ധനമന്ത്രി-മുഖ്യമന്ത്രി കൂടിക്കാഴ്ച്ച; വയനാടും വിഴിഞ്ഞവും ചർച്ചയായി; ആശവർക്കർമാരുടെ സമരം ച‍ര്‍ച്ചയായില്ല

Spread the love



ന്യൂഡൽഹി: സാമ്പത്തിക പ്രതിസന്ധിക്കും ആശാവര്‍ക്കര്‍മാരുടെ സമരത്തിനുമിടയില്‍ കേന്ദ്രധനമന്ത്രി നിര്‍മ്മല സീതാരാമനുമായി മുഖ്യമന്ത്രി പിണറായി വിജയന്‍ കൂടിക്കാഴ്ച നടത്തി. ഡൽഹിയിലെ കേരള ഹൗസില്‍ നടന്ന കൂടിക്കാഴ്ചയില്‍ വയനാട് ദുരന്തസഹായവും, വിഴിഞ്ഞവുമൊക്കെ ചര്‍ച്ചയായി. ആശ വര്‍ക്കര്‍മാരുടെ പ്രതിസന്ധി മുഖ്യമന്ത്രി ഉന്നയിച്ചില്ലെന്നാണ് വിവരം.

മുഖ്യമന്ത്രിയുടെ ക്ഷണം സ്വീകരിച്ച് കേരളഹൗസിലേക്ക് ധനമന്ത്രിയെത്തുകയായിരുന്നു. രാവിലെ ഒന്‍പത് മണിയോടെ കേരളഹൗസ് വളപ്പിലെ കൊച്ചിന്‍ ഹൗസില്‍ നിര്‍മ്മല സീതാരാമന്‍ എത്തി. മുഖ്യമന്ത്രിക്കൊപ്പം പ്രഭാതഭക്ഷണവും കഴിച്ചു. ഗവര്‍ണ്ണര്‍ രാജേന്ദ്ര അര്‍ലേക്കറും, കേരളത്തിന്‍റെ ഡൽഹിയിലെ പ്രതിനിധി കെവി തോമസും കൂടിക്കാഴ്ചയില്‍ പങ്കെടുത്തു.

വയനാട് തന്നെയായിരുന്നു മുഖ്യ ചര്‍ച്ച വിഷയമെന്നാണ് വിവരം. വിനിയോഗ പരിധി മാര്‍ച്ച് 31ന് അവസാനിക്കുന്ന ദുരന്ത സഹായ വായ്പയുടെ കാലാവധി നീട്ടണമെന്ന ആവശ്യം മുഖ്യമന്ത്രി മുന്‍പോട്ട് വച്ചു. ദുരന്ത സഹായം പൂര്‍ണ്ണമായും ലഭ്യമാക്കണമെന്ന് ആവശ്യപ്പെട്ടു. വിഴിഞ്ഞം തുറമുഖ വികസനത്തിനും കേന്ദ്രത്തിന്‍റെ കൂടുതല്‍ ഇടപെടല്‍ തേടി. ഉപാധികളില്ലാതെ കടമെടുപ്പ് പരിധി മൂന്നര ശതമാനമായി ഉയര്‍ത്തണമെന്ന ആവശ്യവും മുന്‍പോ‍ട്ട് വെച്ചെന്നാണ് വിവരം.  

അതേസമയം, സംസ്ഥാനത്തെ കാല്‍ലക്ഷത്തിലധികം ആശാവര്‍ക്കര്‍മാര്‍ പ്രതീക്ഷയോടെ കാത്തിരുന്ന വിഷയം ചര്‍‍ച്ചക്ക് വന്നില്ലെന്നാണ് സൂചന. പാഴായ കേന്ദ്രവിഹിതം അനുവദിക്കാന്‍ ഇടപടെലുണ്ടാകണമെന്ന അഭ്യര്‍ത്ഥന ധനമന്ത്രിക്ക് നല്‍കിയ നിവേദനത്തിലുണ്ടോയെന്ന് വ്യക്തമല്ലെങ്കിലും ആശമാരുടെ വിഷയം പ്രത്യേകമായി ഉന്നയിച്ചിട്ടില്ലെന്നാണ് വിവരം. കൂടിക്കാഴ്ചയില്‍ പങ്കെടുത്ത കെവി തോമസ് കൂടുതലൊന്നും പറയാന്‍ തയ്യാറായില്ല. 

കേരളം ഇതിനോടകം ഉന്നയിച്ച ആവശ്യങ്ങളില്‍ കേന്ദ്ര തീരുമാനം വൈകുന്നതിലെ ആശങ്ക മുഖ്യമന്ത്രി ധനമന്ത്രിയുടെ ശ്രദ്ധയില്‍ പെടുത്തി. ആവശ്യങ്ങള്‍ അനുഭാവപൂര്‍വം പരിഗണിക്കാമെന്ന മറുപടി ധനമന്ത്രി നല്‍കിയതായാണ് വിവരം. കൂടുതല്‍ ചര്‍ച്ചകള്‍ വേണ്ട വിഷയങ്ങള്‍ ഉദ്യോഗസ്ഥരെ ചുമതലപ്പെടുത്താമെന്നും ധനമന്ത്രി അറിയിച്ചു. സൗഹൃദാന്തരീക്ഷത്തിലാണ് ചര്‍ച്ച അവസാനിച്ചത്. ധനമന്ത്രിയുടേത് അനോദ്യോഗിക സന്ദര്‍ശനമായിരുന്നുവെന്ന് പിആര്‍ഡി പിന്നീട് വാര്‍ത്താക്കുറിപ്പിറക്കി. 

Read More



Source link

Facebook Comments Box

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!