Weekly Horoscope: ആദിത്യൻ കുംഭം – മീനം രാശികളിലായി സഞ്ചരിക്കുന്നു. പൂരൂരുട്ടാതി ഞാറ്റുവേല തുടരുകയാണ്. ചന്ദ്രൻ വെളുത്തപക്ഷത്തിലാണ്. മാർച്ച് 13, 14 തീയതികളിലായി പൗർണമി വരുന്നു. 15 മുതൽ കൃഷ്ണപക്ഷം തുടങ്ങുന്നു. ശനി മൗഢ്യത്തിൽ കുംഭം രാശിയിൽ പൂരൂരുട്ടാതി നക്ഷത്രത്തിലാണ്. വ്യാഴം ഇടവം രാശിയിൽ രോഹിണി നക്ഷത്രത്തിൽ തുടരുന്നു. രാഹു മീനം രാശിയിലും കേതു കന്നിരാശിയിലുമാണ്.
ബുധൻ മീനം രാശിയിൽ നീചസ്ഥിതിയിൽ ഉത്രട്ടാതി നക്ഷത്രത്തിൽ സഞ്ചരിക്കുന്നു. ശുക്രൻ ഉച്ചരാശിയായ മീനത്തിൽ ഉത്രട്ടാതിയിലാണ്. ചൊവ്വ മിഥുനം രാശിയിൽ പുണർതത്തിലും സഞ്ചരിക്കുന്നു. ഞായറാഴ്ച വൈകിട്ടുവരെ വൃശ്ചികക്കൂറുകാരുടെ അഷ്ടമരാശി തുടരുന്നു. തുടർന്ന് ബുധൻ വെളുപ്പിന് വരെ ധനുക്കൂറുകാർക്കാണ് അഷ്ടമരാശി ഭവിക്കുക. അതിനുമേൽ വെള്ളിയാഴ്ച ഉച്ചവരെ മകരക്കൂറുകാർക്കും മേൽ കുംഭക്കൂറുകാർക്കും അഷ്ടമരാശി ഭവിക്കുന്നു.
ഈ ഗ്രഹസ്ഥിതിയുടെ പശ്ചാത്തലത്തിൽ അശ്വതി മുതൽ രേവതി വരെയുള്ള നക്ഷത്രക്കാരുടെ വാരഫലം ഇവിടെ അപഗ്രഥിക്കുന്നു.
അശ്വതി
പന്ത്രണ്ടാം ഭാവത്തിലെ ഗ്രഹാധിക്യം മനോദൗർബല്യങ്ങൾ സൃഷ്ടിക്കാം. അനാവശ്യമായ സമ്മർദ്ദങ്ങൾ ഉണ്ടാവുന്നതാണ്. പ്രവർത്തനത്തിൽ വിളംബം വരാനിടയുണ്ട്. ഓഫീസിലിരുന്നുകൊണ്ട് എല്ലാ പ്രവർത്തനവും നടത്താനായേക്കില്ല. ഏകോപനം വിചാരിച്ചതുപോലെ ക്ഷിപ്രസാധ്യമല്ലെന്ന് അറിയും. മക്കളുടെ പഠനം സംബന്ധിച്ച ഉൽക്കണ്ഠ ഭവിക്കാം. ആദ്യം തീരുമാനിച്ച കാര്യങ്ങൾ പിന്നീട് മാറ്റിച്ചെയ്യേണ്ടി വന്നേക്കാം. ഇതൊക്കെയാണ് സ്ഥിതിയെങ്കിലും സൂര്യൻ, വ്യാഴം, ചന്ദ്രൻ തുടങ്ങിയ ഗ്രഹങ്ങൾ അനുകൂല ഭാവങ്ങളിൽ സഞ്ചരിക്കുന്നത് കാര്യവിജയം സുഗമമാവും എന്നതിൻ്റെ സൂചനയാണ്.
ഭരണി
കൂടുതൽ പ്രവർത്തനങ്ങൾ നടത്തുവാനുള്ള രൂപരേഖ തയ്യാറാക്കും. സഹപ്രവർത്തകരുടെ പങ്കാളിത്തം ഉറപ്പുവരുത്തുന്നതാണ്. സാമ്പത്തിക കാര്യങ്ങളിൽ അനാസ്ഥയരുത്. ആഢംബര ചെലവുകൾ നിശിതമായി വെട്ടിക്കുറച്ചില്ലെങ്കിൽ കടബാധ്യത വരാം. ഹൃദയബന്ധം കൂടുതൽ ദൃഢമാകുന്നതാണ്. പ്രണയികൾക്ക് തടസ്സങ്ങളെ അതിജീവിക്കാൻ കഴിഞ്ഞേക്കും. ഏറ്റ ചുമതലകൾ സുഗമമായി നിർവഹിക്കാൻ സാധിക്കുന്നതാണ്. സുഹൃത്ബന്ധങ്ങൾ ദോഷകരമാവുന്നോ എന്നത് ചോദ്യചിഹ്നമാണ്. കൂടുതൽ കടംവാങ്ങാൻ ഉൾപ്രേരണയുണ്ടാവും.
കാർത്തിക
സഹായം വാക്കുകളിൽ മാത്രമല്ല പ്രവൃത്തിയിൽ കൂടിയും ലഭിക്കുന്നതാണ്. വാരാദ്യ ദിവസങ്ങളിൽ ആത്മവിശ്വാസം സംജാതമാകും. മനസ്സിൻ്റെ പ്രക്ഷുബ്ധതകൾക്ക് ശമനം വന്നേക്കാം. വിഷമിപ്പിച്ചിരുന്ന ചോദ്യങ്ങൾക്ക് ഉത്തരം സിദ്ധിച്ചേക്കും. സഹോദരരുടെ അനുരഞ്ജന നീക്കം സഫലമാവും. പരീക്ഷകളിൽ ആത്മവിശ്വാസപൂർവ്വം പങ്കെടുക്കുന്നതാണ്. ബിസിനസ്സുകാർക്ക് തരക്കേടില്ലാത്ത ധനാഗമം പ്രതീക്ഷിക്കാം. അകലങ്ങളിൽ കഴിഞ്ഞവർക്ക് വീടുമായി വീണ്ടും ബന്ധം സ്ഥാപിക്കാനാവും. പാലിക്കാൻ കഴിയുമെങ്കിൽ മാത്രം വാഗ്ദാനം നൽകുകയാവും ഉചിതം.
രോഹിണി
സ്വന്തം കഴിവുകൾ ബോധ്യമാവുക മാത്രമല്ല, അവ ഒപ്പമുള്ളവരെ അറിയിക്കാനുള്ള സന്ദർഭം വന്നുചേരുകയും ചെയ്യും. കൂടുതൽ ചുമതലകളോ പദവിക്കയറ്റമോ ലഭിക്കുന്നതാണ്. വരുമാനം പലനിലയ്ക്കുണ്ടാവും. നിക്ഷേപങ്ങൾക്ക് മുതിരുമ്പോൾ സാമ്പത്തിക വിദഗ്ദ്ധൻ്റെ ഉപദേശം കൈക്കൊള്ളേണ്ടതാണ്. സ്ത്രീകളുടെ സഹായം പ്രതീക്ഷിക്കാം. കലാപ്രവർത്തകർ അവസരങ്ങൾ വന്നെത്തുന്നതാണ്. പ്രണയികൾക്കിടയിൽ ഹൃദയബന്ധം ഉണ്ടാവും. രാഷ്ട്രീയ പ്രവർത്തനത്തിൽ എതിർപ്പുകൾ കുറയില്ല. അവധിക്കാല യാത്രയ്ക്കുള്ള തയ്യാറെടുപ്പുകൾ കുടുംബവുമായാലോചിച്ച് തുടങ്ങിയേക്കും.
മകയിരം
ഇടവക്കൂറുകാർക്ക് നേട്ടങ്ങളുണ്ടാവും. സ്വശക്തിയിൽ വിശ്വാസമേറുന്നതാണ്. കടബാധ്യതകൾ പരിഹരിക്കൻ മാർഗം തുറന്നുകിട്ടും. നറുക്കെടുപ്പിൽ നിന്നോ ചിട്ടിയിൽ നിന്നോ വരുമാനമുണ്ടാവും. ബിസിനസ്സ് സ്ഥാപനം മോടികൂട്ടി ഉപഭോക്താക്കളെ ആകർഷിക്കും. പാരിതോഷികങ്ങൾ ലഭിക്കുന്നതാണ്. മിഥുനക്കൂറുകാർക്ക് അധ്വാനം അധികരിച്ചേക്കും. മേലധികാരിയുമായി തർക്കമുണ്ടാവാൻ സാധ്യതയുണ്ട്. ആലോചിച്ചും പുനരാലോചിച്ചും സമയം പാഴാക്കിയേക്കാം. ബന്ധുക്കളുടെ സഹായം സ്വീകരിക്കുവാൻ സാധ്യതയുണ്ട്. ഞായർ, തിങ്കൾ, വെള്ളി ദിവസങ്ങൾ ശുഭദായകങ്ങൾ.
തിരുവാതിര
കർമ്മരംഗത്ത് ഗുണമുണ്ടാവും. പുതിയ ജോലി പ്രതിക്ഷിക്കുന്നവർക്ക് കാത്തിരിപ്പ് തുടരപ്പെടും. തീരുമാനിച്ച കാര്യങ്ങൾ നടത്താൻ കഴിയും. എങ്കിലും ആലസ്യം പിടിമുറുക്കിയേക്കും. സുഹൃത്തുക്കളുടെ പിന്തുണ പ്രതീക്ഷിച്ചത്ര ലഭിക്കാത്തതിനാൽ നിരാശയുണ്ടാവും. പണച്ചെലവ് കൂടുന്നതിനാൽ വീട്ടുകാരുടെ അനിഷ്ടം നേരിടേണ്ടിവരുന്നതാണ്. വിദ്യാർത്ഥികൾക്ക് ഏകാഗ്രത കുറയാം. സംഭാഷണം ശത്രുക്കളെ സൃഷ്ടിച്ചേക്കാം. വേണ്ടത്ര ഉറപ്പില്ലാത്ത കാര്യങ്ങൾക്ക് വാഗ്ദാനം നൽകരുത്. രാഷ്ട്രീയ പ്രവർത്തനം വേണ്ടത്ര ജനകീയമാവാത്തതിൽ നൈരാശ്യം തോന്നും.
പുണർതം
ജന്മനക്ഷത്രത്തോടെ വാരം തുടങ്ങുകയാണ്. ആഘോഷങ്ങൾ, ക്ഷേത്രദർശനം., പാരിതോഷിക ലബ്ധി ഇവയുണ്ടാവും. ബന്ധുസമാഗമം സന്തോഷമേകും. കർമ്മരംഗത്ത് വിജയഗാഥ തുടരുന്നതാണ്. സഹപ്രവർത്തകരെ പ്രോൽസാഹിപ്പിക്കും. നവീനമായ സാങ്കേതിക കാര്യങ്ങൾ പഠിച്ചറിയുന്നതിന് സന്നദ്ധതയുണ്ടാവും. പണമെടപാടിൽ കൃത്യത പുലർത്തണം. ചെറുകിട സംരംഭങ്ങൾ ലാഭകരമായിരിക്കും. ഉത്സവങ്ങളുടെ നടത്തിപ്പിൽ പൂർണ്ണമായും സഹകരിക്കും. ആരോഗ്യപരിപാലനത്തിൽ ജാഗ്രത വേണ്ടതുണ്ട്. മകൻ്റെ വിദ്യാഭ്യാസ പുരോഗതിയിൽ സന്തോഷിക്കും.
പൂയം
നക്ഷത്രനാഥനായ ശനിക്ക് മൗഢ്യം തുടരുന്നത് കർമ്മരംഗത്ത് പലതരം പ്രതിസന്ധികൾക്ക് കാരണമാകും. ആലോചനകൾ സാക്ഷാല്കരിക്കാൻ ക്ലേശിക്കുന്നതാണ്. പ്രതീക്ഷിച്ച സഹായധനം കിട്ടിയേക്കില്ല. സർക്കാരിൽ നിന്നും ലഭിക്കേണ്ട അനുമതിരേഖ വൈകാനാണ് സാധ്യത. വസ്തുവിൽപ്പനക്കായി ശ്രമം തുടരുന്നതാണ്. പിതാവിൻ്റെ ആരോഗ്യപാലനത്തിൽ ശ്രദ്ധ കാണിക്കണം. കലാകാരന്മാർക്ക് വേണ്ടത്ര അവസരങ്ങൾ ലഭിക്കുന്നതാണ്. കരാറുകളിൽ ഏർപ്പെടും മുന്നേ അവയുടെ നിയമാവലി ശ്രദ്ധാപൂർവ്വം വായിച്ചുനോക്കണം. തിങ്കൾ, വ്യാഴം, ശനി മെച്ചപ്പെട്ട ദിവസങ്ങൾ.
ആയില്യം
നക്ഷത്രനാഥനായ ബുധന് നീചാവസ്ഥയുള്ളതു കാരണം ആയില്യം നാളുകാർക്ക് മാനസോല്ലാസം കുറയും. സ്വശക്തിക്ക് ശോഷണം വരുന്നതായി തോന്നാം. ചെറിയ നേട്ടങ്ങൾക്കായി കൂടുതൽ വിയർപ്പൊഴുക്കേണ്ടി വരുന്നതാണ്. പ്രത്യുല്പന്നബുദ്ധിയോടെ പെരുമാറാൻ കഴിഞ്ഞേക്കില്ല. സ്ത്രീകളുടെ പിന്തുണ സന്തോഷിപ്പിക്കും. പ്രണയികൾക്ക് ശുഭതീരുമാനങ്ങൾ കൈക്കൊള്ളാനാവും. പാർട്ണർഷിപ്പ് ബിസിനസ്സിൽ ബന്ധുക്കളെക്കൂടി ഉൾപ്പെടുത്തും. പുതിയ വാഹനം വാങ്ങാൻ ഇപ്പോൾ ഗ്രഹാനുകൂല്യമില്ല. ഊഹക്കച്ചവടത്തിൽ നഷ്ടം വരാനിടയുണ്ട്. ഞായർ, ചൊവ്വ, വെള്ളി ദിവസങ്ങൾക്ക് ഗുണം കുറയുന്നതാണ്.
മകം
ഔദ്യോഗിക മീറ്റിംഗുകളിൽ ഉന്നയിക്കപ്പെടുന്ന നിർദ്ദേശങ്ങൾ മേലധികാരികൾക്ക് സ്വീകാര്യമായി തോന്നും. വ്യക്തിപരമായി പല തിരക്കുകളും ഉണ്ടാവുന്ന വാരമാവും. താമസിക്കുന്ന വീടിൻ്റെ അറ്റകുറ്റപ്പണിക്കായി ഊർജ്ജവും സമയവും ധനവും ചെലവാകും. അനുമതി നേടാനായി സർക്കാർ ഓഫീസുകളിൽ കയറിയിറങ്ങേണ്ടി വരുന്നതാണ്. നവസംരംഭം തുടങ്ങുന്നതിന് ഇപ്പോൾ ഗ്രഹാനുകൂല്യം ഇല്ലാത്ത സ്ഥിതിയാണ്. മൂലധനം സ്വരൂപിച്ച് കാത്തിരിക്കുക. സഹോദരരുടെ സഹായം പ്രയോജനപ്പെടുത്തും. വാഹനം, യന്ത്രം, അഗ്നി ഇവ ഉപയോഗിക്കുമ്പോൾ ശ്രദ്ധ കുറയരുത്.
പൂരം
പൂരത്തിൻ്റെ വേധനക്ഷത്രമായ ഉത്രട്ടാതിയിൽ മൂന്നുഗ്രഹങ്ങൾ സഞ്ചരിക്കുന്നതിനാൽ സമ്മർദ്ദം പലതരത്തിൽ അനുഭവപ്പെടും. നക്ഷത്രാധിപനായ ശുക്രൻ ഉച്ചത്തിൽ തുടരുന്നത് കുറച്ചൊക്കെ വളർച്ചയും നേട്ടങ്ങളും നൽകും. ആത്മവിശ്വാസം വാക്കുകളിലുണ്ടാവും. ദാമ്പത്യത്തിൽ സ്വൈരം കുറയാനിടയുണ്ട്. അതിന് പ്രത്യേകമായ കാരണം ഉണ്ടാവണമെന്നില്ല. മക്കളുടെ ജോലിക്കാര്യത്തെക്കുറിച്ച് ഉൽകണ്ഠ ഉണ്ടായേക്കും. ധനപരമായ ഞെരുക്കത്തിനിടയില്ല. ഞായർ, ബുധൻ, വ്യാഴം ദിവസങ്ങളിൽ ഗുണാധിക്യം കൂടാം.
ഉത്രം
നക്ഷത്രാധിപനായ ആദിത്യന് ശനിയോഗം തുടരുന്നതിനാൽ മനസ്സിൽ വ്യക്തതയില്ലാത്ത ആശങ്കകൾ ഉയരാം. പ്രവർത്തനത്തിൽ ഉത്സാഹം തെല്ല് കുറയാം. ഔദ്യോഗിക കൃത്യനിർവഹണത്തിൽ സുഗമതയുണ്ടാവില്ല. സഹപ്രവർത്തകരുടെ ഇടപെടലുകൾ വിഷമിപ്പിച്ചേക്കും. പൊതുപ്രവർത്തകർക്ക് ആരോപണങ്ങളെ നേരിടേണ്ടി വരുന്നതാണ്. ശുപാർശകൾ ഒഴിവാക്കുന്നത് ശത്രുക്കളെ സൃഷ്ടിക്കാം. വിദ്യാർത്ഥികൾക്ക് ഉപരിപഠനം സംബന്ധിച്ച സംശയം തുടരുന്നതാണ്. ബുധൻ, വ്യാഴം ദിവസങ്ങളിൽ യാത്രകൾ വേണ്ടിവന്നേക്കും.
അത്തം
ഞായർ മുതൽ ചൊവ്വ വരെ മെച്ചം കൂടും. ഏകാഗ്രത കർമ്മഗുണത്തിന് കാരണമാകുന്നതാണ്. സഹപ്രവർത്തകരെ ഏകോപിപ്പിക്കുന്നതിൽ വിജയിച്ചേക്കും. ഗൃഹകാര്യങ്ങളിൽ സംതൃപ്തിയുണ്ടാവും. സുഹൃൽ – ബന്ധു സമാഗമം ഗതകാല സ്മരണകൾ ഉണർത്താം. ആദായമാർഗം കൂടുന്നതാണ്. കലാപ്രവർത്തനത്തിന് നേരം കണ്ടെത്തും. ബുധൻ മുതൽ വെള്ളി വരെ അലച്ചിലിനിടയുണ്ട്. പ്രവർത്തനത്തിൽ ജാഗ്രത കുറയുകയാൽ ന്യൂനതകൾ വരാം. അനാവശ്യമായ തർക്കങ്ങളിൽ നിന്നും മാറി നിൽക്കുക ഉത്തമം. ശനിയാഴ്ച ക്ഷേത്രദർശനം, സ്വസ്ഥത എന്നിവ പ്രതീക്ഷിക്കാം.
ചിത്തിര
സ്വച്ഛതയും സുഖവും അനുഭവപ്പെടും. ഏറ്റെടുത്ത ചുമതലകൾ ഭംഗിയാക്കും. കാര്യങ്ങൾ വരുതിയിലാണ് എന്ന് അനുഭവം കൊണ്ടറിയും. പരീക്ഷകൾ നന്നായി എഴുതിയതിൻ്റെ ആശ്വാസം വിദ്യാർത്ഥികളുടെ മുഖത്തിൽ തെളിയും. കുടുംബത്തിനൊപ്പം ചെലവഴിക്കാൻ സമയമുണ്ടാവും. രോഗഗ്രസ്തർക്ക് പുതുചികിൽസ ഫലിച്ചു തുടങ്ങുന്നതാണ്. തൊഴിലിടത്തിൽ പൂർണ്ണ സഹകരണം ലഭിക്കും. സാമ്പത്തിക വിനിയോഗം തൃപ്തിയേകും. മുന്നേ അപേക്ഷിച്ച് ക്ഷോഭം നിയന്ത്രിക്കാൻ കഴിയുന്നതാണ്. ശനിയാഴ്ച ചെലവ് കൂടാനിടയുണ്ട്.
ചോതി
കാര്യങ്ങൾ ഒട്ടൊക്കെ അനുകൂലമായി വരുന്ന ആഴ്ചയാണ്. ലഘുവായ അധ്വാനത്താൽ വലിയ നേട്ടങ്ങൾ കൈവരിക്കും. മുൻപ് ശ്രമിച്ച് പരാജയപ്പെട്ടവയിൽ ഇപ്പോൾ വിജയം കാണും. ഉന്നതരുടെ സൗഹൃദം മൂലം ചില ശുപാർശകൾ ഫലവത്താകും. കച്ചവട രംഗം പുഷ്ടിപ്പെടുന്നതാണ്. മുൻപ് വാങ്ങിച്ച കടബാധ്യത പരിഹരിക്കാനുള്ള ശ്രമം തുടങ്ങും. തൊഴിൽ അന്വേഷിക്കുന്നവർക്ക് ആശ്വാസത്തിന് വകയുണ്ട്. മത്സരാധിഷ്ഠിതമായ കരാറുകൾ അനുകൂലമായേക്കും. അയൽ വഴക്കുകൾ പറഞ്ഞു തീർക്കാൻ സാധിക്കുന്നതാണ്. വാരാന്ത്യത്തിൽ അലച്ചിലുണ്ടാവാം.
വിശാഖം
ഉന്നമനത്തിന് ധാരാളം അവസരങ്ങൾ ഉണ്ടാവുന്നതാണ്. പലതും പ്രയോജനപ്പെടുത്തും. എതിർപ്പുകളെ അവഗണിച്ച് മുന്നേറുന്നതാണ്. വിദ്യാർത്ഥികൾക്ക് പരീക്ഷ ബാലികേറാമലയാവില്ല. വരുമാന സ്രോതസ്സുകൾ മിക്കതും പുഷ്ടിപ്പെടുന്നതാണ്. അശുഭചിന്തകൾ ഉണ്ടാവും. പക്ഷേ സ്വയം അവയെ ഉന്മൂലനം ചെയ്യുന്നതാണ്. ആവശ്യത്തിന് വിശ്രമിക്കാനും സമയം ലഭിക്കും. മക്കളുമായി മനസ്സു തുറന്ന് സംസാരിക്കുവാനാവും. അവരുടെ പ്രശ്നങ്ങൾ ഉൾക്കൊള്ളും. പുതിയ നിയമനം പ്രതീക്ഷിക്കുന്നവർക്ക് ജോലിയിൽ പ്രവേശിക്കാൻ സന്ദർഭം ഒത്തുവരും.
അനിഴം
വാരാദ്യദിവസങ്ങൾക്ക് അല്പം ഗ്ലാനിയും മ്ലാനതയും വന്നേക്കും. ദ്വേഷ്യം നിയന്ത്രിക്കണം. ദേഹത്തിന് സ്വസ്ഥത കുറയാം. സുഗമം എന്ന് പ്രതീക്ഷിച്ചവ അങ്ങനെയല്ലെന്ന് അറിയും. ക്രമേണ കാര്യങ്ങൾ അനുകൂലമാവും. ഇഷ്ടവസ്തുക്കൾ പാരിതോഷകമായി ലഭിച്ചേക്കാം. സഹപ്രവർത്തകർ സഹകരിക്കുന്നതാണ്. വായ്പകൾ തിരിച്ചടക്കാനാവും. സ്വന്തമായി തൊഴിൽ ചെയ്യുന്നവർ ഉപഭോക്താക്കളുടെ പ്രീതി നേടുന്നതാണ്. സാമ്പത്തിക ലാഭം ഉണ്ടാവും. കലാപ്രവർത്തനം കൂടുതൽ സ്വീകാര്യമായിത്തീരും. ഉറ്റവരുടെ പിന്തുണയും അഭിനന്ദനവും കരുത്തുപകരും.
തൃക്കേട്ട
ഞായർ മുതൽ ചൊവ്വ വരെ അല്പം കാര്യതടസ്സം ഉണ്ടാവും. പ്രതീക്ഷിച്ച വിധത്തിൽ ആദായം കൈവന്നേക്കില്ല. ഭൂമിയിടപാടുകളിൽ അമളി വരാനിടയുണ്ട്. തൻ്റെ സ്വാതന്ത്ര്യത്തിൽ മറ്റാരെങ്കിലും കൈകടത്താം. തന്മൂലം മനക്ലേശം ഭവിക്കുന്നതാണ്. ബുധനാഴ്ച മുതൽ അനുകൂലമായ ഫലങ്ങൾ ഉണ്ടാവുന്നതാണ്. കണക്കുകൂട്ടലുകൾ തെറ്റുകയില്ല. മീറ്റിംഗുകളിൽ നിലപാട് ആവർത്തിക്കും. എതിർപ്പുകളെ നിരാകരിച്ച് മുന്നേറാൻ സാധിച്ചേക്കും അധികാരികളുടെ പിന്തുണ ഉറച്ചതാവും. പ്രണയികൾക്ക് സന്തോഷിക്കാൻ സന്ദർഭങ്ങൾ ഉരുത്തിരിയും. ന്യായമായ ആവശ്യങ്ങൾ ഭംഗിയായി നിർവഹിക്കുവാനുള്ള ധനം കൈവശം വന്നുചേരുന്നതാണ്.
മൂലം
നിഷ്കർഷയോടുകൂടി പ്രവർത്തിക്കാനാവും. അസാധ്യമെന്ന് കരുതിയവ സാധ്യമാവുന്നതാണ്. പരാശ്രയമില്ലാതെ തന്നെ കർമ്മരംഗത്ത് ശോഭിക്കാൻ കഴിയുന്നതിൽ അഭിമാനം നിറയും. ജന്മനാട്ടിലെ ഉത്സവത്തിന് പങ്കുകൊള്ളുവാൻ സാധിച്ചേക്കും. വിട്ടുവീഴ്ചക്ക് മുതിരാത്തത് ദാമ്പത്യത്തിൽ പ്രശ്നങ്ങൾ സൃഷ്ടിച്ചേക്കാം. വിദ്യാർത്ഥികൾക്ക് പഠനത്തിൽ കൂടുതൽ ഏകാഗ്രത വേണ്ടതുണ്ട്. തിങ്കൾ, ചൊവ്വ,ബുധൻ ദിവസങ്ങളിൽ പുതിയ കാര്യങ്ങൾ തുടങ്ങരുത്. ധനപരമായി കരുതൽ ഉണ്ടാവുകയും വേണം.
പൂരാടം
ഗാർഹികമായി സമ്മിശ്രമായ അനുഭവങ്ങൾ വന്നെത്തും. ഡ്രെയിനേജ്, അടുക്കള ഇവയിൽ മെയിൻ്റനൻസ് വേണ്ടി വരാം. കുടുംബാംഗങ്ങൾ തമ്മിലുള്ള ചേർച്ചക്കുറവ് പരിഹരിക്കാൻ കഴിഞ്ഞേക്കും. ഉദ്യോഗസ്ഥർക്ക് അദ്ധ്വാന സമയം കൂടുന്നതാണ്. മേലധികാരികൾക്ക് തെറ്റിദ്ധാരണയുള്ളതായി തോന്നും. സ്ഥലംമാറ്റക്കാര്യം പരിഗണിക്കപ്പെടില്ല. ബിസിനസ്സിൽ പരിചയസമ്പന്നനായ സഹായിയുടെ അഭാവം ആവശ്യമായി വരും. സമീപഭാവിയിലെ അന്യദേശയാത്രകൾക്ക് ഒരുക്കം തുടരും. തിങ്കൾ, ചൊവ്വ ദിവസങ്ങളിൽ മാനസിക പിരിമുറുക്കം ഉണ്ടായേക്കാം.
ഉത്രാടം
ഉന്മേഷമനസ്സ് കർമ്മരംഗത്തും പ്രതിഫലിക്കും. ഔചിത്യപൂർവ്വമായ തീരുമാനങ്ങൾ കൈക്കൊള്ളുന്നതിനാൽ മേലധികാരികളുടെ പ്രീതി ലഭിക്കുന്നതാണ്. പുതിയ ജോലി തേടുന്നവർക്ക് കമ്പനിമാറ്റം അനായാസമായേക്കും. രാഷ്ട്രീയ പ്രവർത്തനം മടുപ്പിക്കാനിടയുണ്ട്. പദവികൾ ഒഴിയാൻ സന്നദ്ധത പ്രകടിപ്പിക്കുന്നതാണ്. പ്രാർത്ഥനകൾക്ക് സമയം ചെലവഴിക്കും. മകൻ്റെ ജോലിക്കാര്യത്തിൽ തടസ്സങ്ങൾ വരുന്നതാണ്. ഭൂമി/വസ്തു പരിപാലനത്തിന് പണച്ചെലവേറും. സമൂഹമാധ്യമങ്ങളിലെ പക്ഷപാതങ്ങൾക്ക് ഖണ്ഡനവിമർശനം പ്രതീക്ഷിക്കാം. ചൊവ്വ, ബുധൻ, വ്യാഴം ദിവസങ്ങൾക്ക് ഗുണം കുറയാം.
തിരുവോണം
യാഥാർത്ഥ്യങ്ങളോട് പൊരുത്തെപ്പെടും. ഉദ്യോഗസ്ഥർക്ക് അവകാശങ്ങൾ സംരക്ഷിക്കുന്നതിനുള്ള സമരത്തിൽ പങ്കെടുക്കേണ്ടി വന്നേക്കും. ഭൂമി വാങ്ങാനുള്ള ശ്രമം വിജയിക്കുന്നതാണ്. പലരുടെയും സഹായം വന്നെത്തും. ബിസിനസ്സ് യാത്രകൾ വേണ്ടിവരും. അവകൊണ്ട് കുറച്ചൊക്കെ നേട്ടങ്ങൾ കരഗതമാവും. നേടിയ അറിവുകൾ ആവശ്യമുള്ളവർക്ക് പകർന്നു കൊടുക്കാൻ കഴിയുന്നതാണ്. സഹോദരാനുകൂല്യം ഉള്ള വാരമായിരിക്കും. ഗവേഷണ പ്രബന്ധം എഴുതിതുടങ്ങാനാവും. ബുധൻ, വ്യാഴം ദിവസങ്ങളിൽ ആരോഗ്യപ്രശ്നങ്ങൾക്ക് സാധ്യത കാണുന്നു.
അവിട്ടം
കാര്യസാദ്ധ്യത്തിന് ആവർത്തിത യത്നം വേണ്ടി വരുന്നതാണ്. ഏല്പിച്ച ചുമതലകളിൽ വീഴ്ച വരുന്നതിനാൽ അധികാരികളുടെ അപ്രീതിനേടും. മനസ്സിന് സുഖം കുറയാം. അകാരണമായി കലഹിച്ചേക്കും. വ്യാപാരത്തിൽ പുരോഗതിയുണ്ടാവും. എന്നാൽ പ്രതീക്ഷിച്ചത്ര വരുമാനം ഉണ്ടായേക്കില്ല. പ്രണയികൾക്കിടയിൽ താത്കാലിക പിണക്കത്തിനിടയുണ്ട്. രാഷ്ട്രീയ ചർച്ചകളിൽ മിതത്വം പാലിക്കുക ഉചിതമാവും. ഭൂമിയിൽ നിന്നോ കെട്ടിടം മൂലമോ ആദായം പ്രതീക്ഷിക്കാം. മക്കളെ കുറ്റപ്പെടുത്തും മുൻപ് അവരുടെ ഭാഗം കൂടി കേൾക്കാൻ തയ്യാറാവേണ്ടതുണ്ട്. ചൊവ്വ, ബുധൻ, വ്യാഴം ദിവസങ്ങളിൽ സമ്മർദ്ദങ്ങളെ നേരിടേണ്ടി വരാം.
ചതയം
സാഹചര്യങ്ങളുടെ പ്രതികൂലത പ്രവൃത്തി രംഗത്ത് പ്രതിഫലിക്കും. കഠിനാദ്ധ്വാനം വേണ്ടിവരുന്നതാണ്. ഡ്യൂട്ടി സമയം അസൗകര്യപ്രദമാവും. വാഗ്ദാനം പാലിക്കാൻ വിഷമിക്കും. കടബാധ്യത പരിഹരിക്കാൻ വഴിതെളിഞ്ഞേക്കില്ല. ശുക്രനും ബുധനും രണ്ടിൽ തുടരുകയാൽ സംഭാഷണത്തിൽ പാണ്ഡിത്യം പ്രകടിപ്പിക്കും. ബന്ധുസമാഗമം സന്തോഷം നൽകും. പ്രശ്നങ്ങൾ തുറന്നുപറയും. നിർദ്ദേശങ്ങൾ കിട്ടിക്കൂടായ്കയില്ല. സാഹിത്യകാരന്മാർക്ക് ഗുണപ്രദമായ സന്ദർഭമാണ്. വിദ്യാർത്ഥികൾക്ക് പരീക്ഷാപ്പേടി ഉണ്ടാവില്ല.
പൂരൂരുട്ടാതി
സൂര്യനും ശനിയും ഒരുമിച്ച് ജന്മനക്ഷത്രത്തിലാണ്. പത്തുമുപ്പതുവർഷങ്ങൾക്കിടയിലെ അനുഭവമാവണം ഇത്. വ്യക്തിജീവിതത്തിൽ സുഖക്കുറവുണ്ടാവും. ഔദ്യോഗികമായി സമ്മർദങ്ങൾ വരുന്ന കാലമാണ്. തെറ്റായ തീരുമാനങ്ങൾ എടുക്കാൻ സാധ്യതയുണ്ട്. കൊടുക്കൽ വാങ്ങലുകളിൽ ശ്രദ്ധയുണ്ടാവണം. നിർബന്ധബുദ്ധി ശത്രുക്കളെ സൃഷ്ടിച്ചേക്കാം. ധനപരമായി മോശം കാലമല്ല. കുടുംബാംഗങ്ങളുടെ നിർദ്ദേശം സ്വീകരിക്കുന്നത് ഉചിതമായിരിക്കും. പിതൃ-പുത്രബന്ധത്തിൽ അസ്വാരസ്യങ്ങൾ വരാം. വ്യവഹാരങ്ങൾക്ക് മുതിരരുത്.
ഉത്രട്ടാതി
ഉത്രട്ടാതിയിൽ രാഹു, ബുധൻ, ശുക്രൻ എന്നീ ഗ്രഹങ്ങൾ സഞ്ചരിക്കുന്നു. പന്ത്രണ്ടാം രാശിയിലും രണ്ടുഗ്രഹങ്ങളുണ്ട്. സ്വസ്ഥത കുറയും. പലതരം മനോവിചാരം വന്നെത്തും. പല കാരണങ്ങളാൽ വീടുവിട്ടു നിൽക്കുവാനിടയുള്ള കാലമാണ്. ബിസിനസ്സിൽ ലാഭമുണ്ടാവും. എന്നാൽ അധ്വാനം വളരെക്കൂടും. ജീവിതപങ്കാളിയുടെ അകമഴിഞ്ഞ പിന്തുണ ലഭിക്കുന്നതാണ്. ഊഹക്കച്ചവടത്തിൽ നഷ്ടം വന്നേക്കാം. ആഡംബരച്ചെലവുകൾ ചുരുക്കുന്നത് നന്ന്. നിരുപാധികമായി ചെയ്തിരുന്ന കാര്യങ്ങൾ സോപാധികമായി ചെയ്യേണ്ടി വരാം. ആരോഗ്യത്തിൽ പ്രത്യേകമായ ശ്രദ്ധയുണ്ടാവണം.
രേവതി
ജന്മരാശി, പന്ത്രണ്ടാമെടം എന്നിവയിലെ ഗ്രഹാധിക്യം രേവതി നാളുകാരെ ഒട്ടൊക്കെ പ്രതികൂലമായി ബാധിക്കാം. എത്ര ആലോചിച്ചെടുത്ത തീരുമാനമായാലും പുനപ്പരിശോധിക്കും. അവ്യക്തത ഒഴിയാബാധയാവും. ഏകാന്തത അനുഭവിക്കും. ആത്മവിശ്വാസം കുറയുന്നതാണ്. ജന്മത്തിൽ ശുക്രൻ സഞ്ചരിക്കുകയാൽ ഭോഗാനുഭവങ്ങൾ പ്രതീക്ഷിക്കാം. വിലപിടിപ്പുള്ള പാരിതോഷികങ്ങൾ ലഭിക്കാനിടയുണ്ട്. കലാപ്രവർത്തനത്തിന് അവസരം വർദ്ധിക്കും. ശത്രുക്കളുടെ ദുരാരോപണങ്ങളെ നേരിടേണ്ടി വരും. രോഗാതുരന്മാർ വൈദ്യപരിശോധനയ്ക്ക് അമാന്തം വരുത്തരുത്.