ആ ഏഴ് ചോദ്യങ്ങള്‍ക്ക് പുതുപ്പള്ളിയില്‍ മറുപടി ഉണ്ടോ? മുഖ്യമന്ത്രിയെ വെല്ലുവിളിച്ച് പ്രതിപക്ഷ നേതാവ്

Spread the love


ഏഴ് മാസമായി മാധ്യമങ്ങളെ കാണാതെ പുതുപ്പള്ളിയിലെത്തുന്ന മുഖ്യമന്ത്രി പിണറായി വിജയന്‍ യു.ഡി.എഫ്. ഉന്നയിക്കുന്ന ഏഴ് ചോദ്യങ്ങള്‍ക്ക് മറുപടി നല്‍കണം എന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ. കുടുംബത്തിനെതിരെ പോലും ആരോപണം ഉയര്‍ന്നിട്ടും ചോദ്യങ്ങളില്‍ നിന്നും ഓടിയൊളിക്കുന്ന കേരളത്തിലെ ആദ്യ മുഖ്യമന്ത്രിയെന്ന പേരാണ് പിണറായി വിജയനുള്ളത് എന്നും അദ്ദേഹം ആരോപിച്ചു. പുതുപ്പള്ളിയില്‍ നടത്തിയ വാര്‍ത്താസമ്മേളനത്തിൽ ഉയർന്ന പ്രധാന ആരോപണങ്ങൾ ചുവടെ:

1. മാസപ്പടി വിവാദത്തില്‍ ഇന്‍കം ടാക്‌സ് ഇന്ററീം സെറ്റില്‍മെന്റ് ഫോറത്തിന്റെ വിധി അനുസരിച്ച് ഒരു സര്‍വീസും നല്‍കാതെ മുഖ്യമന്ത്രിയുടെ മകളെന്ന നിലയില്‍ 1.72 കോടി രൂപ എക്‌സാലോജിക് കമ്പനിക്ക് നല്‍കിയത് അഴിമതിയാണ്. ഇക്കാര്യത്തില്‍ വിജിലന്‍സിനെ കൊണ്ട് അഴിമതി നിരോധന നിയമപ്രകാരം കേസെടുക്കാത്തത് എന്തുകൊണ്ട്?  വിജിലന്‍സ് സംബന്ധിച്ച നിയമം മുഖ്യന്ത്രിക്ക് ബാധകമല്ലേ?

2. 70 കോടിയില്‍ താഴെ തീര്‍ക്കാമായിരുന്ന എ.ഐ ക്യാമറ പദ്ധതിയില്‍ 180 കോടിയിലധികം ചെലവഴിക്കുകയും മുഖ്യമന്ത്രിയുടെ ബന്ധുവിന് ബന്ധമുള്ള പ്രസാഡിയോ കമ്പനിക്ക് വഴിവിട്ട് കരാര്‍ നല്‍കാനുണ്ടായ സാഹചര്യത്തെ കുറിച്ച് എന്തുകൊണ്ടാണ് അന്വേഷണം നടത്താത്തതും മുഖ്യമന്ത്രി പ്രതികരിക്കാത്തതും?

3. 1028 കോടിയുടെ കെ ഫോണ്‍ പദ്ധതി മുഖ്യമന്ത്രിയുടെ ഓഫീസിന്റെ നിര്‍ദ്ദേശ പ്രകാരം 1531 കോടിയാക്കി വര്‍ധിപ്പിക്കുകയും ധനകാര്യ വകുപ്പിന്റെ നിര്‍ദ്ദേശങ്ങളെ മറികടക്കുകയും ചൈനീസ് കേബിള്‍ ഉള്‍പ്പെടെയുള്ളവ വാങ്ങിയതും സംബന്ധിച്ച ക്രമക്കേടുകള്‍ നിലനില്‍ക്കുകയും പ്രസാഡിയോയുടെ ഇടപെടല്‍ ദുരൂഹമായിരിക്കുകയും ചെയ്യുന്ന സാഹചര്യത്തിലും എന്തുകൊണ്ടാണ് അന്വേഷണത്തിന് തയാറാകാത്തത്?

4. കോവിഡ് മഹാമാരിയുടെ കാലത്ത് സ്റ്റോര്‍ പര്‍ച്ചേസ് മാനുവല്‍ ലംഘിച്ച് മെഡിക്കല്‍ സര്‍വീസസ് കോര്‍പറേഷന്‍ വഴി പി.പി.ഇ കിറ്റ്, ഗൗസ് ഉള്‍പ്പെടെയുള്ളവ വാങ്ങിയതിലെ അഴിമതിക്ക് മുഖ്യമന്ത്രി എന്തുകൊണ്ടാണ് അംഗീകാരം നല്‍കിയത്.

5. മുഖ്യമന്ത്രി ചെയര്‍മാനായി ലൈഫ് മിഷനിലെ അഴിമതിയുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രിയുടെ പ്രിന്‍സിപ്പല്‍ സെക്രട്ടറി ജയിലിലായിട്ടും സര്‍ക്കാര്‍ പ്രഖ്യാപിച്ച വിജിലന്‍സ് അന്വേഷണം പാതിവഴിയില്‍ മുടങ്ങിപ്പോയത് എന്തുകൊണ്ട്?  ചെയര്‍മാനായ മുഖ്യമന്ത്രിക്ക് അഴിമതിയില്‍ ഉത്തരവാദിത്തമില്ലേ?

6. കേരള പൊലീസ് ഇരട്ട നീതിയാണ് കാട്ടുന്നത്. തിരുവമ്പാടി എം.എല്‍.എ ജോര്‍ജ് എം. തോമസ് പോക്‌സോ കേസ് പ്രതിയെ മാറ്റി മറ്റൊരാളെ നല്‍കിയതില്‍ പാര്‍ട്ടി മാത്രമാണ് നടപടി എടുത്തത്. എന്തുകൊണ്ടാണ് കേസെടുക്കാത്തത്. സ്ത്രീയെ അപമാനിച്ചെന്ന പരാതിയില്‍ തൃശൂര്‍ ഡി.വൈ.എഫ്.ഐ ജില്ലാ സെക്രട്ടറിക്കെതിരെയും കേസെടുക്കാത്തത് എന്തുകൊണ്ടാണ്? ആലപ്പുഴയിലും അരഡസനിലേറെ നേതാക്കളാണ് സ്ത്രീ, ലഹരി വിഷയങ്ങളില്‍ പെട്ടുകിടക്കുന്നത്. അവര്‍ക്കെതിരെ പാര്‍ട്ടി മാത്രം നടപടി എടുത്താല്‍ മതിയോ? പാര്‍ട്ടിയാണോ പൊലീസ് സ്റ്റേഷനും കോടതിയും? ഇതേക്കുറിച്ച് മുഖ്യമന്ത്രിക്ക് എന്താണ് പറയാനുള്ളത്?

7. ഓണക്കാലമായിട്ടും രൂക്ഷമായ വിലക്കയറ്റവും സംസ്ഥാനം കടുത്ത സാമ്പത്തിക പ്രതിസന്ധിയിലുമാണ്. നെല്‍ കര്‍ഷകര്‍ക്ക് പണം നല്‍കുന്നില്ല, കാര്‍ഷിക മേഖല പൂര്‍ണമായും തകര്‍ന്നു, സപ്ലൈകോ അടച്ചു പൂട്ടല്‍ ഭിഷണിയിലും കെ.എസ്.ആര്‍.ടി.സി ജീവനക്കാര്‍ക്ക് ശമ്പളം കിട്ടാത്ത അവസ്ഥയിലുമാണ്. 87 ലക്ഷം പേര്‍ക്ക് കിറ്റ് കൊടുക്കുമെന്ന് പറഞ്ഞവര്‍ 6 ലക്ഷ പേര്‍ക്കായി ചുരുക്കി. ഓണക്കാലത്ത് ജന ജീവിതം ദുരിതപൂര്‍ണമാക്കി മാറ്റിയതില്‍ മുഖ്യമന്ത്രിക്കും സര്‍ക്കാരിനും മറുപടിയില്ലേ?
പ്രതിപക്ഷത്തോടും മാധ്യമങ്ങളോടും മിണ്ടാത്ത മുഖ്യമന്ത്രിക്ക് ഉപതെരഞ്ഞെടുപ്പ് നടക്കുന്ന പുതുപ്പള്ളിയിലെ വോട്ടര്‍മാരോടെങ്കിലും മറുപടി പറയാനുള്ള ബാധ്യതയുണ്ട്.

ഈ ചോദ്യങ്ങള്‍ക്കുള്ള മറുപടി മുഖ്യമന്ത്രി പറഞ്ഞേ മതിയാകൂ. പ്രതിപക്ഷം എന്തുചെയ്‌തെന്ന ചോദ്യത്തിന്, ആരോപണങ്ങള്‍ ഉന്നയിച്ച് മറുപടി പറയാന്‍ പറ്റാത്തരീതിയില്‍ മുഖ്യമന്ത്രിയുടെ വാ അടപ്പിച്ചുവെന്നതാണ് ഉത്തരം. വായടപ്പിച്ച അതേ പ്രതിപക്ഷം തന്നെ മുഖ്യമന്ത്രിയുടെ വാ തുറക്കാനുള്ള സമ്മര്‍ദ്ദമാണ് ഏഴ് ചേദ്യങ്ങളിലൂടെ ചെലുത്തുന്നത്. ഉത്തരം പറയാന്‍ തയാറായില്ലെങ്കില്‍ ഇതിനെല്ലാം മുഖ്യമന്ത്രി ഉത്തരവാദിയാണെന്ന് കരുതേണ്ടി വരും. സ്വന്തം കുടുംബത്തിനെതിരെ പോലും ആരോപണം ഉയര്‍ന്നിട്ടും ചോദ്യങ്ങളില്‍ നിന്നും ഓടിയൊളിക്കുന്ന കേരളത്തിലെ ആദ്യ മുഖ്യമന്ത്രിയെന്ന പേരാണ് പിണറായി വിജയനുള്ളത്.

തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ച അന്നു തന്നെ ജില്ലയിലെ സി.പി.എം നേതാവ് ഉമ്മന്‍ ചാണ്ടിക്കും കുടുംബത്തിനും എതിരെ പ്രചരണം ആരംഭിച്ചു. ജനങ്ങള്‍ക്കിടയില്‍ നിന്നും ശക്തമായ പ്രതിഷേധം ഉണ്ടായപ്പോള്‍ ഇനി പറയില്ലെന്ന് സി.പി.എം സംസ്ഥാന സെക്രട്ടറി പറഞ്ഞു. എന്തെങ്കിലും ആത്മാര്‍ത്ഥതയുണ്ടെങ്കില്‍ ഉമ്മന്‍ ചാണ്ടിക്കെതിരെ പറഞ്ഞ എം.എം മണിക്കെതിരെ നടപടി എടുക്കണം. പാര്‍ട്ടി സെക്രട്ടറി ഗോവിന്ദന് എന്തെങ്കിലും വിലയുണ്ടോയെന്ന് അറിയട്ടെ. പാര്‍ട്ടി സെക്രട്ടറിയുടെ അറിവോടെയാണോ എം.എം മണി ഇങ്ങനെ പറഞ്ഞത്? അതോ ഗോവിന്ദന് ഒരു കാര്യവുമില്ലേ?  വാ പോയ കോടാലി പോലെയാണ് എം.എം മണി ചീത്ത പറയാന്‍ ഇറങ്ങിയിരിക്കുന്നത്. മുഖ്യമന്ത്രി തന്നെ മലയാള ഭാഷയ്ക്ക് സംഭാവന നല്‍കിയ വാക്കാണ് ‘പരനാറി’. അതേ വാക്കാണ് എം.എം മണിയും ഇപ്പോള്‍ ഉപയോഗിച്ചിരിക്കുന്നത്. വനിതാ മാധ്യമ പ്രവര്‍ത്തകരെ പോലും സി.പി.എം സൈബര്‍ ഗുണ്ടകള്‍ ആക്രമിക്കുകയാണ്. മാസപ്പടി വിവാദം ആദ്യമായി റിപ്പോര്‍ട്ട് ചെയ്ത മനോരമയിലെ ജോമി തോമസിനെയും കുടുംബത്തെയും ഇപ്പോള്‍ ആക്രമിക്കുന്നു. ഇത്രയും ഹീനമായ ആക്രമണം നടത്തുന്ന പാര്‍ട്ടിയാണ് സി.പി.എം. ഉമ്മന്‍ ചാണ്ടിയുടെ കുടുംബവും മക്കളും എന്ത് തെറ്റാണ് ചെയ്തത്. അവരെ എന്തിനാണ് ആക്രമിക്കുന്നത്. പുതുപ്പള്ളിയിലെ ജനങ്ങള്‍ എല്ലാം നോക്കിക്കാണുന്നുണ്ട്. സി.പി.എം കാട്ടുന്ന ഹീനമായ മാര്‍ഗങ്ങള്‍ക്ക് മറുപടി നല്‍കാന്‍ പുതുപ്പള്ളിയിലെ ജനങ്ങളോട് ഞങ്ങള്‍ അഭ്യര്‍ത്ഥിക്കുകയാണ്.




കോഴിക്കോട്

കോഴിക്കോട്

ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ‍്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.



Source link

Facebook Comments Box

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!