ലോക്‌സഭാ – നിയമസഭാ തെരഞ്ഞെടുപ്പുകൾ ഒന്നിച്ചോ?; ഒരു രാജ്യം, ഒരു തെരഞ്ഞെടുപ്പ്‌ ബില്ല്‌ കൊണ്ടുവരുമെന്ന്‌ സൂചന

Spread the love

ഷാനവാസ് കാരിമറ്റം

ന്യൂഡൽഹി:  സെപ്തംബർ 18 മുതൽ 22 വരെ പാർലമെന്റിന്റെ അസാധാരണ സമ്മേളനം വിളിച്ചുചേർത്തത് ഒരു രാജ്യം, ഒരു തെരഞ്ഞെടുപ്പ് ബില്ല് കൊണ്ടുവരുന്നതിനെന്ന് ദേശീയമാധ്യമങ്ങൾ. മോദി സർക്കാർ. പ്രത്യേക സമ്മേളനമെന്ന പേരിലാണ് അഞ്ചുദിവസത്തേക്ക് ലോക്സഭയും രാജ്യസഭയും ചേരുന്നത്. പാർലമെന്ററികാര്യ മന്ത്രി പ്രഹ്ലാദ് ജോഷിയാണ് അഞ്ചുദിവസത്തെ പ്രത്യേക സമ്മേളനം ചേരുമെന്ന് അറിയിച്ചത്. എന്നാൽ എന്താണ് അജണ്ടയെന്ന് മന്ത്രി വ്യക്തമാക്കിയില്ല. അമൃതകാലത്തിൽ അർത്ഥവത്തായ ചർച്ചകളും സംവാദങ്ങളും പാർലമെന്റിൽ പ്രതീക്ഷിക്കുന്നതായി മാത്രം പ്രഹ്ലാദ് ജോഷി പറഞ്ഞു.

ലോക്സഭാ തെരഞ്ഞെടുപ്പും നിയമസഭാ തെരഞ്ഞെടുപ്പുകളും ഒന്നിച്ച് നടത്തുകയെന്ന ലക്ഷ്യത്തോടെ ‘ഒരു രാജ്യം, ഒരു തെരഞ്ഞെടുപ്പ്’ ബില്ല് കൊണ്ടുവരുന്നതിനാണ് പ്രത്യേക സമ്മേളനമെന്ന് ചില ദേശീയമാധ്യമങ്ങൾ റിപ്പോർട്ടുചെയ്തു. അഞ്ച് സംസ്ഥാന നിയമസഭകളിലെ തെരഞ്ഞെടുപ്പിനൊപ്പം ലോക്സഭാ തെരഞ്ഞെടുപ്പ് ഡിസംബറിൽ നടത്താൻ കേന്ദ്രസർക്കാർ ആലോചിക്കുന്നതായി പ്രതിപക്ഷത്തെ ചില നേതാക്കൾ അഭിപ്രായപ്പെട്ടതിന് പിന്നാലെയാണ് പ്രത്യേക സമ്മേളനം വിളിച്ചതെന്നതും ശ്രദ്ധേയം.

‘ഒരു രാജ്യം ഒരു തെരഞ്ഞെടുപ്പ്’ എന്ന ആശയം ആർഎസ്എസും ബിജെപിയും 1990 കളുടെ അവസാനം മുതൽ മുന്നോട്ടുവെയ്ക്കുന്നതാണ്. 1999 ലെ ലോ കമീഷൻ റിപ്പോർട്ടിലും ഈ നിർദേശം ഉൾപ്പെടുത്തി. 2014 ലെ ബിജെപിയുടെ പ്രകടനപത്രികയിലും ‘ഒരു രാജ്യം ഒരു തെരഞ്ഞെടുപ്പ്’ ഉൾപ്പെട്ടു. 2017 ജനുവരിയിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി ഒരു പൊതുചടങ്ങിൽ ഈ ആശയം മുന്നോട്ടുവെച്ചു. അതേ വർഷം നിതി ആയോഗിന്റെ ഭാഗമായി ചേർന്ന മുഖ്യമന്ത്രിമാരുടെ സമ്മേളനത്തിലും മോദി നിർദേശം ആവർത്തിച്ചു. 2019 ൽ വീണ്ടും തെരഞ്ഞെടുക്കപ്പെട്ടതിന് ശേഷവും പലവട്ടം മോദി ‘ഒരു രാജ്യം ഒരു തെരഞ്ഞെടുപ്പ്’ ആശയം ആവർത്തിച്ചു. തെരഞ്ഞെടുപ്പ് പല ഘട്ടങ്ങളിലായി നടക്കുന്നത് വികസനത്തെ ബാധിക്കുന്നുവെന്ന വാദമാണ് പ്രധാനമന്ത്രിയുടേത്. നിലവിലെ നിയമ കമീഷനും ‘ഒരു രാജ്യം ഒരു തെരഞ്ഞെടുപ്പ്’ വിഷയത്തിൽ രാഷ്ട്രീയ പാർടികളുടെ അഭിപ്രായം തേടിയിരുന്നു. ഭൂരിഭാഗം പാർടികളും ആശയത്തോട് വിയോജിക്കുകയാണുണ്ടായത്.

1951–-52 ൽ ലോക്സഭയിലേക്കും നിയമസഭകളിലേക്കും ഒന്നിച്ചായിരുന്നു തെരഞ്ഞെടുപ്പ്. 1957 തൊട്ട് സ്ഥിതിയിൽ മാറ്റംവന്നു തുടങ്ങി. നിലവിൽ ലോക്സഭാ തെരഞ്ഞെടുപ്പിനൊപ്പം ഒഡീഷ, ആന്ധ്ര, സിക്കിം, അരുണാചൽ സംസ്ഥാനങ്ങളിലേക്ക് മാത്രമാണ് നിയമസഭാ തെരഞ്ഞെടുപ്പ്.

Facebook Comments Box

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!