കരിയറുമായി ബന്ധപ്പെട്ട് രോഹിത് ശർമ ഒരു സുപ്രധാന തീരുമാനം എടുത്തതായി റിപ്പോർട്ട്. അടുത്ത ഏകദിന ലോകകപ്പ് കളിക്കാൻ പ്രത്യേക പദ്ധതികൾ.
ഹൈലൈറ്റ്:
- കരിയറുമായി ബന്ധപ്പെട്ട തീരുമാനമെടുത്ത് രോഹിത് ശർമ
- അടുത്ത ലോകകപ്പ് കളിക്കാൻ പ്രത്യേക പദ്ധതികൾ
- ആരാധകരെ ത്രില്ലടിപ്പിക്കുന്ന റിപ്പോർട്ട്

2027 ലോകകപ്പ് വരെ കളിക്കാൻ സ്പെഷ്യൽ പ്ലാനുമായി രോഹിത് ശർമ; അഭിഷേക് നായരിന്റെ സഹായം നിർണായകമാകും
ഈ ലോകകപ്പ് ആകുമ്പോളേക്ക് രോഹിതിന് 40 വയസ് പൂർത്തിയാകും. ലോകകപ്പ് മുൻ നിർത്തി മികച്ച ഫിറ്റ്നസിലും ഫോമിലും തുടരാൻ രോഹിത് ഒരു പ്ലാൻ തയ്യാറാക്കിയിട്ടുണ്ടെന്നാണ് താരവുമായി അടുത്ത വൃത്തങ്ങൾ വെളിപ്പെടുത്തുന്നത്. ഇന്ത്യൻ ടീമിന്റെ സഹപരിശീലകനായ അഭിഷേക് നായരുമായി സഹകരിച്ച് ഫിറ്റ്നസ്, ബാറ്റിങ്, എന്നിവയിൽ അദ്ദേഹം ശ്രദ്ധ കേന്ദ്രീകരിക്കുമെന്നാണ് റിപ്പോർട്ട്.
Also Read: രോഹിത് ശർമക്ക് കോളടിച്ചു, ഐസിസി റാങ്കിങ്ങിൽ കിടിലൻ മുന്നേറ്റം; വിരാട് കോഹ്ലിക്ക് പക്ഷേ തിരിച്ചടി
അടുത്ത ഏകദിന ലോകകപ്പിന് മുന്നോടിയായി ഏകദേശം 27 മത്സരങ്ങളാണ് ഇന്ത്യ കളിക്കുന്നത്. ടൂർണമെന്റ് അടുക്കുമ്പോളേക്ക് കൂടുതൽ മത്സരങ്ങൾ ഷെഡ്യൂൾ ചെയ്യാനും സാധ്യതയുണ്ട്. ലോകകപ്പിന് തയ്യാറെടുക്കാൻ രോഹിത് ശർമ ഈ കളികളെ ഉപയോഗപ്പെടുത്തുമെന്നാണ് ക്രിക്ബസിന്റെ റിപ്പോർട്ടിൽ പറയുന്നത്. 2027 ലോകകപ്പ് കളിക്കാനുള്ള രോഹിതിന്റെ തയ്യാറെടുപ്പുകളിലും പ്ലാനുകളിലും സുപ്രധാന പങ്ക് വഹിക്കുക അഭിഷേക് നായരായിരിക്കുമെന്നും ഈ റിപ്പോർട്ടിൽ പറയുന്നു.
രോഹിത് ശർമ 2027 ലോകകപ്പ് വരെ ഏകദിന ക്രിക്കറ്റിൽ തുടരുമെന്ന വാർത്ത ഇന്ത്യൻ ക്രിക്കറ്റ് ടീമിന്റെ ആരാധകർക്ക് സമ്മാനിക്കുന്ന ആവേശം ചെറുതല്ല. പ്രായം 38 ലേക്ക് അടുത്തെങ്കിലും ഇപ്പോളും ടീമിനായി മാച്ച് വിന്നിങ് പ്രകടനങ്ങൾ കാഴ്ച വെക്കാൻ മികവുള്ള കളിക്കാരനാണ് രോഹിത്. ഇത്തവണത്തെ ഐസിസി ചാമ്പ്യൻസ് ട്രോഫിയുടെ ഫൈനലിൽ 76 റൺസ് നേടി മാൻ ഓഫ് ദി മാച്ചാകാൻ രോഹിതിന് സാധിച്ചിരുന്നു. ഏകദിനത്തിൽ ഇതുവരെ 273 മത്സരങ്ങൾ കളിച്ചിട്ടുള്ള രോഹിത്, 48.76 ബാറ്റിങ് ശരാശരിയിൽ 11168 റൺസാണ് നേടിയിട്ടുള്ളത്.