ജനനന്മയ്ക്ക് ചെയ്യുന്നത് ജനം അറിയണം, അത് പിആർ അല്ല: മുഹമ്മദ് റിയാസ്

Spread the love


ജനങ്ങൾക്ക് വേണ്ടി ജനപ്രതിനിധികൾ നടത്തുന്ന പ്രവർത്തികൾ പൊതുജനം അറിയണമെന്നും അത് പിആർ വർക്കല്ലെന്നും സംസ്ഥാന പൊതുമരാമത്ത്-ടൂറിസം വകുപ്പ് മന്ത്രി പിഎ മുഹമ്മദ് റിയാസ്. ഐഇ മലയാളം പോഡ്കാസ്റ്റ് പരിപാടി വർത്തമാനത്തിലാണ് റിയാസ് തന്റെ അഭിപ്രായങ്ങൾ പങ്കുവെച്ചത്. 

ഏതൊരു ജനപ്രതിനിധിയായാലും ചെയ്യുന്ന കാര്യം ജനങ്ങളിൽ എത്തിക്കാൻ ശ്രമിക്കും. എംഎൽഎയുടെ പ്രവർത്തനങ്ങൾ നിയോജകമണ്ഡലത്തിൽ അറിയണം. മന്ത്രി നടത്തുന്ന വികസന പ്രവൃത്തികൾ നാടറിയണം. അതിന് പിആർ എന്ന ഓമനപ്പേരിടേണ്ട- റിയാസ് പറഞ്ഞു. മന്ത്രിയാകുന്നതിന് മുൻപും താൻ സാമൂഹിക മാധ്യമങ്ങളിൽ സജീവമായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു. 

മുഖ്യമന്ത്രിയുടെ മരുമകൻ പ്രയോഗം ചെറുവിഭാഗത്തിൻറെ ആരോപണം

മുഖ്യമന്ത്രിയുടെ മരുമകനെന്ന് നിലയിൽ പാർട്ടിയിൽ സ്ഥാനങ്ങൾ കിട്ടിയെന്നത് ഒരു ചെറുവിഭാഗം ഉയർത്തുന്ന ആരോപണം മാത്രമാണെന്ന് മുഹമ്മദ് റിയാസ് പറഞ്ഞു. നമ്മൾ പ്രവർത്തിച്ചത് ഒറ്റയ്ക്കല്ല. കൂടെ ഒരുപാട് പേരുണ്ടായിരുന്നു. അവർക്കറിയാം റിയാസ് എപ്പോൾ രാഷ്ട്രീയ പ്രവർത്തനം തുടങ്ങിയെന്നത്. ആറാം ക്ലാസിൽ പഠിപ്പിക്കുമ്പോൾ എസ്എഫ്‌ഐ പ്രവർത്തനം തുടങ്ങിയതാണ്. ഇത്തരം ആരോപണം ഉന്നയിക്കുന്നവർക്കുള്ള മറുപടി തന്റെ ഒപ്പം പ്രവർത്തിക്കുന്ന സഹപ്രവർത്തകർ നൽകും- റിയാസ് പറഞ്ഞു.സംഘടനെയന്ന് വ്യക്തിയല്ലെന്നും അതൊരു കൂട്ടം ആളുകളാണെന്നും മന്ത്രി അഭിപ്രായപ്പെട്ടു. 

പിണറായി വിജയൻ രാഷ്ട്രീയ എതിരാളികൾക്ക് തടസ്സം

രാഷ്ട്രീയ എതിരാളികൾക്ക് എന്നും പിണറായി വിജയൻ തടസ്സമാണെന്നും അതിനാലാണ് കുടുംബത്തിനെതിരെ പോലും ആരോപണം ഉന്നയിക്കുന്നതെന്നും മുഹമ്മദ് റിയാസ് പറഞ്ഞു. 2021-ലെ തുടർഭരണത്തിന് നിരവധി കാരണങ്ങളുണ്ട്. സർക്കാരിന്റെ അഴിമതി വിരുദ്ധ പോരാട്ടം, ഭരണനേട്ടം അങ്ങനെ പലതും. എന്നാൽ അതിൽ നിന്നെല്ലാം വിഭിന്നമായി പ്രധാന കാരണം പിണറായി വിജയനോട് ജനങ്ങൾക്കുള്ള താത്പര്യമാണ്. അത് എതിരാളികൾക്ക് താങ്ങാനാകുന്നില്ല. അതിന്റെ ഭാഗമായി മുഖ്യമന്ത്രിയെ താറടിച്ചുകാട്ടും. കുടുംബത്തിനെതിരെ ആരോപണം ഉന്നയിക്കും- റിയാസ് പറഞ്ഞു.

 ഒരു മതവിഭാഗത്തിനെ അടിസ്ഥാനപ്പെടുത്തിയല്ല സിപിഎം പ്രവൃത്തിക്കുന്നത്

ഏതെങ്കിലുമൊരു പ്രത്യേക മതവിഭാഗത്തിനെ അടിസ്ഥാനപ്പെടുത്തിയല്ല സിപിഎം പ്രവർത്തിക്കുന്നതെന്ന് മുഹമ്മദ് റിയാസ് വ്യക്തമാക്കി. വർഗ-ബഹുജന സംഘടനകളുടെ പിൻബലത്തിലാണ് സിപിഎം പ്രവർത്തിക്കുന്നത്. മതവർഗീയതക്കെതിരെ സിപിഎം എന്നും ശക്തമായ നിലപാട് സ്വീകരിക്കും. മുമ്പില്ലാത്ത വിധം സിപിഎമ്മിന് സ്വാധീനമില്ലാത്ത ചില ന്യുനപക്ഷ വിഭാഗങ്ങൾക്കിടയിൽ സ്വാധീനം ചെലുത്താൻ സിപിഎമ്മിന് സാധിച്ചു. അത് പാർട്ടിയുടെ രാഷ്ട്രീയ നിലപാടിനുള്ള അംഗീകാരമാണ്. -റിയാസ് പറഞ്ഞു

കോൺഗ്രസാണ് ബിജെപിയുടെ പ്രതീക്ഷ

കേരളത്തിൽ കോൺഗ്രസിലാണ് ബിജെപിയുടെ പ്രതീക്ഷയെന്നും റിയാസ് പറഞ്ഞു. യുഡിഎഫ് എടുക്കുന്ന തെറ്റായ രാഷ്്ട്രീയ നിലപാടുകളാണ് ബിജെപിയുടെ പ്രതീക്ഷ. കോൺഗ്രസിന്റെ അന്തമായ ഇടതുപക്ഷ വിരുദ്ധത ബിജെപിക്ക് ഗുണമാവുകയാണ്. തൃശൂർ ഉൾപ്പടെ പലയിടത്തും കോൺഗ്രസ് വോട്ടുകൊണ്ടാണ് ബിജെപി വിജയിക്കുന്നത്. ബിജെപിയുടെ കണ്ണിലെ കരടാണ് സിപിഎം. കേരളത്തിൽ ബിജെപി വർഗീയ ധ്രൂവീകരണത്തിന് ശ്രമിക്കുമ്പോൾ അതിനെതിരെ ജനങ്ങളെ അണിനിരത്തുന്നത് സിപിഎം ആണ്- റിയാസ് പറഞ്ഞു.

കേരളത്തിൽ വർഗീയ ധ്രൂവീകരണത്തിന് ശ്രമം

സംസ്ഥാനത്ത് വർഗീയ ധ്രൂവീകരണത്തിന് ശ്രമം നടക്കുന്നുണ്ടെന്നത് വാസ്തവമാണെന്ന് മുഹമ്മദ് റിയാസ് പറഞ്ഞു. വർഗീയത ആളിക്കത്തിക്കാൻ സംസ്ഥാനത്ത് ശ്രമങ്ങൾ നടക്കുന്നുണ്ടെന്നും എന്നാൽ എല്ലാ മതത്തിലും മതനിരപേക്ഷ മനസ്സുള്ളവർ ഉണ്ടെന്നും അവരിലാണ് നാടിന്റെ പ്രതീക്ഷയെന്നും റിയാസ് പറഞ്ഞു.


എൽഡിഎഫ് ഭരണകാലത്ത് മതധ്രൂവീകരണം എളുപ്പമല്ലെന്ന് അതിന് ശ്രമിക്കുന്നവർക്ക് അറിയാം. മറിച്ച്, കേരളം യുഡിഎഫ് ഭരിക്കുകയായിരുന്നെങ്കിൽ കേരളം വർഗീയ കലാപ ഭൂമിയായി മാറുമായിരുന്നു. മതവർഗീയ അജണ്ടയുള്ളവർക്ക് യുഡിഎഫ് ഭരണത്തിൽ എളുപ്പത്തിൽ ഇടപെടാൻ കഴിയും. എന്നാൽ എൽഡിഎഫ് ഭരണത്തിൽ അത് സാധ്യതമല്ല- റിയാസ് പറഞ്ഞു.

വ്യക്തിഹത്യ കേരളം അംഗീകരിക്കില്ല

കേരളീയ സമൂഹം വ്യക്തിഹത്യ അംഗീകരിക്കില്ല. രാഷ്ട്രീയത്തിൽ വ്യക്തിഹത്യ നല്ലതല്ല. ആരുമായിക്കോട്ടെ രാഷ്ട്രീയമായി പറയേണ്ടവയെ രാഷ്ട്രീയമായി പറയണം. അതിന് പകരം വ്യക്തിഹത്യ നടത്തുന്നത് രാഷ്ട്രീയത്തിൽ നല്ലതല്ല.ഇത്തരം കാര്യങ്ങൾ കേരളീയ സമൂഹം അംഗീകരിക്കില്ല- റിയാസ് പറഞ്ഞു. 

ലഹരിക്കെതിരെ ഒന്നിക്കണം

സംസ്ഥാനത്തെ യുവജനങ്ങളിലെ ലഹരി വ്യാപനത്തിനെതിരെ എല്ലാവരും ഒന്നിക്കണമെന്ന് മന്ത്രി റിയാസ് പറഞ്ഞു. യുവജനങ്ങളിൽ വർധിച്ചുവരുന്ന ലഹിരി ഉപയോഗം ആശങ്കയുണ്ടാക്കുന്നത്. ഇക്കാര്യത്തിൽ എല്ലാവരും കൈകോർത്തുള്ള പോരാട്ടം നടത്തണം. ലഹരി ഉപയോഗം ഇല്ലാതാക്കുന്നതിന് യുവാക്കൾക്കായി കുടുതൽ പൊതുഇടങ്ങൾ സ്രഷ്ടിക്കണം. കായികരംഗം വളർത്തണം. സ്‌പോർസ് എന്നും താരങ്ങളെ വളർത്തുക മാത്രമല്ല, ഒരാളെ തോൽക്കാൻ കൂടി പഠിപ്പിക്കുന്നു- റിയാസ് വ്യക്തമാക്കി

പുതുതലമുറയുടേത് മതേതര മനസ്സ്

കേരളത്തിലെ പുതുതലമുറയുടേത് മതനിരപേക്ഷ മനസ്സാണെന്ന് റിയാസ് അഭിപ്രായപ്പെട്ടു. മതേതര കാഴ്ചപ്പാടുകൾ പുലർത്തുന്നവരാണ് പുതുതലമുറ. പലപ്പോഴും യുവജനങ്ങളുമായി സംസാരിക്കാറുണ്ട്. അവരുടെ ഉള്ളിൽ സങ്കുചിത വർഗീയ ചിന്തകളില്ല. മതേതര കാഴ്ചപ്പാടാണ് കേരളത്തിലെ യുവജനങ്ങൾ പുലർത്തുന്നത്. കേരളത്തിന്റെ പ്രതീക്ഷയും ഈ മനസ്സാണ്- മുഹമ്മദ് റിയാസ് പറഞ്ഞു.

Read More



Source link

Facebook Comments Box

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!