ബംഗളൂരു> കർണാടകത്തിൽ ദളിത് സ്ത്രീ വെള്ളം കുടിച്ചതിനെത്തുടർന്ന് കുടിവെള്ള സംഭരണി ഗോമൂത്രം ഒഴിച്ച് ‘ശുദ്ധീകരിച്ച്’ സവർണർ. കഴിഞ്ഞ വെള്ളിയാഴ്‌ച ചാമരാജ നഗർ ഹെഗൊത്തറ ഗ്രാമത്തിലാണ് സംഭവം. ടാങ്ക് വൃത്തിയാക്കുന്നതിന്റെ വീഡിയോ സമൂഹമാധ്യമങ്ങളിൽ പ്രചരിച്ചതോടെയാണ് സംഭവം പുറംലോകം അറിയുന്നത്.
ഗ്രാമത്തിൽ ഒരു വിവാഹച്ചടങ്ങിൽ പങ്കെടുക്കാൻ എത്തിയതായിരുന്നു ദളിത് സ്‌ത്രീ. തിരിച്ച് പോകുംവഴി കുടിവെള്ള സംഭരണിയോട് ചേർന്നുള്ള പൈപ്പിൽനിന്ന് വെള്ളം കുടിച്ചു. ഇത് കണ്ട സവർണർ സംഭരണിയിലെ വെള്ളം ഒഴുക്കിക്കളഞ്ഞ് ഗോമൂത്രംകൊണ്ട് ശുദ്ധീകരിക്കുകയായിരുന്നു. തഹസിൽദാരും സാമൂഹ്യക്ഷേമവകുപ്പ് ഉദ്യോഗസ്ഥരും സ്ഥലത്തെത്തി അന്വേഷണത്തിന് ഉത്തരവിട്ടു. സംഭവത്തെക്കുറിച്ചുള്ള റിപ്പോർട്ട് തഹസിൽദാറിന് നൽകും.
വാട്ടർ ടാങ്ക് പൊതുവായി സ്ഥാപിച്ചിട്ടുള്ളതാണെന്നും അതിൽനിന്ന് ആർക്ക് വേണമെങ്കിലും വെള്ളം കുടിക്കാമെന്നും അധികൃതർ അറിയിച്ചു. വെള്ളം കുടിച്ച സ്ത്രീയെ കണ്ടെത്തി മൊഴി രേഖപ്പെടുത്തി പരാതി തയ്യാറാക്കാൻ ശ്രമിക്കുന്നതായും അധികൃതർ വ്യക്തമാക്കി. കുറ്റക്കാർക്കെതിരെ കർശന നടപടി സ്വീകരിക്കുമെന്ന് തഹസിൽദാർ ഐ ഇ ബസവരാജ് പറഞ്ഞു.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
മറ്റു വാർത്തകൾ