കൊല്ലം > ‘1909ൽ ജർമൻ ശാസ്ത്രജ്ഞനായ ഷോംബെർഗ് ചവറയിൽനിന്ന് ഇറക്കുമതി ചെയ്‌ത കയറിൽ മോണോസൈറ്റിന്റെ തരികൾ കണ്ടെത്തിയതോടെയാണ് ചവറയുടെ കരിമണൽ സമ്പത്തിനെക്കുറിച്ച് ലോകം ശ്രദ്ധിക്കാൻ തുടങ്ങിയത്’ – മോണോസൈറ്റിന്റെ സാന്നിധ്യം കണ്ടുപിടിച്ചതോടെയാണ് നീണ്ടകര മുതൽ കായംകുളംവരെയുള്ള തീരത്തെ കരിമണൽ ധാതുസമ്പത്ത് ആകുന്നത്. ചവറയുടെ കരിമണൽപ്പെരുമ ലോകത്തോളം പരന്നതിന്റെയും ഐആർഇ, കെഎംഎംഎൽ എന്നിവ സ്ഥാപിതമായതിന്റെയും കഥ പറയുകയാണ് കെഎംഎംഎൽ എംഡിയായിരുന്ന കെ രാഘവൻ.
ഐആർഇയും കെഎംഎംഎല്ലും വന്നവഴി
കരിമണലിൽനിന്നു ധാതുക്കൾ വേർതിരിച്ചെടുക്കുന്ന ആദ്യത്തെ കമ്പനി ചവറയിൽ സ്ഥാപിതമായത് 1932-ൽ ആണ്. എഫ് എക്‌സ് പെരേര ആൻഡ് സൺസ് ട്രാവൻകൂർ ലിമിറ്റഡ് കമ്പനി എന്നായിരുന്നു പേര്. 1940കളിൽ നാല് കമ്പനി കൂടി ചവറയിൽ പ്രവർത്തനംതുടങ്ങി. ഇതിൽ രണ്ടു കമ്പനി ലയിച്ച് ട്രാവൻകൂർ മിനറൽസ് ലിമിറ്റഡ് കമ്പനിയും മറ്റ് രണ്ടു കമ്പനി ലയിച്ച് എഫ് എക്സ് പി മിനറൽസ് കമ്പനിയും രൂപീകരിച്ചു. പിന്നീട് 1956-ൽ ട്രാവൻകൂർ മിനറൽസ് ലിമിറ്റഡ് കമ്പനിയെ കേന്ദ്രസർക്കാർ ഏറ്റെടുത്ത് ഇന്ത്യൻ റെയർ എർത്ത്സ് ലിമിറ്റഡ് (ഐആർഇഎൽ) എന്ന പൊതുമേഖലാ വ്യവസായ സ്ഥാപനം രൂപീകരിച്ചു. എഫ് എക്‌സ് പെരേര ആൻഡ് സൺസ് (ട്രാവൻകൂർ) പ്രൈവറ്റ് ലിമിറ്റഡ് കമ്പനിയെ സംസ്ഥാന സർക്കാർ ഏറ്റെടുത്ത് എഫ് എക്സ് പി മിനറൽസ് എന്ന പേരിൽ പ്രവർത്തനം തുടരുകയുംചെയ്‌തു. ധാതുമണൽ ഉപയോഗപ്പെടുത്തി നിരവധി മൂല്യവർധിത ഉൽപ്പന്നങ്ങൾക്കുള്ള സാധ്യത മനസ്സിലാക്കിയ സംസ്ഥാന സർക്കാർ 1972-ൽ എഫ് എക്സ് പി മിനറൽസിന്റെ മുഴുവൻ ആസ്‌തി ബാധ്യതകളും ഏറ്റെടുത്ത് കേരള മിനറൽസ് ആൻഡ് മെറ്റൽസ് ലിമിറ്റഡിന് (കെഎംഎംഎൽ) രൂപംകൊടുത്തു.
ടൈറ്റാനിയം പിഗ്‌മെന്റും സ്പോഞ്ചും
സിന്തറ്റിക് റൂട്ടൈൽ, ടൈറ്റാനിയം ടെട്രാക്ളോറൈഡ്, റൂട്ടൈൽ ഗ്രെയ്‌ഡ് ടൈറ്റാനിയം ഡയോക്സൈഡ് പിഗ്‌മെന്റ് എന്നിവയുടെ ഉൽപ്പാദനം ലക്ഷ്യമാക്കിയുള്ള പദ്ധതിക്ക് 1979-ൽ കെഎംഎംഎൽ രൂപം നൽകി. 1984-ൽ ടൈറ്റാനിയം ഡയോക്സൈഡ് പിഗ്‌മെന്റ് ഉൽപ്പാദനം ആരംഭിച്ചു. ഇന്ത്യൻ ബഹിരാകാശ ഗവേഷണ കേന്ദ്രത്തിന്റെ (ഐഎസ്ആർഒ) സാമ്പത്തിക സഹായത്തോടെയും പ്രതിരോധ വകുപ്പിന്റെ ഡിആർഡിഒ വികസിപ്പിച്ചെടുത്ത സാങ്കേതിക വിദ്യ ഉപയോഗപ്പെടുത്തിയും പ്രതിവർഷം 500 മെട്രിക് ടൺ ടൈറ്റാനിയം സ്പോഞ്ച് ഉൽപ്പാദിപ്പിക്കുന്ന പദ്ധതി 2011-ൽ നടപ്പാക്കി.
ഇതോടെ ഈ രംഗത്തെ ലോകത്തിലെ ഏഴാമത്തെ രാജ്യമായി ഇന്ത്യമാറി. ധാതുമണലിൽ ലഭ്യമായിട്ടുള്ള ഇൽമനൈറ്റ്, റൂട്ടൈൽ, ലൂകോക്‌സീൻ, സിർകൺ, സിലിമനൈറ്, മോണോസൈറ്റ് തുടങ്ങിയ ധാതുക്കൾ വേർതിരിച്ച് ഇവയിലെ ഇൽമനൈറ്റ്, റൂട്ടൈൽ എന്നിവ ഉപയോഗിച്ച് സിന്തറ്റിക് റൂട്ടൈൽ, ടൈറ്റാനിയം ടെട്രാ ക്ളോറൈഡ്, റൂട്ടൈൽ ഗ്രെയ്‌ഡ് ടൈറ്റാനിയം ഡയോക്സൈഡ് പിഗ്‌മെന്റ്, ടൈറ്റാനിയം സ്പോഞ്ച് എന്നിവ ഉൽപ്പാദിപ്പിക്കുന്ന പ്രക്രിയയാണ് കെഎംഎംഎൽ ചെയ്യുന്നത്.
കെഎംഎംഎല്ലി-ന്റെ വികസന സാധ്യതകൾക്ക് ഏറ്റവും അനുകൂലമായ ഘടകം ഇന്ത്യയിലും കേരളത്തിന്റെ തീരപ്രദേശങ്ങളിൽ പ്രത്യേകിച്ച് ചവറയിലും സമീപപ്രദേശങ്ങളിലും ലഭ്യമായിട്ടുള്ള ധാതുമണൽ ശേഖരമാണ്.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
മറ്റു വാർത്തകൾ