മഞ്ചേരി > മഞ്ചേരി സബ്‌ജില്ലയിലെ പഴേടം എഎൽപി സ്‌കൂളിൽ ചോദ്യപേപ്പർ സൂക്ഷിച്ച അലമാരയും സ്‌കൂൾ ഗേറ്റും പൂട്ടിയിട്ട് ഒന്നാംപാദ വാർഷിക പരീക്ഷ തടസ്സപ്പെടുത്തിയ അറബിക് അധ്യാപികയെ സസ്‌പെൻഡുചെയ്‌തു. ജെഎൽടി അറബിക് (എഫ്‌ടി) സിദറത്തുൽ മുൻതഹയെയാണ് ജില്ലാ വിദ്യാഭ്യാസ ഡെപ്യൂട്ടി ഡയറക്‌ടർ സസ്‌പെൻഡ് ചെയ്‌തത്. ഇനിയൊരു അറിയിപ്പ് ഉണ്ടാകുന്നതുവരെ സിദറത്തുൽ മുൻതഹയെ സ്‌കൂളിൽ പ്രവേശിപ്പിക്കരുതെന്ന് മാനേജർക്കും നിർദേശം നൽകി.
വെള്ളിയാഴ്‌ച പരീക്ഷ തുടങ്ങാനിരിക്കെയാണ് ചോദ്യപേപ്പർ സൂക്ഷിച്ച അലമാര മറ്റൊരു താഴിട്ടുപൂട്ടിയതായി പ്രധാനാധ്യാപിക സി എച്ച് സൗദത്തിന്റെ ശ്രദ്ധയിൽപ്പെട്ടത്. എഇഒയും പൊലീസും എത്തിയാണ് പൂട്ടുപൊട്ടിച്ച് ചോദ്യപേപ്പർ പുറത്തെടുത്തത്. ഒന്നരമണിക്കൂർ വൈകിയാണ് പരീക്ഷ തുടങ്ങിയത്. ശനിയാഴ്‌ച പ്രധാനാധ്യാപികയും സഹ അധ്യാപകരും സ്‌കൂളിലെത്തുംമുമ്പ് സിദറത്തുൽ മുൻതഹ ഗേറ്റ് പൂട്ടിയിട്ടതായാണ് പരാതി. സ്‌കൂളിന്റെ പ്രവർത്തനം തടസ്സപ്പെടുത്തിയതിനെ തുടർന്ന് ജില്ല, ഉപജില്ലാ വിദ്യാഭ്യാസ ഓഫീസർമാർ സ്‌കൂളിൽ എത്തിയെങ്കിലും അവർക്കും കടക്കാനായില്ല. പൊലീസിന്റെ സഹായത്തോടെയാണ് ഉദ്യോഗസ്ഥർ സ്‌കൂളിൽ പ്രവേശിച്ചത്.
പരീക്ഷാ നടത്തിപ്പിൽ ക്രമക്കേടും ഉച്ചഭക്ഷണ വിതരണം തടസ്സപ്പെടുത്തിയതായും മുൻതഹക്കെതിരെ നിരവധി പരാതികളുണ്ടായിരുന്നു. എസ്എസ്‌കെ മുഖാന്തിരം പ്രൈമറി തലത്തിൽ പരീക്ഷയ്‌ക്കായി നൽകിയ ചോദ്യപേപ്പർ ഉപയോഗിച്ചില്ല. പകരം അനധികൃതമായി ചോദ്യപേപ്പർ ഉണ്ടാക്കി വിതരണംചെയ്‌തതായും കണ്ടെത്തി. ഇത് ഗുരുതരമായ അച്ചടക്കലംഘനമാണ്. ഗേറ്റ് പൂട്ടിയിട്ടതിനാൽ പാചക തൊഴിലാളികൾക്കും സ്‌കൂളിൽ പ്രവേശിക്കാനായില്ല. ഇത് ഉച്ചഭക്ഷണ വിതരണം തടസ്സപ്പെടാൻ കാരണമായി.
അധ്യാപികയ്‌ക്കെതിരെ നടപടി വേണം: കെഎസ്‌ടിഎ
മഞ്ചേരി സബ്‌ജില്ലയിലെ പഴേടം എഎൽപി സ്‌കൂളിൽ ഒന്നാം പാദവാർഷിക പരീക്ഷ തടസ്സപ്പെടുത്തിയ അറബിക് അധ്യാപികയ്‌ക്കെതിരെ നടപടിയെടുക്കണമെന്ന് കെഎസ്‌ടിഎ ജില്ലാ കമ്മിറ്റി ആവശ്യപ്പെട്ടു. മാനേജ്മെന്റ് പ്രതിനിധിയായ അധ്യാപികയ്‌ക്കെതിരെ പൊലീസ് നടപടിയും സ്വീകരിക്കണം.
വെള്ളി, ശനി ദിവസങ്ങളിൽ പരീക്ഷ തടസ്സപ്പെടുത്തി. ചോദ്യക്കടലാസ് സൂക്ഷിച്ച അലമാര വേറെ പൂട്ടിട്ട് പൂട്ടി മുങ്ങുകയും സ്‌കൂൾ ഗേറ്റ് പൂട്ടിയിടുകയുംചെയ്‌തു. എഇഒയും പൊലീസും എത്തി പൂട്ടുപൊളിച്ചാണ് ചോദ്യപേപ്പർ പുറത്തെടുത്ത് പരീക്ഷ നടത്തിയത്. പോക്സോ കേസ് പ്രതിയായ മാനേജർക്കുവേണ്ടിയാണ് അധ്യാപിക സ്‌കൂൾ പ്രവർത്തനങ്ങൾ തടസ്സപ്പെടുത്തുന്നത്. സ്‌കൂൾ മാനേജരെ അയോഗ്യനാക്കണമെന്നും ജില്ലാ കമ്മിറ്റി വാർത്താ കുറിപ്പിൽ ആവശ്യപ്പെട്ടു.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
മറ്റു വാർത്തകൾ