സീസണിലെ അവസാന മത്സരത്തിൽ ജയം പിടിച്ച് മടങ്ങാൻ ഉറച്ചാണ് കേരള ബ്ലാസ്റ്റേഴ്സും ഹൈദരാബാദ് എഫ്സിയും ഇറങ്ങിയത്. ഏഴാം മിനിറ്റിൽ തന്നെ കേരള ബ്ലാസ്റ്റേഴ്സിനായി ലഗോറ്റർ വല കുലുക്കി. എന്നാൽ ബ്ലാസ്റ്റേഴ്സിനെ സമനിലയിൽ കുടുക്കി ഹൈദരാബാദ് താരത്തിന്റെ തകർപ്പൻ ബൈസിക്കിൾ കിക്ക് ഗോൾ എത്തി.
അവസാന മത്സരത്തിൽ ജയം എന്ന കേരള ബ്ലാസ്റ്റേഴ്സിന്റെ പ്രതീക്ഷയ്ക്ക് മേൽ കരിനിഴൽ വീഴ്ത്തി എത്തിയതും ഒരു മലയാളി താരം തന്നെ. 45ാം മിനിറ്റിൽ ബൈസിക്കിൾ കിക്കിലൂടെ ഹൈദരാബാദ് സ്കോർ 1-1 ആക്കി. ഹൈദരാബാദിന്റെ മലയാളി താരം സൗരവിൽ നിന്നാണ് ആ ഗോൾ എത്തിയത്.
ബ്ലാസ്റ്റേഴ്സ് ഗോൾകീപ്പറുടെ തലയ്ക്ക് മുകളിലൂടെ സൗരവിന്റെ ഓവർ ഹെഡ് കിക്ക് എത്തി. കണ്ണൂർ സ്വദേശിയായ സൗരവ് വിങ്ങുകളിലൂടെ അതിവേഗം പന്തുമായി പായാൻ പ്രാപ്തനായ താരമാണ്. സീസണിൽ 12 മത്സരങ്ങളാണ് സൗരവ് ഹൈദരാബാദിന് വേണ്ടി കളിച്ചത്. നേടിയത് ഒരു ഗോളും ഒരു അസിസ്റ്റും. കഴിഞ്ഞ വർഷം സെപ്തംബറിലാണ് സൗരവ് ഹൈദരാബാദിൽ എത്തിയത്. സെക്കൻഡ് സ്ട്രൈക്കറായും സൗരവിനെ കളിപ്പിക്കാനാവും.
ലഗോറ്ററിന്റെ ഗോൾ ഹൈദരാബാദിന് എതിരായ കളിയിൽ ബ്ലാസ്റ്റേഴ്സിന് മുൻതൂക്കം നൽകിയിരുന്നു. ഐമന്റെ അസിസ്റ്റിൽ നിന്നായിരുന്നു ലഗോറ്ററിന്റെ സൂപ്പർ ഫിനിഷ്. മഞ്ഞക്കുപ്പായത്തിൽ ലഗോറ്ററിന്റെ ആദ്യ ഗോളാണ് ഇത്.