ബ്ലോക്ബസ്റ്റർ ചിത്രം ‘മാർക്കോ’യ്ക്ക് ശേഷം ക്യൂബ്സ് എന്റർടൈൻമെന്റ്സിന്റെ ബാനറിൽ ഷെരീഫ് മുഹമ്മദ് നിർമ്മിക്കുന്ന പുതിയ ചിത്രമാണ് ‘കാട്ടാളൻ’. മാർക്കോയിലെ വയലൻസിനെ കുറിച്ച് സോഷ്യൽ മീഡിയയിലടക്കം ചർച്ച നടക്കുന്ന സാഹചര്യത്തിലാണ് കാട്ടാളന്റെ പ്രഖ്യാപനം. ആന്റണി വർഗീസ് നായകനാവുന്ന കാട്ടാളൻ സംവിധാനം ചെയ്യുന്നത് നവാഗതനായ പോൾ ജോർജ് ആണ്.
താഴെ വീണു കിടക്കുന്ന മൃതദേഹങ്ങൾക്കും ആനകൊമ്പുകൾക്കും ഇടയിൽ മഴുവുമേന്തി നിൽക്കുന്ന ആന്റണി വർഗീസിന്റെ ചിത്രമാണ് കാട്ടാളന്റെ ഫസ്റ്റ് ലുക്ക് ആയി പുറത്തുവന്നത്. ഇതോടെ ഈ ചിത്രത്തിലും മാർക്കോയ്ക്ക് സമാനമായി വയലൻസിന്റെ അതിപ്രസരം ഉണ്ടെന്ന തരത്തിലുള്ള അഭ്യൂഹങ്ങൾ പരന്നിരുന്നു. എന്നാൽ ഇതിൽ അത്തരം വയലൻസ് ഉണ്ടാവില്ലെന്ന് വ്യക്തമാക്കി നിർമ്മാതാവ് രംഗത്ത് എത്തിയിരുന്നു. ഇപ്പോൾ അതിനെ കുറിച്ച് വിശദീകരണവുമായി എത്തിയിരിക്കുകയാണ് സംവിധായകനായ പോൾ ജോർജ്.
കാട്ടാളനിൽ നിന്ന് വയലൻസ് പൂർണ്ണമായി ഒഴിവാക്കി മുന്നോട്ടു പോകാനാകില്ലെന്നും, സെൻസർ ബോർഡ് കൽപ്പിക്കുന്ന മാനദണ്ഡങ്ങൾക്ക് ഉള്ളിൽ നിൽക്കുന്ന വയലൻസ് തീർച്ചയായും ചിത്രത്തിൽ ഉണ്ടാകുമെന്നും സംവിധായകൻ പറഞ്ഞു. “നിർമ്മാതാവുമായി സംസാരിച്ചിരുന്നു. അദ്ദേഹം വേണ്ട നിർദേശങ്ങൾ നൽകിയിട്ടുണ്ട്. അത് കാട്ടാളൻ എന്ന സിനിമയിൽ നിന്ന് വയലൻസ് മുഴുവനായി ഒഴിവാക്കണം എന്നല്ല. കാരണം, അങ്ങനെ പൂർണമായി ഒഴിവാക്കി കൊണ്ട് നമ്മുക്ക് ആ സിനിമയുമായി മുന്നോട്ടു പോകാനും പറ്റില്ല.
കാടിനോട് ചേർന്നൊരു കഥാപശ്ചാത്തലമാണ് ചിത്രത്തിന്. അതിലെ കഥാപാത്രങ്ങൾക്ക് ഒരു വയലന്റ് ഷേഡ് ഉണ്ട്. അപ്പോൾ പൂർണമായി വയലൻസ് ഒഴിവാക്കി മുന്നോട്ട് പോകാൻ സാധിക്കില്ല. പക്ഷെ, വയലന്സിന്റെ ഒരു അതിപ്രസരം ഒക്കെ നമ്മൾ തീർച്ചയായും ഒഴിവാക്കും. അമിതമായി ബ്രൂട്ടാലിറ്റി നമ്മുടെ സിനിമയിൽ ഉണ്ടാവില്ല. എന്നാൽ സെൻസർ ബോർഡ് കൽപ്പിക്കുന്ന മാനദണ്ഡങ്ങൾക്ക് ഉള്ളിൽ നിൽക്കുന്ന വയലൻസ് തീർച്ചയായിട്ടും കാട്ടാളൻ എന്ന സിനിമയിൽ ഉണ്ടാകും,” പോൾ ജോർജ് പറഞ്ഞു.
ആളുകളെ അക്രമങ്ങളിലേക്ക് നയിക്കുന്നത് ജീവിത സാഹചര്യങ്ങളാണെന്നും ഒരു സിനിമ കണ്ടിട്ട് മാത്രം ഒരാൾ പോയി ക്രൈം ചെയ്യുമെന്ന് വിശ്വസിക്കുന്നില്ലെന്നും പോൾ ജോർജ് പറഞ്ഞു. “സിനിമ കാഴ്ചക്കാരെ സ്വാധീനിക്കുനുണ്ടോ എന്ന് ചോദിച്ചാൽ, ഒരു സിനിമയിൽ നല്ല കാര്യങ്ങളും ഉണ്ടാകും മോശം കാര്യങ്ങളും ഉണ്ടാകും. നല്ല കാര്യങ്ങളിൽ നിന്ന് നമ്മുക്ക് ഇൻഫ്ളുവൻസ്ഡ് ആവാം. പക്ഷെ സിനിമയിലെ നല്ല കാര്യങ്ങളെയും മോശം കാര്യങ്ങളെയും തമ്മിൽ വേർതിരിച്ചു കാണാനുള്ള ഒരു വിവേക ബുദ്ധി ഇവിടുത്തെ പ്രേക്ഷകർക്ക് ഉണ്ട് എന്നുള്ള വിശ്വാസത്തിലാണല്ലോ നമ്മൾ ഓരോ സിനിമയും അവരുടെ മുന്നിലേക്ക് കൊണ്ട് വരുന്നത്.
ഒരു സിനിമ ക്രൈം ചെയ്യാൻ പ്രേരിപ്പിക്കുന്നുണ്ടോ എന്ന് ചോദിച്ചാൽ, എനിക്ക് തോന്നുന്നു, വളരെ കുറവ് ശതമാനം മാത്രമായിരിക്കും അങ്ങനെ സംഭവിക്കുന്നത് എന്നാണ്. ഒരു ക്രൈമിലേക്കു ഒരാളെ നയിക്കുന്നത് അയാളുടെ ജീവിത സാഹചര്യങ്ങളും, അയാളുടെ നിലവിലെ സാഹചര്യങ്ങളും ഒക്കെയാണല്ലോ. അല്ലാതെ ഒരു സിനിമ കണ്ടിട്ട് മാത്രം ഒരാൾ പോയി ഒരു ക്രൈം ചെയ്യുമെന്ന് ഞാൻ വിശ്വസിക്കുന്നില്ല,” പോൾ ജോർജ് പറഞ്ഞു.