ഇന്ത്യയുടെ ചാമ്പ്യന്‍സ് ട്രോഫി 2025 കിരീട നേട്ടത്തിന് പിന്നാലെ വിരമിച്ചേക്കുമെന്ന അഭ്യൂഹങ്ങള്‍ക്ക് മറുപടി നല്‍കി രവീന്ദ്ര ജഡേജ. 2024 ലെ ടി20 ലോകകപ്പ് വിജയത്തിന് ശേഷം വിരാട് കോഹ്ലി, രോഹിത് ശര്‍മ എന്നിവര്‍ക്കൊപ്പം ജഡേജയും ഫോര്‍മാറ്റില്‍ നിന്ന് വിരമിച്ചിരുന്നു.

ദുബായ് ഇന്റര്‍നാഷണല്‍ സ്റ്റേഡിയത്തില്‍ നടന്ന ഫൈനലില്‍ ന്യൂസിലന്‍ഡിനെ തോല്‍പ്പിച്ചാണ് ഇന്ത്യ ജേതാക്കളായത്. ഈ വിജയത്തോടെ എംഎസ് ധോണി, രോഹിത് ശര്‍മ, വിരാട് കോഹ്ലി എന്നിവര്‍ക്ക് ശേഷം മൂന്ന് ഐസിസി കിരീടങ്ങള്‍ നേരിട്ട് നേടുന്ന മൂന്നാമത്തെ കളിക്കാരനായി രവീന്ദ്ര ജഡേജ മാറി.
2013 ല്‍ ചാമ്പ്യന്‍സ് ട്രോഫി ഉയര്‍ത്തിയ ടീമിന്റെ ഭാഗമായിരുന്നു ജഡേജ. ഇത് രണ്ടാം തവണയാണ് അദ്ദേഹം ചാമ്പ്യന്‍സ് ട്രോഫി കിരീട വിജയത്തില്‍ പങ്കുചേരുന്നത്. 12 വര്‍ഷം മുമ്പ് ഫൈനലില്‍ പ്ലെയര്‍ ഓഫ് ദി മാച്ചും ടൂര്‍ണമെന്റിലെ ഏറ്റവും കൂടുതല്‍ വിക്കറ്റ് നേടിയ കളിക്കാരനുമായിരുന്നു. ഇത്തവണത്തെ വിജയത്തില്‍ നിശബ്ദ നായകനായി.
ഫൈനലില്‍ ന്യൂസിലന്‍ഡിന്റെ സ്‌കോര്‍ പിന്തുടരവെ പിരിമുറുക്കം നിറഞ്ഞ സമയത്ത് ക്രീസിലെത്തിയ ജഡേജ മികച്ച ബാറ്റിങ് നടത്തി വിജയ റണ്‍ നേടുന്നത് വരെ തുടര്‍ന്നു. ടൂര്‍ണമെന്റില്‍ ഇന്ത്യയുടെ ‘സ്പിന്‍ ടു വിന്‍’ തന്ത്രത്തിന്റെ പ്രധാന ഭാഗമായിരുന്നു ജഡേജ. അവസാന മൂന്ന് മത്സരങ്ങളില്‍ പ്ലെയിങ് ഇലവനില്‍ നാല് സ്പിന്നര്‍മാരെ ഉള്‍പ്പെടുത്തി.
അവസാന മൂന്ന് മത്സരങ്ങളില്‍ 35 കാരനായ ഇടംകൈയ്യന്‍ സ്പിന്നര്‍ 4.35 എന്ന മികച്ച എക്കണോമിയില്‍ അഞ്ച് വിക്കറ്റുകള്‍ വീഴ്ത്തി. 2027 ഏകദിന ലോകകപ്പ് ആണ് ഇനി ഇന്ത്യയുടെ മുന്നിലുള്ള പ്രധാന ക്രിക്കറ്റ് ഇവന്റ്. ചാന്ര്യന്‍സ് ട്രോഫിക്ക് ശേഷം ബിസിസിഐ ഈ ലക്ഷ്യത്തോടെ ദീര്‍ഘകാല പദ്ധതികള്‍ ആവിഷ്‌കരിക്കുന്നുണ്ട്.
2027 ക്രിക്കറ്റ് ലോകകപ്പിലേക്ക് ബിസിസിഐ ശ്രദ്ധതിരിക്കുമ്പോള്‍ ജഡേജയുടെ സ്ഥാനം എന്തായിരിക്കുമെന്ന് കാത്തിരുന്ന് കാണേണ്ടതുണ്ട്. ദക്ഷിണാഫ്രിക്ക, സിംബാബ്വെ, നമീബിയ എന്നീ രാജ്യങ്ങള്‍ സംയുക്തമായാണ് ടൂര്‍ണമെന്റിന് ആതിഥേയത്വം വഹിക്കുന്നത്.
ഇന്ത്യന്‍ ക്യാപ്റ്റന്‍ രോഹിത് ശര്‍മയും വിരാട് കോഹ്‌ലിയും ഉടനെ വിരമിക്കുന്നില്ലെന്ന് ചാമ്പ്യന്‍സ് ട്രോഫിക്ക് പിന്നാലെ വ്യക്തമാക്കുകയുണ്ടായി. വിരമിക്കല്‍ അഭ്യൂഹങ്ങള്‍ നിഷേധിച്ച് രോഹിത് രംഗത്തെത്തിയപ്പോള്‍, മത്സരത്തിന് ശേഷമുള്ള അഭിമുഖത്തില്‍ താന്‍ കളിക്കുന്നത് തുടരുമെന്ന് കോഹ്ലിയും വിശദീകരിച്ചു. ജഡേജ ഒരു നിഗൂഢമായ ഇന്‍സ്റ്റാഗ്രാം സ്റ്റോറിയിലൂടെയാണ് തന്റെ ഭാവി സംബന്ധിച്ച സൂചന നല്‍കിയത്.
‘അനാവശ്യ കിംവദന്തികളൊന്നുമില്ല, നന്ദി,’ എന്നായിരുന്നു ജഡേജയുടെ ഇന്‍സ്റ്റാഗ്രാം സ്റ്റോറി. എന്തിനെക്കുറിച്ചാണ് സംസാരിക്കുന്നതെന്ന് താരം വ്യക്തമാക്കിയിട്ടില്ലെങ്കിലും, വിരമിക്കല്‍ കിംവദന്തികളാണെന്ന് അനുമാനിക്കാം. ഫൈനലില്‍ തന്റെ സ്‌പെല്‍ അവസാനിച്ച ശേഷം ജഡേജയെ കോഹ്ലി ആലിംഗനം ചെയ്തത് അഭ്യൂഹങ്ങള്‍ ശക്തമാക്കിയിരുന്നു.