റേറ്റ് കൃത്യമായി അറിയാത്തതിനാൽ, ആറായിരം പറഞ്ഞാൽ കുറഞ്ഞു പോകുമോയെന്നും കരുതി, ഞാൻ മടിച്ചുമടിച്ചു ആറായിരം പറഞ്ഞു. എന്നാൽ എന്നെ ഞെട്ടിച്ചു കൊണ്ട്, “ആറായിരം ഒക്കെ കൂടുതലാണ് സാറെ, ഒരു മൂവായിരം രൂപ തന്നാൽ മതി” എന്നു പറഞ്ഞു ലിൻസൺ. അതായത്, അൺലോഡിങ്ങിനായി ലോജിസ്റ്റിക് കമ്പനി എന്റെ കയ്യിൽ നിന്നും വാങ്ങുമായിരുന്ന കാശിന്റെ നേർപകുതി!. പ്രതീഷ് പ്രകാശിന്റെ കുറിപ്പ്.
ലോഡ് ഇറക്കേണ്ടത് കേരളത്തിലാണെന്നു പറഞ്ഞപ്പോൾ, ലോജിസ്റ്റിക് കമ്പനിയുടെ മാനേജരുടെ ശബ്ദത്തിൽ പൊടുന്നനെ ഭയാശങ്കകൾ നിഴലിക്കാൻ തുടങ്ങി. അതുവരെ കോൺഫിഡന്റായി തള്ളി മറിച്ചയാൾ, “കേരളത്തിൽ യൂണിയനുണ്ട് സാറെ, ഞങ്ങൾറക്കിറക്കാൻ മേല” എന്നു പറഞ്ഞു കയ്യൊഴിഞ്ഞു. വരുന്നത് വരുന്നിടത്തു വെച്ചു കാണാമെന്നു കരുതി ഞാനുമത് സമ്മതിച്ചു. എനിക്കാണെങ്കിൽ അധികം സമയവുമില്ല.
കൊച്ചിയിലേക്ക് താമസം മാറ്റിയപ്പോൾ, ഡെൽഹി ഫ്ലാറ്റിലുണ്ടായിരുന്ന വസ്‌തുവകകളൊക്കെ ഇവിടേക്കയയ്ക്കാൻ ഒരു ലോജിസ്റ്റിക് കമ്പനിയെ ഏൽപിച്ചിരുന്നു.
കഴിഞ്ഞ ശനിയാഴ്ച ഡെൽഹിയിൽ നിന്നും കയറ്റി വിട്ട ലോഡ് കൊച്ചിയിലിന്നുച്ചയ്ക്കാണെത്തിയത്. ലോജിസ്റ്റിൿ കമ്പനിയുടെ കൊച്ചിയിലെ മാനേജർ വിളിച്ചയുടനെ, എറണാകുളത്തുള്ള സഖാക്കൾ വഴി, സിഐടിയു എളംകുളം യൂണിറ്റിലെ സഖാവ് കൃഷ്‌ണകുമാറിനെ ബന്ധപ്പെട്ടു. അദ്ദേഹം ആളെ വിടാമെന്നു പറഞ്ഞു. ഇപ്പോൾ, എന്റെ മനസ്സിലുള്ള ചിത്രം ഏകദേശം ഇപ്രകാരമാണ്. ലോജിസ്റ്റിൿ കമ്പനിയുടെ ട്രക്ക് വരുന്നു. ലോഡിങ്ങ്-അൺലോഡിങ്ങ് യൂണിയനിലെ സഖാക്കൾ ലോഡിറക്കുന്നു. ദിവസം ശുഭമായി തീരുന്നു. ഇങ്ങനെ വിചാരിച്ചിരിക്കുമ്പോഴാണ് അപ്രതീക്ഷിതമായ ചില ട്വിസ്റ്റുകൾ കഥയിൽ സംഭവിക്കുന്നത്.
ഫ്ലാറ്റിലേക്ക് വരുന്ന വഴിയിൽ ഇലക്ട്രിക് പോസ്റ്റിൽ തൂങി കിടന്ന കേബിളുകൾ കാരണം ലോഡ് കയറ്റിവന്ന വണ്ടിക്ക് ഫ്ലാറ്റിന്റെ സമീപത്തേക്ക് വരാൻ കഴിയില്ല എന്നു ഡ്രൈവർ വിളിച്ചു പറഞ്ഞു. കുറച്ചു നേരത്തെ കൺഫ്യൂഷന് ശേഷം, ഫ്ലാറ്റിൽ നിന്നും ഏകദേശം അഞ്ഞൂറ് മീറ്ററകലെ, റോഡ് സൈഡിൽ വലിയ വണ്ടി നിർത്തിയിട്ട്, അവിടെ നിന്നും ചെറിയ പിക്കപ്പ് വാഹനത്തിൽ ലോഡ് ഫ്ലാറ്റിലേക്കു കൊണ്ടുവരാമെന്നു തീരുമാനിച്ചു. നാല് മണിയായിട്ടും കളമശ്ശേരിയിൽ നിന്ന് ലോജിസ്റ്റിക്‌സ് കമ്പനിയുടെ ചെറിയ പിക്കപ്പ് ട്രക്ക് എത്തിയില്ല. അഞ്ചരയ്ക്ക് മുന്നേ അൺലോഡിങ്ങ് തീർക്കണമെന്നു ഫ്ലാറ്റിലെ സെക്രട്ടറിയും വിളിച്ചു പറഞ്ഞു. ഇതൊന്നും പോരാഞ്ഞിട്ട് മാനത്ത് മഴക്കോളും.
ഇതിനിടയിൽ സഖാവ് കൃഷ്‌ണകുമാർ വന്നു കാര്യങ്ങളന്വേഷിച്ചു പോയി. പിക്കപ്പ് വാൻ വന്നാലും ലോഡ് മാറ്റാനായി മൂന്ന് ട്രിപ്പും, പണി തീർക്കാനായി രണ്ടു മണിക്കൂറെങ്കിലുമെടുക്കും എന്നു ലോഡ് കൊണ്ടുവന്ന ഹിന്ദിക്കാരൻ പയ്യനും പറഞ്ഞപ്പോൾ ടെൻഷൻ കൂടി. വരുന്നത് വരുന്നിടത്തു വെച്ചു കാണാമെന്നു പറഞ്ഞപ്പോഴുണ്ടായ ധൈര്യമൊക്കെ ചോർന്നു പോകാൻ തുടങ്ങി. ഏകദേശം നാലരയായപ്പോൾ പിക്കപ്പ് ട്രക്ക് എത്തി. ഉടനേ തന്നെ, സഖാവ് കൃഷ്‌ണകുമാർ പറഞ്ഞു വിട്ട, സഖാവ് ലിൻസൺ ജോസഫിന്റെ നേതൃത്വത്തിലുള്ള അഞ്ചു തൊഴിലാളികൾ വന്നത്.
“ഞങ്ങളിറക്കിയാൽ ഇപ്പോൾ തന്നെ തീർക്കാം” എന്നു പറഞ്ഞവർ പെട്ടെന്നു തന്നെ പണി തുടങ്ങി.
പിന്നീടെല്ലാം ശരവേഗത്തിലാണ് നടന്നത്. മൂന്ന് ട്രിപ്പ് വേണ്ടി വരുമെന്നു പറഞ്ഞയിടത്ത് ഒറ്റ ട്രിപ്പിൽ തന്നെ എല്ലാ സാധനങ്ങളും പോയി. ആറരയ്ക്ക് തീരുമെന്ന് ഞാൻ വിചാരിച്ചിരുന്ന പണി അഞ്ചേ കാലിന് തീർത്തു തന്നു. അതിവേഗത്തിൽ പണി തീർത്തുവെന്നു മാത്രമല്ല, അങ്ങേയറ്റം പ്രൊഫഷണലായും സൂക്ഷമതയോടെയുമാണ് അവർ ജോലിയെ സമീപിച്ചത്. ഇടയ്ക്ക് ഒരു കൈ സഹായം ഞാൻ ചെയ്യാമെന്നു പറഞ്ഞപ്പോൾ, എല്ലാം ഞങ്ങൾ തന്നെ ചെയ്തോളം എന്നു പറഞ്ഞ് അവരെന്നെ നിരുത്സാഹപ്പെടുത്തി.
ഇനി അൽപം ഫ്ലാഷ് ബാക്ക്. കേരളത്തിൽ ലോഡിറക്കില്ല എന്നു പറഞ്ഞ ലോജിസ്റ്റിക് കമ്പനി, അവരാദ്യം ക്വോട്ട് ചെയ്‌ത തുകയിൽ നിന്നും, ആറായിരം രൂപയാണ് കുറച്ചു തന്നത്. അപ്പോൾ, ഒരാൾക്ക് ആയിരം രൂപ എന്ന നിരക്കിൽ ആറായിരം രൂപയെങ്കിലുമാകും എന്നായിരുന്നു, അതുകൊണ്ടുതന്നെ, ഞാൻ പ്രതീക്ഷിച്ചിരുന്നതും.
എന്തായാലും, പണിയെല്ലാം കഴിഞ്ഞ് സഖാവ് ലിൻസൺ ജോസഫിന്റെയടുത്ത് എത്രയാണ് ചാർജ് എന്നു ചോദിച്ചപ്പോൾ എന്റെ ഇഷ്‌ടത്തിന് അനുസരിച്ച് കൊടുക്കാൻ പറഞ്ഞു. റേറ്റ് കൃത്യമായി അറിയാത്തതിനാൽ, ആറായിരം പറഞ്ഞാൽ കുറഞ്ഞു പോകുമോയെന്നും കരുതി, ഞാൻ മടിച്ചുമടിച്ചു ആറായിരം പറഞ്ഞു. എന്നാൽ എന്നെ ഞെട്ടിച്ചു കൊണ്ട്, “ആറായിരം ഒക്കെ കൂടുതലാണ് സാറെ, ഒരു മൂവായിരം രൂപ തന്നാൽ മതി” എന്നു പറഞ്ഞു ലിൻസൺ. അതായത്, അൺലോഡിങ്ങിനായി ലോജിസ്റ്റിക് കമ്പനി എന്റെ കയ്യിൽ നിന്നും വാങ്ങുമായിരുന്ന കാശിന്റെ നേർപകുതി!.
വെറുതേയൊന്ന് കണക്കു കൂട്ടി നോക്കി. ഡെൽഹിയിൽ എന്റെ ഫ്ലാറ്റിൽ സാധനങ്ങൾ പാക്ക് ചെയ്യാനും ലോഡ് ചെയ്യാനും വന്നത് മൂന്നു പേരാണ്. അൺലോഡിങ്ങിന് ലോജിസ്റ്റിൿ കമ്പനിയെ തന്നെ ഏല്പിച്ചിരുന്നുവെങ്കിൽ, ഇവിടെയും മൂന്ന് പേരിൽ കൂടുതൽ ആളുകളെ പ്രതീക്ഷിക്കേണ്ടതില്ല. അതിനനുസരിച്ച് പണിയും നീളും, കൂലിയാകട്ടെ എത്രയധികവുമാകുമായിരുന്നു. പണി നീളുന്നതിന്റെയനുസരിച്ച് മറ്റ് സങ്കീർണതകളും.
സത്യസന്ധമായി തൊഴിലെടുക്കുന്ന, ആവശ്യത്തിനുള്ള കൂലി മാത്രം വാങ്ങുന്ന ഈ മനുഷ്യരെക്കുറിച്ചാണ് വലതുപക്ഷമാധ്യമങ്ങളും നിക്ഷിപ്‌തതാൽപര്യത്തോടെ സോഷ്യൽ മീഡിയയിൽ ഇടപെടുന്ന ചിലയാളുകളും ഇല്ലാക്കഥകൾ പറഞ്ഞു പരത്തുന്നത്. സത്യത്തിൽ, ഈ ലോജിസ്റ്റിക് കമ്പനികളാണ് ഉപഭോക്താക്കളുടെ കയ്യിൽ നിന്നും അമിതമായ കൂലി ഈടാക്കുന്നത്. ഇതാകട്ടെ, ഒരു പാക്കേജായി വരുന്നുവെന്നതിനാൽ കൃത്യമായി എത്ര തുകയാണ് അധികമായി വാങ്ങുന്നുവെന്നത് നമ്മൾ അറിയുന്നേയില്ല. എന്നു മാത്രവുമല്ല, ഈ വാങ്ങുന്ന കൂലി മുഴുവൻ തൊഴിലാളികൾക്കാണ് പോകുന്നതെന്ന് ഉറപ്പു വരുത്താനുമാകില്ല. എത്ര മാധ്യമങ്ങളിൽ നിങ്ങൾക്ക് ഈ അമിതക്കൂലിയെക്കുറിച്ച് വായിക്കാൻ കഴിയും. കേരളത്തിലെ ഒരു പ്രമുഖ മാധ്യമ മുതലാളിമാരുടെ സൈഡ് ബിസിനസ്സ് ഇത്തരം ലോജിസ്റ്റിൿ ബിസിനസ്സ് ആണെന്നും കൂടെ പറയട്ടെ.
കേരളത്തിലെ തൊഴിലാളികൾക്ക് ഈ വേതനം കൊണ്ടുതന്നെ കൊച്ചി പോലൊരു മഹാനഗരത്തിൽ, കേരളം പോലൊരു കൊച്ചു സംസ്ഥാനത്ത് ജീവിക്കാൻ കഴിയുന്നുണ്ട് എങ്കിൽ അതിനു കാരണം ഈ സമൂഹം ഉറപ്പു നൽകുന്ന സാമൂഹ്യസുരക്ഷയാണ്. പൊതുജനാരോഗ്യ മേഖലയും പൊതുവിദ്യാഭ്യാസമേഖലയും മറ്റേത് ഇന്ത്യൻ സംസ്ഥാനത്തെ അപേക്ഷിച്ചും സുശക്തമാണ് കേരളത്തിൽ. ഇതൊക്കെ സാധ്യമായത്, നേരത്തെ പറഞ്ഞ ലോജിസ്റ്റിൿ കമ്പനി ഭയപ്പെട്ട യൂണിയനൈസേഷൻ മൂലമാണ്. അതായത്, തൊഴിലാളികൾ സുസംഘടിതരെങ്കിൽ മുതലാളിമാർ ഒഴികെയുള്ള സമൂഹത്തിലെ ഭൂരിഭാഗം വരുന്ന ജനവിഭാഗങ്ങൾക്കും അത് ഗുണകരമാണ്.
ഇനി മുതൽ, കേരളത്തിലേക്കാണ് ലോഡ് വരുന്നതെങ്കിൽ, ലോജിസ്റ്റിക് കമ്പനികളോട് പറയുക. “ഇവിടെ യൂണിയനുണ്ട്. അതുകൊണ്ട്, അൺലോഡിങ്ങ് ഞങ്ങൾ തന്നെ ചെയ്‌തുകൊള്ളാം. നിങ്ങൾ അതിന്റെ തുക കുറച്ചു തരൂ.” എന്നു പറയൂ. ലോഡ് എത്തുന്നതിന് മുമ്പായി അടുത്തുള്ള CITU ലോഡിങ്ങ്-അൺലോഡിങ്ങ് യൂണിയനിൽ വിളിക്കൂ. തൊഴിലാളികളെ നേരിട്ടു വിളിച്ചു വരുത്തി പണിയെടുപ്പിക്കൂ. അവർ ന്യായമായ കൂലിയേ നിങ്ങളുടെ കയ്യിൽ നിന്നും വാങ്ങുകയുമുള്ളൂ. നമുക്കു ലാഭം, അവർക്ക് അധികവരുമാനം. എന്തിനാണ് വെറുതേ നോയിഡയിലേയും ഗുരുഗ്രാമിലേയും മുതലാളിമാർക്ക് കൊള്ളലാഭം ഉണ്ടാക്കി കൊടുക്കുന്നത്?.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
മറ്റു വാർത്തകൾ