MI vs KKR IPL 2025: രണ്ട് തുടർ തോൽവികൾക്ക് ശേഷം ഐപിഎൽ പതിനെട്ടാം സീസണിലെ ആദ്യ ജയം പിടിച്ച് മുംബൈ ഇന്ത്യൻസ്. വങ്കഡെയിലേക്ക് എത്തിയ കൊൽക്കത്ത നൈറ്റ്റൈഡേഴ്സിനെ 116 റൺസിന് ഓൾഔട്ടാക്കിയതിന് ശേഷം 12.5 ഓവറിൽ രണ്ട് വിക്കറ്റ് മാത്രം നഷ്ടത്തിൽ മുംബൈ ഇന്ത്യൻസ് ജയം പിടിച്ചു. മൂന്ന് ഓവറിൽ കൊൽക്കത്തയുടെ നാല് വിക്കറ്റ് പിഴുത് ഐപിഎൽ അരങ്ങേറ്റം ആഘോഷമാക്കിയ അശ്വനി കുമാർ ആണ് മുംബൈയുടെ സീസണിലെ ആദ്യ ജയത്തിലേക്ക് വഴി തെളിച്ചത്.
117 റൺസ് വിജയ ലക്ഷ്യം പിന്തുടർന്ന മുംബൈ ഇന്ത്യൻസിനായി ഓപ്പണർ റികെൽറ്റൻ 62 റൺസ് നേടി. 45 പന്തിൽ നിന്ന് നാല് ഫോറും അഞ്ച് സിക്സും മുംബൈ ഓപ്പണറിൽ നിന്ന് വന്നു. രോഹിത് ശർമ 12 പന്തിൽ നിന്ന് 13 റൺസ് എടുത്ത് പുറത്തായി. ഇംപാക്ട് പ്ലേയറായി ഇറങ്ങിയ രോഹിത്തിനെ റസൽ ഹർഷിത് റാണയുടെ കൈകളിൽ എത്തിച്ചു. 16 റൺസ് എടുത്ത് നിൽക്കെ വിൽ ജാക്സിനേയും റസൽ മടക്കി. സൂര്യകുമാർ യാദവ് ഒൻപത് പന്തിൽ നിന്ന് 27 റൺസ് നേടി മുംബൈ ജയം വേഗത്തിലാക്കി.
നേരത്തെ ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിന് ഇറങ്ങിയ കൊൽക്കത്ത 16.2 ഓവറിൽ 116 റൺസിന് ആണ് ഓൾഔട്ടായത്. 26 റൺസ് എടുത്ത രഘുവൻഷിയാണ് കൊൽക്കത്തയുടെ ടോപ് സ്കോറർ. കൊൽക്കത്ത ഇന്നിങ്സിലെ ആദ്യ ഓവറിലെ നാലാമത്തെ പന്തിൽ സുനിൽ നരെയ്നെ വീഴ്ത്തി ട്രെന്റ് ബോൾട്ട് ആണ് മുംബൈയുടെ വിക്കറ്റ് വേട്ടയ്ക്ക് തുടക്കമിട്ടത്. രണ്ട് പന്തിൽ ഡക്കായാണ് നരെയ്ൻ മടങ്ങിയത്. കൊൽക്കത്ത ഓപ്പണറെ ബോൾട്ട് ക്ലീൻ ബൗൾഡ് ആക്കുകയായിരുന്നു.
അശ്വനിയുടെ വിക്കറ്റ് വേട്ട
നരെയ്ൻ മടങ്ങിയതിന് ശേഷം കൊൽക്കത്ത സ്കോർ ബോർഡിലേക്ക് ഒരു റൺസ് കൂടി കൂട്ടിച്ചേർത്തപ്പോഴേക്കും ഓപ്പണർ ഡികോക്കിനെ വീഴ്ത്തി ദീപക് ചഹറിന്റെ പ്രഹരം. പിന്നെ മുംബൈയുടെ അരങ്ങേറ്റക്കാരൻ അശ്വനി കുമാറിന്റെ ഊഴമായിരുന്നു. ദീപക് ചഹറിനെ മാറ്റി നാലാം ഓവറിൽ അശ്വനി കുമാറിന്റെ കൈകളിലേക്ക് പന്ത് നൽകി ഹർദിക് നടത്തിയ ബോളിങ് ചെയിഞ്ച് ഫലം കണ്ടു.
അരങ്ങേറ്റ മത്സരത്തിലെ ആദ്യ ഓവറിലെ ആദ്യ പന്തിൽ അശ്വനി കുമാറിന് വിക്കറ്റ്. 11 റൺസ് എടുത്ത് നിന്ന കൊൽക്കത്ത ക്യാപ്റ്റൻ രഹാനെയാണ് ഐപിഎല്ലിലെ അശ്വനിയുടെ ആദ്യ ഇര. വെങ്കടേഷ് അയ്യരെ വീഴ്ത്തി ദീപക് ചഹറിന്റെ പ്രഹരം വീണ്ടും എത്തിയതിന് പിന്നാലെ 16 പന്തിൽ നിന്ന് 26 റൺസ് എടുത്ത് നിന്ന രഘുവൻഷിയെ ഹർദിക് പാണ്ഡ്യയും മടക്കി. ഇതോടെ 45-5ലേക്ക് കൊൽക്കത്ത നൈറ്റ്റൈഡേഴ്സ് വീണു.
അശ്വനി കുമാറിന്റെ രണ്ടാം ഓവറിൽ റിങ്കു സിങ്ങും മനേഷ് പാണ്ഡേയും ഡ്രസ്സിങ് റൂമിലേക്ക് മടക്കി. തന്റെ മൂന്നാമത്തെ ഓവറിൽ റസലിനെ അശ്വനി ക്ലീൻ ബൗൾഡാക്കി. അരങ്ങേറ്റത്തിൽ മൂന്ന് ഓവറിൽ 24 റൺസ് മാത്രം വഴങ്ങിയാണ് അശ്വനി നാല് വിക്കറ്റ് പിഴുതത്. 12 പന്തിൽ നിന്ന് 22 റൺസ് എടുത്ത് രമൺദീപ് സിങ് കൊൽക്കത്തയുടെ സ്കോർ 100 കടത്താൻ സഹായിച്ചു.
മലയാളി താരം വിഘ്നേഷ് പുത്തൂർ ഒരു വിക്കറ്റ് പിഴുതു. വിഘ്നേഷിന്റെ ആദ്യ ഓവർ മികച്ചതായിരുന്നില്ല. എന്നാൽ തന്റെ രണ്ടാം ഓവറിൽ ഹർഷിത് റാണയെ വിഘ്നേഷ് വീഴ്ത്തി. ഇതോടെ രണ്ട് കളിയിൽ നിന്ന് വിഘ്നേഷിന്റെ വിക്കറ്റ് വേട്ട നാലായി. ദീപക് ചഹർ രണ്ട് വിക്കറ്റും ബോൾട്ട്, ഹർദിക് പാണ്ഡ്യ, മിച്ചൽ സാന്റ്നർ എന്നിവർ ഓരോ വിക്കറ്റും വീഴ്ത്തി.