ഇംഫാലിൽ പൊലീസുകാരന്റെ 
വീട്‌ തകർത്തു ; വ്യാപക തിരച്ചിൽ; 
ആയുധങ്ങൾ കണ്ടെടുത്തു

Spread the love




ഇംഫാൽ

പൊലീസ്‌ അറസ്റ്റ്‌ ചെയ്‌ത അഞ്ച്‌ വില്ലേജ്‌ ഡിഫൻസ്‌ വളന്റിയർമാരെ വിട്ടയക്കണമെന്നാവശ്യപ്പെട്ട്‌ 48 മണിക്കൂർ ബന്ദ്‌ നടത്തിയിട്ടും അനുകൂല തീരുമാനമുണ്ടാകാത്തതിൽ പ്രകോപിതരായ മെയ്‌ത്തീ വനിതകളുടെ സംഘടനയായ മെയ്‌രാ പെയ്‌ബി നേതൃത്വത്തിൽ പൊലീസുകാരന്റെ വീട്‌ തകർത്തു. ഇംഫാൽ വെസ്റ്റിലെ സിങ്‌ജാമി പൊലീസ് സ്റ്റേഷൻ ചുമതലയുള്ള ഉദ്യോഗസ്ഥന്റെ വീടാണ്‌ തകർത്തത്‌. അക്രമികളെ പിരിച്ചുവിടാൻ പൊലീസ്‌ കണ്ണീർവാതകം പ്രയോഗിച്ചു. 

അതേസമയം ജുഡീഷ്യൽ കസ്റ്റഡിയിലുള്ള അഞ്ച് അക്രമികളെയും വെള്ളിയാഴ്ച കോടതിയിൽ ഹാജരാക്കും. പിടിച്ചുപറി, ഭീഷണി, പൊലീസ് യൂണിഫോം ദുരുപയോഗം ചെയ്യൽ, ആൾമാറാട്ടം എന്നിവയാണ്‌ അക്രമികൾക്കെതിരെ ചുമത്തിയത്‌.   പ്രതികളെ വിട്ടയക്കണമെന്നാവശ്യപ്പെട്ട്‌ കഴിഞ്ഞ ചൊവ്വാഴ്‌ച മെയ്‌രാ പെയ്‌പി പ്രവർത്തകർ പൊലീസ് സ്റ്റേഷനിലേക്ക്‌ മാർച്ച്‌ നടത്തിയിരുന്നു. ജനക്കൂട്ടത്തെ പിരിച്ചുവിടാൻ സുരക്ഷാ സേനയും പൊലീസും ശ്രമിച്ചപ്പോൾ  50 സ്ത്രീകൾക്ക്  പരിക്കേറ്റതായും റിപ്പോർട്ടുണ്ട്‌.

യുഎന്നിൽ വീണ്ടും 
മണിപ്പുർ വിഷയം

യുഎൻ മനുഷ്യാവകാശ കൗൺസിലിന്റെ 54–-ാമത്‌ സെഷനിൽ മണിപ്പുർ വിഷയം പ്രത്യേകമായി ചർച്ചചെയ്യപ്പെട്ടു. ആഗോള ഇവാഞ്ചലിക്കൽ കൂട്ടായ്‌മയുടെ ജനീവ ഓഫീസ്‌ ഡയറക്ടർ വിസാം അൽ സാലിബിയുടെ അധ്യക്ഷതയിലാണ്‌ ചർച്ച നടന്നത്‌. മണിപ്പുരിലെ പ്രതിസന്ധിയും ഇന്ത്യയിലെ മനുഷ്യാവകാശങ്ങളുടെ അവസ്ഥയും എന്നതായിരുന്നു ചർച്ചാവിഷയം. എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്നതും കൂടുതൽ ജനാധിപത്യമുള്ളതുമായ ഒരു രാജ്യമാക്കി ഇന്ത്യയെ മാറ്റുന്നതിനായി കേന്ദ്ര സർക്കാർ കൂടുതൽ ശ്രമം നടത്തണമെന്ന്‌ യോഗം നിർദേശിച്ചു.

 

വ്യാപക തിരച്ചിൽ; 
ആയുധങ്ങൾ കണ്ടെടുത്തു

മണിപ്പുരിൽ സംഘർഷമേഖലകളിൽ പൊലീസും കേന്ദ്രസേനയും സംയുക്തമായി നടത്തിയ തിരച്ചിലിൽ വ്യാപകമായി ആയുധങ്ങൾ കണ്ടെടുത്തു. തിരച്ചിലുമായി ബന്ധപ്പെട്ട്‌ 873 പേരെ കസ്റ്റഡിയിലെടുത്തിട്ടുണ്ട്‌. പടിഞ്ഞാറൻ ഇംഫാൽ, തൗബാൽ, ബിഷ്‌ണുപ്പുർ, കാങ്‌പോക്‌പി, ചുരചന്ദ്‌പ്പുർ എന്നീ ജില്ലകളിലായി കുക്കി–- മെയ്‌ത്തീ മേഖലകൾ അതിരിടുന്ന പ്രദേശങ്ങളിലാണ്‌ തിരച്ചിൽ നടത്തിയത്‌.

തിരച്ചിലിന്റെ ഭാഗമായി സംഘർഷമേഖലകളിൽ 127 പുതിയ ചെക്ക്‌പോസ്റ്റുകൾ സ്ഥാപിക്കാനായതായി പൊലീസും കേന്ദ്രസേനയും അവകാശപ്പെട്ടു. കുക്കി, മെയ്‌ത്തീ വിഭാഗങ്ങൾ തടസ്സങ്ങൾ സൃഷ്ടിച്ചിരുന്ന എൻഎച്ച്‌– -37, എൻഎച്ച്‌– -2 ദേശീയപാതകളിലൂടെ അവശ്യവസ്‌തുക്കൾ കയറ്റിയ വാഹനങ്ങൾ കടത്തിവിടുന്നതിലും വിജയിക്കാനായതായി പൊലീസ്‌ അറിയിച്ചു. എൻഎച്ച്‌ 37ലൂടെ 182 വാഹനവും എൻഎച്ച്‌ 2 വഴി 19 വാഹനവുമാണ്‌ തടസ്സങ്ങൾ നീക്കി കടത്തിവിട്ടത്‌.



ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..

മറ്റു വാർത്തകൾ





Source link

Facebook Comments Box

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!