ഐപിഎൽ 2025 സീസണ് മുൻപ് ചില കാര്യങ്ങൾ വെളിപ്പെടുത്തി രാജസ്ഥാൻ റോയൽസ് നായകൻ സഞ്ജു സാംസൺ. ഐപിഎല്ലിലെ ഒരു നിയമം മാറ്റാൻ ആഗ്രഹിക്കുന്നതായും റോയൽസ് ക്യാപ്റ്റൻ.
ഹൈലൈറ്റ്:
- ഐപിഎൽ സീസണ് മുൻപ് മനസ് തുറന്ന് സഞ്ജു സാംസൺ
- ഒരു ഐപിഎൽ നിയമം മാറ്റാൻ ആഗ്രഹിക്കുന്നതായും സഞ്ജു
- ഐപിഎല്ലിൽ രാജസ്ഥാന്റെ ആദ്യ കളി മാർച്ച് 22 ന്

ഐപിഎല്ലിന് മുൻപ് അക്കാര്യം തുറന്ന് പറഞ്ഞ് സഞ്ജു സാംസൺ; ഒരു നിയമം മാറ്റാൻ ആഗ്രഹിക്കുന്നതായും രാജസ്ഥാൻ റോയൽസ് നായകൻ
ഇപ്പോളിതാ സീസൺ ആരംഭിക്കാൻ 10 ദിവസം മാത്രം ബാക്കി നിൽക്കെ ജോസ് ബട്ലറെ ടീമിൽ നിന്ന് റിലീസ് ചെയ്യാനുള്ള തീരുമാനത്തെക്കുറിച്ച് മനസ് തുറന്നിരിക്കുകയാണ് റോയൽസ് നായകൻ സഞ്ജു സാംസൺ. ഐപിഎല്ലിൽ മാറ്റം വരുത്താൻ ആഗ്രഹിക്കുന്ന ഒരു നിയമത്തെക്കുറിച്ചും ഇതിനൊപ്പം അദ്ദേഹം വെളിപ്പെടുത്തി.
സഞ്ജു സുപ്രധാന റോളിൽ, ആദ്യ ആറ് പേരും വെടിക്കെട്ട് ബാറ്റർമാർ; ഈ സീസണിൽ രാജസ്ഥാൻ റോയൽസിന്റെ ബാറ്റിങ് ലൈനപ്പ് ഇങ്ങനെ
മെഗാലേലത്തിന് മുൻപ് ജോസ് ബട്ലറെ ടീമിൽ നിന്ന് റിലീസ് ചെയ്യേണ്ടി വന്നത് ഏറെ കഠിനമായ തീരുമാനമായിരുന്നുവെന്നാണ് സഞ്ജു സാംസൺ പറയുന്നത്. ഏഴോളം വർഷങ്ങൾ ഒരുമിച്ച് കളിച്ചതിനാൽ ബട്ലറുമായി മികച്ച ബന്ധം തനിക്കുണ്ടെന്ന് പറയുന്ന സഞ്ജു, അദ്ദേഹം തനിക്ക് ഒരു സഹോദരനെപ്പോലെയാണെന്നും കൂട്ടിച്ചേർത്തു. ഐപിഎല്ലിൽ ഓരോ മൂന്ന് വർഷം കൂടും തോറും കളിക്കാരെ റിലീസ് ചെയ്യണമെന്ന നിയമം മാറ്റാൻ താൻ ആഗ്രഹിക്കുന്നതായും ജിയോ സ്റ്റാറിനോട് സംസാരിക്കവെ സഞ്ജു സാംസൺ ചൂണ്ടിക്കാട്ടി.
” ജോസ് ബട്ലർ എന്റെ അടുത്ത സുഹൃത്തുക്കളിൽ ഒരാളാണ്. ഞങ്ങൾ ഏഴ് വർഷങ്ങൾ ഒരുമിച്ച് കളിച്ചു. ഈ കാലയളവിൽ ഞങ്ങളുടെ ബാറ്റിങ് കൂട്ടുകെട്ട് സമയവും വളരെ നീണ്ടതായിരുന്നതിനാൽ പരസ്പരം നന്നായി മനസിലാക്കാൻ ഞങ്ങൾക്കായി. ഒരു മുതിർന്ന ജ്യേഷ്ഠനെപ്പോലെയായിരുന്നു എനിക്ക് അദ്ദേഹം. എപ്പോളൊക്കെ എനിക്ക് സംശയം വരുന്നുവോ അപ്പോളോക്കെ ഞാൻ അദ്ദേഹത്തോട് സംസാരിക്കുമായിരുന്നു. 2021 ൽ ഞാൻ ടീമിന്റെ ക്യാപ്റ്റനായപ്പോൾ അദ്ദേഹമായിരുന്നു എന്റെ ഉപനായകൻ. ഒരു നല്ല ക്യാപ്റ്റനാകാൻ അദ്ദേഹം എന്നെ സഹായിച്ചു.”
“അദ്ദേഹത്തെ വിട്ടയക്കുക എന്നത് എന്നെ സംബന്ധിച്ചിടത്തോളം ഏറ്റവും വെല്ലുവിളി നിറഞ്ഞ തീരുമാനങ്ങളിൽ ഒന്നായിരുന്നു. ഇംഗ്ലണ്ടിന് എതിരായ പരമ്പരക്കിടെ രാത്രി ഭക്ഷണത്തിന് ശേഷം, ഇപ്പോളും അതിൽ നിന്ന് ( ബട്ലറെ റിലീസ് ചെയ്തതിൽ ) മുക്തനായിട്ടില്ലെന്ന് ഞാൻ അദ്ദേഹത്തോട് പറഞ്ഞു. ഐപിഎല്ലിലെ ഒരു കാര്യം മാറ്റാൻ എനിക്ക് സാധിക്കുകയാണെങ്കിൽ ഓരോ മൂന്ന് വർഷം കൂടുന്തോറും കളിക്കാരെ റിലീസ് ചെയ്യുക എന്ന നിയമം ഞാൻ മാറ്റും. അതിന് അതിന്റേതായ ഗുണങ്ങളുണ്ടെങ്കിലും വ്യക്തിപരമായ തലത്തിൽ നോക്കുകയാണെങ്കിൽ വർഷങ്ങളായി കെട്ടിപ്പടുത്ത ബന്ധങ്ങൾ നിങ്ങൾക്ക് നഷ്ടമാകും.” സഞ്ജു പറഞ്ഞു നിർത്തി.
പരിശീലനത്തിൽ വെടിക്കെട്ട് നടത്തി സഞ്ജുവിന്റെ പുതിയ വജ്രായുധം; രാജസ്ഥാൻ റോയൽസിന്റെ പുതിയ താരം ഇക്കുറി ഞെട്ടിച്ചേക്കും
2018 ൽ രാജസ്ഥാൻ റോയൽസിൽ എത്തിയ ജോസ് ബട്ലർ ഏഴ് വർഷങ്ങളാണ് അവർക്കായി കളിച്ചത്. ഈ കാലയളവിൽ ടീമിന്റെ ഉയർന്ന റൺ വേട്ടക്കാരനും അദ്ദേഹമായിരുന്നു. റോയൽസിനായി 83 മത്സരങ്ങൾ കളിച്ച ബട്ലർ, 41.84 ബാറ്റിങ് ശരാശരിയിൽ 3055 റൺസാണ് നേടിയത്. 2025 സീസണ് മുൻപുള്ള മെഗാ താരലേലത്തിന് മുൻപ് ജോസ് ബട്ലറെ ഒഴിവാക്കാൻ രാജസ്ഥാൻ തീരുമാനിച്ചത് ക്രിക്കറ്റ് ലോകത്തിന്റെ മുഴുവൻ നെറ്റി ചുളിപ്പിച്ചിരുന്നു.