തിരുവനന്തപുരം: മാറനല്ലൂർ കുക്കിരിപ്പാറ ഇരട്ട കൊലകേസിൽ പ്രതി കുറ്റക്കാരനാണെന്ന് കോടതി. നെയ്യാറ്റിൻകര അഡീഷണൽ ജില്ലാ കോടതിയാണ് പ്രതി കുറ്റക്കാരനാണെന്ന് കണ്ടെത്തിയത്. മാറനല്ലൂർ മൂലക്കോണം വീട്ടിൽ പ്രകാശ് എന്ന് വിളിക്കുന്ന അരുൺ രാജിനെയാണ് ഇരട്ട കൊലപാതകത്തിൽ കുറ്റക്കാരനാണെന്ന് നെയ്യാറ്റിൻകര അഡീഷണൽ ജില്ലാ കോടതി ജഡ്ജി എ.എം ബഷീർ കണ്ടെത്തിയത്.
മാറനല്ലൂർ വില്ലേജിൽ മൂലക്കോണം ഇളം പ്ലാവിള വീട്ടിൽ ചപ്പാത്തി സന്തോഷ് എന്ന സന്തോഷ്, പോങ്ങുമൂട് മലവിള റോഡരികത്തു വീട്ടിൽ പക്രു എന്ന സജീഷ് എന്നിവരാണ് കൊല്ലപ്പെട്ടത്. മൂലക്കോണം കുക്കിരിപ്പാറ ക്വാറിയിൽ പാറ പൊട്ടിക്കുന്നത് സംബന്ധിച്ച് കൊല്ലപ്പെട്ടവരും പ്രതിയും തമ്മിൽ ഉണ്ടായ വിരോധവും തർക്കവുമാണ് കൊലപാതകത്തിൽ കലാശിച്ചത്.
പാറക്വാറിയുടെ നടത്തിപ്പുകാരനായിരുന്നു കൊല്ലപെട്ട ചപ്പാത്തി സന്തോഷ്. പാറമട തൊഴിലാളിയും സന്തോഷിന്റെ സുഹൃത്തുമായിരുന്നു ഒപ്പം കൊല്ലപെട്ട പക്രു സജീഷ്. പ്രതിയും മറ്റു ചിലരും ചേർന്ന് പാറപൊട്ടിക്കുന്നത് സംബന്ധിച്ച് മാറനല്ലൂർ പോലീസിൽ പരാതി നൽകിയിരുന്നു. അതിൽ പ്രകോപിതനായ സന്തോഷ് പ്രതി അരുൺ രാജിനെ മർദിച്ചു. ഈ സംഭവത്തിലെ വിരോധം ആണ് ഇരട്ടക്കൊലയിൽ അവസാനിച്ചത്.
2021 ഓഗസ്റ്റ് 14ന് രാത്രി ആയിരുന്നു കൃത്യം നടന്നത്. കൊല്ലപ്പെട്ട സന്തോഷിന്റെ വീട്ടിൽ രാത്രി നടന്ന മദ്യസൽക്കാരത്തിൽ പ്രതിയും പങ്കെടുത്തു. എന്നാൽ പ്രതി അരുൺ തന്റെ കൈവശം വടിവാൾ കരുതിയിരുന്നു. കൂട്ടുകാർ പിരിഞ്ഞ ശേഷം സന്തോഷിന്റെ വീട്ടുമുറ്റത്തുണ്ടായിരുന്ന പാറ തുരക്കാനുള്ള ജാക്ക് ഹാമറിൽ ഉപയോഗിക്കുന്ന കമ്പി കൊണ്ട് ആദ്യം പക്രു സജീഷിന്റെ തലയ്ക്കു പുറകിൽ അടിച്ചു വീഴ്ത്തി.
തുടർന്ന് ചപ്പാത്തി സന്തോഷിനേയും പുറം തലയ്ക്കടിച്ച് വീഴ്ത്തി. എഴുന്നേൽക്കാൻ ശ്രമിച്ച സന്തോഷിനെ പ്രതി വടിവാള് കൊണ്ട് പുറം കഴുത്തിന് വെട്ടി മരണം ഉറപ്പിച്ചു. അടികൊണ്ടു തലയ്ക്ക് മാരക പരിക്കേറ്റ സന്തോഷും സജീഷും മരിച്ചുവെന്ന് ഉറപ്പാക്കിയ പ്രതി മാറനല്ലൂർ പോലീസ് സ്റ്റേഷനിൽ സ്വാതന്ത്ര്യ ദിനത്തിൽ പുലർച്ചെ എത്തി കീഴടങ്ങുകയായിരുന്നു.
കുറ്റക്കാരനാണെന്ന് കണ്ടെത്തിയ അരുൺ രാജിനെ ജുഡീഷ്യൽ കസ്റ്റഡിയിൽ റിമാൻഡിൽ വിട്ടു. പ്രോസിക്യൂഷന് വേണ്ടി പബ്ലിക് പ്രോസിക്യൂട്ടർ പാറശാല എ അജികുമാർ ഹാജരായി. കേസിൽ ശിക്ഷയിൻ മേൽ ഇരു ഭാഗം വാദം കേൾക്കുന്നതിനും വിധി പറയുന്നതിലേക്കുമായി തിങ്കളാഴ്ചത്തേക്ക് വിചാരണ മാറ്റി വച്ചു.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്…മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ… ios Link – https://apple.co/3hEw2hy
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.