ഐപിഎൽ 2025 ൽ ഡൽഹിയും റോയൽസും നേർക്കുനേർ എത്തുന്ന മത്സരത്തിനായി കാത്തിരിക്കുകയാണ് ആരാധകർ. സീസണിലെ മിന്നും ഫോമിലുള്ള ഡൽഹിയെ നിലവിൽ ദയനീയ ഫോമിൽ തുടർന്ന റോയൽസിന് പരാജയപ്പെടുത്താൻ സാധിക്കുമോ എന്നാണ് റോയൽസ് ആരാധകർക്ക് അറിയേണ്ടത്. എന്നാൽ പൂർവകാല ചില കണക്കുകൾ പറയുന്നത് മറ്റൊന്നാണ്. അതെന്താണെന്ന് നോക്കാം.
ഹൈലൈറ്റ്:
- ഡൽഹിയും രാജസ്ഥാനും ഇതുവരെ ഏറ്റുമുട്ടിയത് 29 മത്സരങ്ങളിൽ
- സീസണിലെ മിന്നും ഫിർമിൽ ഡൽഹി ക്യാപിറ്റൽസ്
- സഞ്ജുവിനും റോയൽസിനും ഇത് നിർണായകം


കാരണം കഴിഞ്ഞ സീസണുകളെ പോലെയല്ല ഈ സീസണിൽ ഇതുവരെ നടന്ന മത്സരങ്ങളിൽ ആകെ ഒരു തവണ മാത്രമാണ് ഡൽഹി തോൽവി രുചിച്ചത്. സീസണിലെ തുടക്കത്തിൽ ടേബിളിൽ ഒന്നാം സ്ഥാനക്കാരും ക്യാപിറ്റൽസ് തന്നെയായിരുന്നു. അക്‌സർ പട്ടേലിന്റെ ക്യാപ്റ്റൻസിയിൽ ടീം മികച്ച പ്രകടനം കാഴ്ചവെക്കുമ്പോൾ എതിരാളികളുടെ ഉള്ളിലും ഭയം നിറയും.
അക്കാര്യത്തിൽ രാജസ്ഥാൻ റോയൽസിന് ചെറിയ മുൻതൂക്കം, ചരിത്രം ആവർത്തിക്കാൻ സഞ്ജുപടക്ക് സാധിക്കുമോ?
അതുകൊണ്ടു തന്നെ ഇവർ തമ്മിലുള്ള പോരാട്ടം കാണാനും ആരാധകർ കാത്തിരിക്കുകയാണ്. എന്നാൽ നിലവിലെ രാജസ്ഥാൻ റോയൽസിന്റെ ഫോം പരിതാപകരമാണ്. എന്നാൽ ഡൽഹിയുടേത് മികച്ച ഫോമുമാണ്. ഈ അവസരത്തിൽ ഇരു ടീമുകളും നേർക്കുനേർ എത്തിയപ്പോഴുള്ള മത്സരങ്ങൾ പരിശോധിച്ചാൽ അവിടെ ഒരു ജയത്തിന്റെ മുൻതൂക്കം മാത്രമാണ് ഏക വ്യത്യാസമായി കാണാൻ സാധിക്കുന്നത്. ഡൽഹിയും റോയൽസും ഇതുവരെ 29 തവണയാണ് നേർക്കുനേർ എത്തിയത്. അതിൽ 14 തവണ ഡൽഹിയും 15 തവണ രാജസ്ഥാൻ റോയൽസും വിജയിച്ചിട്ടുണ്ട്. ഇതിൽ തന്നെ നാളെ മത്സരം നടക്കാൻ പോകുന്ന സ്റ്റേഡിയത്തിൽ 9 തവണയാണ് ഇരു ടീമുകളും ഏറ്റുമുട്ടിയത്. ഇവിടെ 6 ജയവുമായി മുന്നിട്ടുനിൽക്കുന്നത് ഡൽഹി തന്നെയാണ്. ഹോം ഗ്രൗണ്ട് ആയതുകൊണ്ട് തന്നെ ഡൽഹിയുടെ ആത്മവിശ്വാസം ഇരട്ടിക്കും എന്നതിൽ സംശയവുമില്ല. ഇനി ഇരുവരും തമ്മിലുള്ള അവസാന അഞ്ച് മത്സരങ്ങൾ നോക്കിയാൽ അവിടെ മുൻതൂക്കം സഞ്ജുവിന്റെ രാജസ്ഥാൻ റോയൽസിന് തന്നെയാണ്. 3 മത്സരങ്ങളിൽ രാജസ്ഥാനും 2 മത്സരങ്ങളിൽ ഡൽഹിയും വിജയിച്ചിട്ടുണ്ട്. എന്നാൽ ഇപ്പോഴുള്ള രാജസ്ഥാൻ റോയൽസിന് ഈ മുൻകാല ചരിത്രം ആവർത്തിക്കാൻ സാധിക്കുമോ എന്നതിൽ സംശയമുണ്ട്. ബാറ്റിങിലും ബൗളിങ്ങിലും തിളങ്ങി നിൽക്കുന്നവരാണ് ഡൽഹി ക്യാപിറ്റൽസ്. കെ എൽ രാഹുലും കുൽദീപ് യാദവും മിച്ചൽ സ്റ്റാർക്കും എല്ലാം മിന്നും ഫോമിൽ നിൽക്കുമ്പോൾ ഡൽഹിയെ ഒന്ന് തൊടാൻ പോലും ആർക്കും സാധിച്ചിരുന്നില്ല. മുംബൈ ഇന്ത്യൻസ് മാത്രമാണ് ഈ സീസണിൽ നിലവിൽ ഡൽഹിയെ തോൽപ്പിച്ചത്. എന്നാൽ സ്ഥിരതയില്ലാതെ ബാറ്റ് വീശുന്നവരും പന്തെറിയുന്നവരുമാണ് റോയൽസിലുള്ളത്. പവർ പ്ലേയിൽ വിക്കറ്റ് നേടാൻ ആർച്ചറിന് സാധിക്കുന്നുണ്ട് എങ്കിലും പിന്നീടങ്ങോട്ട് വിക്കറ്റ് വേട്ടയിൽ തളർന്നു വീഴുന്ന താരത്തെയാണ് ആരാധകർക്ക് കാണാൻ സാധിക്കുക. യശസ്വി ജയ്‌സ്വാളിലും വിശ്വാസം അർപ്പിക്കാൻ സാധിക്കില്ല. ചിലപ്പോൾ മത്സരത്തിൽ ലോങ്ങ് റൺ ലഭിക്കും എന്നാൽ മറ്റ് ചിലപ്പോൾ അനാവശ്യ ഷോട്ടുകൾക്ക് ശ്രമിച്ച് പെട്ടന്ന് തന്നെ ഔട്ട് ആകും. ക്യാപ്റ്റൻ സഞ്ജുവും സ്ഥിരതയാർന്ന പ്രകടനമല്ല കാഴ്ചവെക്കുന്നത്. ഈ സീസണിലെ ആദ്യ മത്സരത്തിൽ മാത്രമാണ് സഞ്ജു മികച്ച ബാറ്റിങ് പ്രകടനം കാഴ്ചവെച്ചത്.
എന്തായാലും പൂർവകാല ചരിത്രം പരിശോധിക്കുമ്പോൾ വിജയ സാധ്യത കൂടുതൽ രാജസ്ഥാൻ റോയൽസിനാണെങ്കിലും നിലവിലെ ടീമിന്റെ ഫോം രാജസ്ഥാന് വില്ലനാവുകയാണ്.