ന്യൂഡൽഹി
വനിതാ ഗുസ്‌തിതാരങ്ങൾക്കെതിരെ ലൈംഗികാതിക്രമം നടത്തിയ കേസിലെ പ്രതിയും ബിജെപി എംപിയുമായ ബ്രിജ്‌ഭൂഷൺ ശരൺസിങ്ങിനെതിരെ അനധികൃത ഖനന പരാതിയിൽ ദേശീയ ഹരിതട്രിബ്യൂണൽ അന്വേഷണത്തിന് ഉത്തരവിട്ടു.
ഉത്തർപ്രദേശിലെ ഗോണ്ടാ ജില്ലയിലെ മൂന്ന് ഗ്രാമം കേന്ദ്രീകരിച്ച് ബ്രിജ്‌ഭൂഷൺ അനധികൃത ഖനനം നടത്തുന്നെന്നാണ് പരാതി. സരയൂ നദീതീരത്തുള്ള മജ്‌ഹറാത്ത്, ജയ്‌ത്‌പുർ, നവാബ്‌ഗഞ്ജ് ഗ്രാമങ്ങളിൽ അനധികൃത ഖനനം നടത്തി പ്രധാന ധാതുക്കൾ കടത്തുന്നു. പരാതി പരിഗണിച്ച ജസ്റ്റിസ് അരുൺകുമാർത്യാഗി അധ്യക്ഷനായ ബെഞ്ച് പ്രഥമദൃഷ്ട്യാ പരിസ്ഥിതിക്ക് ഗുരുതരാഘാതമുണ്ടാക്കുന്ന കാര്യങ്ങളാണിതെന്ന് ചൂണ്ടിക്കാട്ടിയാണ് വിശദ അന്വേഷണത്തിന് ഉത്തരവിട്ടത്. വനംപരിസ്ഥിതി മന്ത്രാലയം, കേന്ദ്ര മലിനീകരണ നിയന്ത്രണ ബോർഡ്, ക്ലീൻഗംഗാ മിഷൻ, യുപി മലിനീകരണ നിയന്ത്രണ ബോർഡ് ഉദ്യോഗസ്ഥരും ജില്ലാമജിസ്‌ട്രേട്ടും അംഗങ്ങളായ സംയുക്ത സമിതി എന്നിവർ അന്വേഷിച്ച് തുടർനടപടിയെടുക്കണം–- ട്രിബ്യൂണൽ നിർദേശിച്ചു.
സംയുക്തസമിതി ഉടൻ ഗ്രാമങ്ങൾ സന്ദർശിച്ച് മൊഴിയെടുക്കണം. ചട്ടലംഘനങ്ങളും നാശനഷ്ടങ്ങളും വിലയിരുത്തണം. രണ്ടുമാസത്തിനുള്ളിൽ തുടർനടപടിയും പരിഹാരമാർഗങ്ങളും ശുപാർശ ചെയ്യണം–- തുടങ്ങിയ നിർദേശങ്ങളും നൽകിയിട്ടുണ്ട്. നവംബർ ഏഴിന് കേസ് വീണ്ടും പരിഗണിക്കും.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
മറ്റു വാർത്തകൾ