Kerala Blasters Vs Hyderabad FC: അവസാന മത്സരത്തിൽ ആശ്വാസ ജയം തേടി ഇറങ്ങിയ കേരള ബ്ലാസ്റ്റേഴ്സിന് നിരാശ. സീസണിലെ തങ്ങളുടെ അവസാന മത്സരത്തിൽ 12ാം സ്ഥാനത്ത് നിൽക്കുന്ന ഹൈദരാബാദ് കേരള ബ്ലാസ്റ്റേഴ്സിനെ 1-1ന് സമനിലയിൽ പൂട്ടി. ഏഴാം മിനിറ്റിൽ ലഗോറ്ററിലൂടെ വല കുലുക്കി ബ്ലാസ്റ്റേഴ്സ് വിജയ പ്രതീക്ഷ നൽകിയിരുന്നു. സമനിലയോടെ ഐഎസ്എല്ലിൽ എട്ടാം സ്ഥാനത്താണ് കേരള ബ്ലാസ്റ്റേഴ്സ് സീസണിൽ ഫിനിഷ് ചെയ്യുന്നത്.
ലഗോറ്ററിന്റെ ഗോളിന് 45ാം മിനിറ്റിൽ മലയാളി താരം സൗരവിലൂടെ ഹൈദരാബാദ് മറുപടി നൽകുകയായിരുന്നു. ബൈസിക്കിൾ കിക്കിലൂടെയായിരുന്നു ഹൈദരാബാദ് വിങ്ങറുടെ സീസണിലെ ആദ്യ ഗോൾ. വിജയ ഗോൾ കണ്ടെത്താൻ കേരള ബ്ലാസ്റ്റേഴ്സിന് പിന്നെ സാധിച്ചില്ല.
ഏഴാം മിനിറ്റിൽ ഐമന്റെ അസിസ്റ്റിൽ നിന്നായിരുന്നു ലഗോറ്ററിന്റെ ഗോൾ. സീസണിലെ താരത്തിന്റെ ആദ്യ ഗോളായിരുന്നു ഇത്. ലീഡ് ഉയർത്താൻ പാകത്തിൽ അവസരങ്ങൾ ബ്ലാസ്റ്റേഴ്സിൽ നിന്ന് വന്നെങ്കിലും വല കുലുക്കാനായില്ല. രണ്ടാം പകുതിയിൽ ഹൈദരാബാദിന് അനുകൂലമായി പെനാൽറ്റി ലഭിച്ചു. എന്നാൽ കേരള ബ്ലാസ്റ്റേഴ്സ് ഗോൾ കീപ്പർ നോറ രക്ഷകനായി.
ഡാനിഷ് ഫറൂഖ് ഹെഡ്ഡറിലൂടെ ബോക്സിനുള്ളിൽ നിന്ന് വല കുലുക്കാൻ ശ്രമിച്ചെങ്കിലും ലക്ഷ്യത്തിൽ നിന്ന് അകന്ന് പോയി.
12 ഷോട്ടുകളാണ് കളിയിൽ കേരള ബ്ലാസ്റ്റേഴ്സിൽ നിന്ന് വന്നത്. ഓൺ ടാർഗറ്റിലേക്ക് എത്തിയത് അഞ്ച് ഷോട്ടും. 11 ഷോട്ടുകൾ ഹൈദരാബാദിൽ നിന്നും വന്നു. ഓൺ ടാർഗറ്റിലേക്ക് അഞ്ച് ഷോട്ടും. 24 കളിയിൽ നിന്ന് എട്ട് ജയവും അഞ്ച് സമനിലയും 11 തോൽവിയുമായി 29 പോയിന്റോടെയാണ് ബ്ലാസ്റ്റേഴ്സ് എട്ടാമത് ഫിനിഷ് ചെയ്തിരിക്കുന്നത്.
മലയാളി താരത്തിന്റെ ബൈസിക്കിൾ കിക്ക്
ബ്ലാസ്റ്റേഴ്സ് ഗോൾകീപ്പറുടെ തലയ്ക്ക് മുകളിലൂടെ സൗരവിന്റെ ഓവർ ഹെഡ് കിക്ക് എത്തിയതോടെയാണ് മഞ്ഞപ്പട സമനിലയിൽ കുരുങ്ങിയത്. കണ്ണൂർ സ്വദേശിയായ സൗരവ് വിങ്ങുകളിലൂടെ അതിവേഗം പന്തുമായി പായാൻ പ്രാപ്തനായ താരമാണ്. സീസണിൽ 12 മത്സരങ്ങളാണ് സൗരവ് ഹൈദരാബാദിന് വേണ്ടി കളിച്ചത്. നേടിയത് ഒരു ഗോളും ഒരു അസിസ്റ്റും. കഴിഞ്ഞ വർഷം സെപ്തംബറിലാണ് സൗരവ് ഹൈദരാബാദിൽ എത്തിയത്. സെക്കൻഡ് സ്ട്രൈക്കറായും സൗരവിനെ കളിപ്പിക്കാനാവും.