ന്യൂഡൽഹി
മണിപ്പുരിൽ കലാപത്തിൽ മരിച്ചവരുടെ മൃതദേഹങ്ങൾ കൂട്ടമായി സംസ്കരിക്കുന്നത് കുക്കി സംഘടനയായ തദ്ദേശീയ ഗോത്രനേതാക്കളുടെ സമിതി (ഐടിഎൽഎഫ്) അഞ്ചുദിവസത്തേക്ക് മാറ്റി. മണിപ്പുർ ഹൈക്കോടതി വ്യാഴം പുലർച്ചെ അഞ്ചിന് കേസ് അടിയന്തരമായി പരിഗണിച്ച് തൽസ്ഥിതി തുടരാൻ ഉത്തരവിട്ടിരുന്നു. കേന്ദ്ര–-സംസ്ഥാന സർക്കാരുകൾ വിഷയത്തിൽ ഇടപെടണമെന്നും കോടതി നിർദേശിച്ചു. തുടർന്ന് മൃതദേഹങ്ങൾ കൂട്ടമായി സംസ്കരിക്കാനുള്ള നീക്കം മാറ്റിവെയ്ക്കണമെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രാലയം ഐടിഎൽഎഫിനോട് അഭ്യർഥിച്ചു. മിസോറം മുഖ്യമന്ത്രി സോറംതാങ്കയും ഇടപെട്ടു.
ഐടിഎൽഎഫ് ദീർഘനേരത്തെ കൂടിയാലോചനകൾക്കുശേഷമാണ് കൂട്ട സംസ്ക്കാരം നീട്ടിവയ്ക്കാൻ തീരുമാനിച്ചത്. മൃതദേഹങ്ങൾ കൂട്ടമായി സംസ്കരിക്കുന്നതിന് നിശ്ചയിച്ചിട്ടുള്ള തോർബുങ് ബംഗ്ലയിലെ സെറികൾച്ചർ ഫാം നിയമപരമായി കുക്കി വിഭാഗത്തിന് കൈമാറുന്നതടക്കം അഞ്ച് ആവശ്യങ്ങൾ ഐടിഎൽഎഫ് കേന്ദ്രത്തിന് മുമ്പാകെ വച്ചിട്ടുണ്ട്.
മണിപ്പുർ പൊലീസിലെ മെയ്ത്തീ വിഭാഗക്കാരെ പൂർണമായും കുന്നുകളിലെ ഗോത്രമേഖലകളിൽനിന്ന് മാറ്റുക, ഇംഫാലിൽ കൊല്ലപ്പെട്ട കുക്കി വിഭാഗക്കാരുടെ മൃതദേഹങ്ങൾ ചുരാചന്ദ്പുരിലേക്ക് എത്തിക്കുക, കുക്കി മേഖലകളെ പൂർണമായും മണിപ്പുരിൽനിന്ന് മാറ്റുന്ന നടപടികൾ വേഗത്തിലാക്കുക, താഴ്വരയിലെ ജയിലുകളിൽ കഴിയുന്ന കുക്കി വിഭാഗക്കാരെ സുരക്ഷ കണക്കിലെടുത്ത് മറ്റ് സംസ്ഥാനങ്ങളിലേക്ക് മാറ്റുക എന്നിവയാണ് മറ്റ് ആവശ്യങ്ങൾ.
കൂട്ടസംസ്കാരം നിശ്ചയിച്ച സ്ഥലത്തേക്ക് ഇരുവിഭാഗവും കൂട്ടമായി എത്തിയാൽ വലിയ സംഘർഷത്തിന് സാധ്യതയുണ്ടെന്ന് രാവിലെ ഹൈക്കോടതി ചേർന്നപ്പോൾ ഡെപ്യൂട്ടി എജി അറിയിച്ചു. തുടർന്നാണ് ആക്റ്റിങ് ചീഫ്ജസ്റ്റിസ് എം വി മുരളീധരനും ജസ്റ്റിസ് എ ഗുണേശ്വർ ശർമയും ഉൾപ്പെട്ട ബെഞ്ച് തൽസ്ഥിതി തുടരാൻ ഇടക്കാല ഉത്തരവിട്ടത്. ആഗസ്ത് ഒമ്പതിന് കേസ് വീണ്ടും പരിഗണിക്കും.