണ് കടിഞ്ഞൂൽ കല്യാണം. ഉർവശിയായിരുന്നു സിനിമയിലെ നായിക.
മലയാളത്തിൽ മകൾ എന്ന സിനിമയാണ് ജയറാമിന്റേതായി ഒടുവിൽ പുറത്തിറങ്ങിയത്. സത്യൻ അന്തിക്കാട് സംവിധാനം ചെയ്ത കാര്യമായി ശ്രദ്ധിക്കപ്പെട്ടില്ല. തമിഴിൽ പൊന്നിയിൻ സെൽവൻ എന്ന സിനിമയിൽ ജയറാം ഒരു വേഷം ചെയ്തു. ഈ കഥാപാത്രം ശ്രദ്ധിക്കപ്പെട്ടു. ചെന്നെെയിലാണ് നടനും കുടുംബവും താമസിക്കുന്നത്. മലയാള സിനിമാ വ്യവസായം ചെന്നെെയിൽ നിന്നും കേരളത്തിലേക്ക് മാറിയിട്ടും നടനിപ്പോഴും ചെന്നെെയിലാണ്.
മക്കളെല്ലാം ചെന്നെെയുമായി അടുത്തെന്നും ഇനി അവരെ പറിച്ച് മാറ്റുക ശ്രമകരമാണെന്നുമാണ് ജയറാം മുമ്പൊരിക്കൽ ഇതേക്കുറിച്ച് പറഞ്ഞത്. മികച്ച സിനിമയിലൂടെ ജയറാം മലയാള സിനിമാ ലോകത്തേക്ക് ശക്തമായ തിരിച്ചു വരവ് നടത്തുമെന്നാണ് പ്രേക്ഷകർ പ്രതീക്ഷിക്കുന്നത്.
വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി
Allow Notifications
You have already subscribed
English summary
When Director Rajasenan Opened Up About His Bond With Jayaram; Words Goes Viral Again
Story first published: Saturday, May 27, 2023, 14:19 [IST]