Lionel Messi Argentina Vs Brazil World Cup Qualifier: ലോകകപ്പ് യോഗ്യതാ മത്സരത്തിൽ അർജന്റീനയ്ക്ക് എതിരെ ഇറങ്ങുന്നതിന് മുൻപ് പ്രകോപനപരമായ വാക്കുകളാണ് ബ്രസീൽ താരം റാഫിഞ്ഞയിൽ നിന്ന് വന്നത്. എന്നാൽ കളിക്കളത്തിലായിരുന്നു അർജന്റീനയുടെ മറുപടി. മെസി ഇല്ലാതെ ഇറങ്ങിയിട്ടും സ്കലോണിയുടെ അർജന്റീന ബ്രസീലിനെ 4-1ന് നിലംതൊടീക്കാതെ പറത്തി. മത്സരത്തിന് ശേഷം ബ്രസീലിന് മറുപടിയുമായി എത്തുകയാണ് ഇതിഹാസ താരം മെസിയും.
സമൂഹമാധ്യമങ്ങളിലൂടെയാണ് അർജന്റീനയുടെ ജയത്തിലെ മെസിയുടെ പ്രതികരണം. “അകത്തായാലും പുറത്തായാലും, ഈ ദേശിയ ടീമിനൊപ്പം എവിടെ ആയാലും ഫുട്ബോളിലൂടെയാവും എല്ലായ്പ്പോഴും സംസാരിക്കുക. കഴിഞ്ഞ രാത്രിയിലെ നിങ്ങളുടെ ജയത്തിലും യുറുഗ്വെയ്ക്ക് എതിരായ ജയത്തിനും അഭിനന്ദനങ്ങൾ,”മെസി സമൂഹമാധ്യമങ്ങളിൽ കുറിച്ചു.
ആവശ്യമെങ്കിൽ പിച്ചിന് അകത്തും പുറത്തും അവരെ പ്രഹരിക്കും എന്നാണ് മത്സരത്തിന് മുൻപ് റാഫിഞ്ഞ റൊമാരിയോയ്ക്ക് ഒപ്പമുള്ള പോഡ്കാസ്റ്റിൽ പറഞ്ഞത്. മത്സരത്തിന് ശേഷം അൽപ്പം വിനയം കാണിക്കൂ എന്ന വാക്കുകളുമായി റോഡ്രിഗോ ഡി പോൾ ഉൾപ്പെടെ പല അർജന്റീന താരങ്ങളും റാഫിഞ്ഞയെ ലക്ഷ്യം വെച്ച് സമൂഹമാധ്യമങ്ങളിൽ എത്തി. ബ്രസീലിന് എതിരായ മത്സരത്തിനിടെ ഇരു ടീമുകളിലെയും താരങ്ങൾ കൈയാങ്കളിയുടെ വക്കിലെത്തിയിരുന്നു.
ലോകകപ്പ് യോഗ്യതാ മത്സരത്തിൽ ഇത് ആദ്യമായാണ് ബ്രസീലിന് എതിരെ അർജന്റീന രണ്ട് മത്സരങ്ങളും ജയിത്തുന്നത്. ഫിറ്റ്നസ് പ്രശ്നങ്ങളെ തുടർന്നാണ് യുറുഗ്വെയ്ക്കും ബ്രസീലിനും എതിരെ താൻ കളിക്കാത്തത് എന്ന് മെസി വ്യക്തമാക്കിയിരുന്നു. എന്നാൽ ഇത് അടുത്ത ലോകകപ്പിൽ നിന്ന് മെസി വിട്ടുനിൽക്കുമോ എന്ന ആശങ്ക ആരാധകർക്കുള്ളിൽ സൃഷ്ടിക്കുന്നുണ്ട്. 2026 ലോകകപ്പിലും മെസി അർജന്റീനയുടെ കുപ്പായത്തിൽ പന്ത് തട്ടുന്നത് കാണാനാണ് ആരാധകരുടെ കാത്തിരിപ്പ്.
ബ്രസീലിന് എതിരായ ലോകകപ്പ് യോഗ്യതാ മത്സരത്തിന് ഇറങ്ങുന്നതിന് മുൻപ് തന്നെ അർജന്റീന ലോകകപ്പ് യോഗ്യത ഉറപ്പിച്ചിരുന്നു. ബൊളീവിയ-യുറുഗ്വെ മത്സരം ഗോൾരഹിത സമനിലയിൽ പിരിഞ്ഞതോടെയാണ് അർജന്റീന ലോകകപ്പ് യോഗ്യത ഉറപ്പിച്ചത്.
മെസി ഇല്ലാതെ ഇറങ്ങിയിട്ടും ബ്രസീലിനെ 4-1ന് വീഴ്ത്താൻ അർജന്റീനയ്ക്ക് സാധിച്ചു. നാലാം മിനിറ്റിൽ അൽവാരസാണ് അർജന്റീനയുടെ ഗോൾവേട്ടയ്ക്ക് തുടക്കമിട്ടത്. പിന്നാലെ 12ാം മിനിറ്റിൽ എൻസോ ഫെർണാണ്ടസ് അർജന്റീനയുടെ ലീഡ് 2-0 ആയി ഉയർത്തി. 26ാം മിനിറ്റിൽ ബ്രസീൽ ഒരു ഗോൾ മടക്കി. എന്നാൽ ആദ്യ പകുതി അവസാനിക്കുന്നതിന് മുൻപ് മകലിസറ്ററിലൂടെ അർജന്റീന ലീഡ് വീണ്ടും ഉയർത്തി. രണ്ടാം പകുതിയിൽ സിമിയോണിയും ഗോൾ കണ്ടെത്തിയതോടെ അർജന്റീനയ്ക്ക് 4-1ന്റെ തകർപ്പൻ ജയം.