ഫെബ്രുവരി ഒൻപത് ഇന്ത്യൻ ക്രിക്കറ്റ് ലോകത്തിന് മറക്കാനാവാത്ത രാത്രിയായി. ഇന്ത്യയുടെ നിരത്തുകളിൽ ആരാധകർ സന്തോഷത്താൽ നിറഞ്ഞ് പാട്ട് പാടി നൃത്തം വയ്ക്കുമ്പോൾ ദുബായി രാജ്യാന്തര സ്റ്റേഡിയത്തിലെ കാഴ്ചയും വ്യത്യസ്തമായിരുന്നില്ല. ഡാൺഡിയ ഡാൻസ് കളിച്ചാണ് ഗ്രൗണ്ടിൽ ഇന്ത്യയുടെ സൂപ്പർ താരങ്ങളായ രോഹിത്തും കോഹ്ലിയും വിജയാഘോഷത്തിൽ മതിമറന്നത്.
സ്റ്റംപ് കൊണ്ടായിരുന്നു രോഹിത്തിന്റേയും കോഹ്ലിയുടേയും ഈ ആഘോഷ നൃത്തം. ഇതിന്റെ വിഡിയോ സമൂഹമാധ്യമങ്ങളിൽ വൈറലായി കഴിഞ്ഞു. ഗുജറാത്തിലേയും രാജസ്ഥാനിലേയും പരമ്പരാഗത നാടോടി നൃത്തരൂപമാണ് ഡാൺഡിയ. ഹോളിയുമായും ഇത് ബന്ധപ്പെട്ടിരിക്കുന്നു.
. @nightchanges pic.twitter.com/hTXDBjUx1v
— saif media (@saifmedia_) March 9, 2025
കളിയിലേക്ക് വരുമ്പോൾ 252 റൺസ് വിജയ ലക്ഷ്യം മുൻപിൽ വെച്ച് ഇന്ത്യ ഇറങ്ങിയപ്പോൾ സ്പിൻ കെണിയൊരുക്കി വീഴ്ത്താം എന്ന സ്വപ്നം സാന്റനറുടെയും സംഘത്തിന്റേയും മനസിൽ ഉണ്ടായിരുന്നിരിക്കണം. എന്നാൽ ന്യൂസിലൻഡിന്റെ ആത്മവിശ്വാസം കെടുത്തുന്ന ഇന്നിങ്സ് ആണ് രോഹിത്തിൽ നിന്ന് വന്നത്.
എന്നിട്ടും ന്യൂസിലൻഡ് പൊരുതാതെ തോൽവി സമ്മതിച്ചില്ല. ഇന്ത്യയുടെ ഓപ്പണിങ് സഖ്യം സെഞ്ചുറി കൂട്ടുകെട്ട് ഉണ്ടാക്കിയിട്ടും മത്സരം അവസാന ഓവറുകളിലേക്ക് വലിച്ചു നീട്ടാൻ ന്യൂസിലൻഡിന് സാധിച്ചു. ഇന്ത്യൻ മധ്യനിര ടൂർണമെന്റിൽ ഉടനീളം അവസരത്തിനൊത്ത് ഉയർന്ന കളിച്ചത് പോലെ ഫൈനലിലും പിടിച്ചു നിന്നതോടെയാണ് ഇന്ത്യ കിരീടം ചൂടിയത്.
ന്യൂസിലൻഡിനെ 300 എന്ന സ്കോറിലേക്ക് എത്താൻ അനുവദിക്കാതെ പിടിച്ചുകെട്ടിയ ഇന്ത്യൻ സ്പിൻ നിരയും വലിയ അഭിനന്ദനം അർഹിക്കുന്നു. വരുണും കുൽദീപും രണ്ട് വിക്കറ്റ് വീതവും വീഴ്ത്തി. രവീന്ദ്ര ജഡേജ ഒരു വിക്കറ്റം. ഇന്ത്യൻ ബോളർമാരിൽ രവീന്ദ്ര ജഡേജയുടേതായിരുന്നു ഏറ്റവും മികച്ച ഇക്കണോമി, മൂന്ന്. മറ്റ് സ്പിന്നർമാർ ആരുടേയും ഇക്കണോമി അഞ്ചിന് മുകളിൽ പോയില്ല.