മലപ്പുറം: സിനിമ കാണാനെത്തിയവരെ ഓൺലൈൻ ടിക്കറ്റെടുക്കാൻ മടക്കിയയച്ച തിയറ്റർ ഉടമ 25000 രൂപ നഷ്ടപരിഹാരം നൽകണം. മലപ്പുറം മഞ്ചേരിയിലാണ് സംഭവം. 25000 രൂപ നഷ്ടപരിഹാരത്തിന് പുറമെ കോടതി ചെലവായി പതിനായിരം രൂപയും നൽകാൻ ജില്ലാ ഉപഭോക്തൃ കമീഷൻ ഉത്തരവിൽ വ്യക്തമാക്കുന്നു.
മഞ്ചേരി കരുവമ്പ്രം സ്വദേശി ശ്രീരാജ് വേണുഗോപാലാണ് പരാതിക്കാരൻ. കേസിന് ആസ്പദമായ സംഭവം ഉണ്ടായത് 2022 നവംബര്‍ 12ന് ആയിരുന്നു. ഇതേദിവസം സുഹൃത്തുമൊന്നിച്ച് മഞ്ചേരിയിലെ ‘ലാഡര്‍’ തിയറ്ററിലാണ് ശ്രീരാജ് എത്തിയത്. അടുത്ത ദിവസത്തേക്കുള്ള ടിക്കറ്റിനാണ് ഇവർ തിയറ്ററിലെത്തിയത്.
എന്നാൽ ടിക്കറ്റ് നല്‍കാതെ സ്വകാര്യ ഓണ്‍ലൈൻ പ്ലാറ്റ്ഫോമില്‍നിന്ന് ടിക്കറ്റ് ബുക്ക് ചെയ്യാൻ പറഞ്ഞ് തിരിച്ചയക്കുകയായിരുന്നു. ഓണ്‍ലൈനില്‍ ടിക്കറ്റിനായി നോക്കിയപ്പോൾ 23 രൂപ 60 പൈസ അധികമായി ഈടാക്കുന്നുണ്ടെന്ന് ശ്രീരാജിന് മനസിലായത്.
ഇത്തരത്തിൽ അധികമായി വാങ്ങുന്ന തുക തിയറ്ററുടമയും ഓണ്‍ലൈൻ പ്ലാറ്റ്ഫോം ഉടമയും പങ്കിട്ടെടുക്കുകയാണെന്നും ഇത് ഉപഭോക്തൃ സംരക്ഷണ നിയമപ്രകാരം തെറ്റാണെന്നും ചൂണ്ടിക്കാണിച്ചാണ് ശ്രീരാജ് ഉപഭോക്തൃ കമീഷനില്‍ പരാതി നല്‍കിയത്.
സ്ഥിരമായി ഈ തിയറ്ററില്‍നിന്ന് സിനിമ കാണുന്ന പരാതിക്കാരൻ ഓണ്‍ലൈനില്‍ സ്ഥിരമായി ടിക്കറ്റെടുക്കുന്നതിന്റെയും അധികസംഖ്യ ഈടാക്കുന്നതിന്റെയും രേഖകള്‍ കമീഷൻ മുമ്ബാകെ ഹാജരാക്കി. ഇതേത്തുടർന്ന് ഏറെക്കാലം നീണ്ട വാദത്തിനൊടുവിലാണ് തിയറ്റർ ഉടമ 25000 രൂപ നഷ്ടപരിഹാരം നൽകണമെന്ന ഉത്തരവ് ജില്ലാ ഉപഭോക്തൃ കമ്മീഷൻ പുറപ്പെടുവിച്ചത്.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ‍്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.