ന്യൂഡൽഹി: യെമനിൽ വധശിക്ഷ കാത്ത് ജയിലിൽ കഴിയുന്ന മലയാളി നഴ്സ് നിമിഷപ്രിയയുടെ മോചനത്തിനായി കേന്ദ്രസർക്കാരിന് മാത്രമേ ഇടപെടാനാകൂവെന്ന് ആക്ഷൻ കൗൺസിൽ. നിമിഷപ്രിയയുടെ സന്ദേശം തള്ളിക്കളയാനാവില്ല. ഈദ് അവധിക്കുശേഷം വധശിക്ഷയ്ക്കുള്ള നടപടികൾ തുടങ്ങാം. നിമിഷപ്രിയയുടെ മോചനത്തിനായി കേന്ദ്രസർക്കാർ ഇടപെടണം. ഇനി കേന്ദ്രത്തിന് മാത്രമേ ഈക്കാര്യത്തിൽ സഹായിക്കാനാകൂവെന്നും ആക്ഷൻ കൗൺസിൽ വൈസ് പ്രസിഡന്റ് ദീപാ ജോസഫ് ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു.
വധശിക്ഷ നടപ്പിലാക്കാനുള്ള അറിയിപ്പ് ജയിൽ അധികൃതർക്ക് കിട്ടിയെന്നാണ് നിമിഷപ്രിയ ആക്ഷൻ കൗൺസിൽ ഭാരവാഹികളെ ഓഡിയോ സന്ദേശത്തിലൂടെ അറിയിച്ചത്. ജയിലിലേക്ക് ഒരു അഭിഭാഷകയുടെ ഫോൺകോൾ എത്തിയെന്നാണ് ആക്ഷൻ കൗൺസിൽ കൺവീനർ ജയൻ ഇടപാളിനാണ് ശബ്ദ സന്ദേശം ലഭിച്ചത്.
തലാൽ അബ്ദുമഹ്ദിയെന്ന യുവാവ് കൊല്ലപ്പെട്ട കേസിൽ ശിക്ഷിക്കപ്പെട്ട് 2017 മുതൽ ജയിലിൽ കഴിയുകയാണ് നിമിഷ പ്രിയ. മകളുടെ മോചനശ്രമങ്ങളുടെ ഭാഗമായി കഴിഞ്ഞ വർഷം യെമനിലേക്കു പോയ നിമിഷപ്രിയയുടെ അമ്മ അവിടെ തുടരുകയാണ്.
2017ലായിരുന്നു കേസിന് ആസ്പദമായ സംഭവം. പുതിയതായി തുടങ്ങിയ ക്ലിനിക്കിലെ സാമ്പത്തിക കാര്യങ്ങളിൽ തുടങ്ങിയ തർക്കങ്ങളും മർദനവും അകൽച്ചയും നിയമനടപടികളുമാണ് മഹ്ദിയെ മയക്കുമരുന്ന് കുത്തിവെക്കുന്നതിലേക്ക് എത്തിച്ചത്. നിമിഷയുടെ സഹപ്രവർത്തകയായിരുന്ന ഹനാൻ എന്ന യെമനി യുവതിയും മഹ്ദിയുടെ മർദനത്തിന് നിരന്തരം ഇരയായിരുന്നു. പാസ്‌പോർട്ട് വീണ്ടെടുത്ത് രക്ഷപ്പെടാനുള്ള മാർഗം നിമിഷയ്ക്ക് പറഞ്ഞുകൊടുത്തതും ഹനാനാണ്. ഇതിനായി മഹ്‌ദിന് അമിത ഡോസിൽ മരുന്നു കുത്തിവെയ്ക്കുകയായിരുന്നു.
മഹ്ദിക്ക് ബോധം പോയ നേരം പാസ്‌പോർട്ടും എടുത്ത് രക്ഷപ്പെടാൻ ശ്രമിച്ചപ്പോൾ അതിർത്തിയിൽവെച്ച് പിടിയിലായി എന്നാണ് നിമിഷപ്രിയ കോടതിയിൽ പറഞ്ഞത്. എന്നാൽ മഹ്ദിയുടെ മൃതദേഹം അവർ താമസിച്ചിരുന്ന വീടിന് മുകളിലെ ജലസംഭരണിയിൽ വെട്ടിനുറുക്കിയ നിലയിൽ കണ്ടെത്തിയതാണ് നിമിഷ പ്രിയയെ കുടുക്കിയത്.