കേരള ബ്ലാസ്റ്റേഴ്സിന്റെ ( Kerala Blasters FC ) മത്സരങ്ങൾ കോഴിക്കോട് സംഘടിപ്പിക്കുന്നതിന്റെ സാധ്യതകളെപ്പറ്റി മനസ് തുറന്ന് ക്ലബ്ബ് സി ഇ ഓ. മലബാറിലെ ഫുട്ബോൾ പ്രേമികൾ കാത്തിരുന്ന വാർത്ത.

കേരള ബ്ലാസ്റ്റേഴ്സിന്റെ പുതിയ പരിശീലകനായ ഡേവിഡ് കറ്റാല നടത്തിയ ആദ്യ പത്രസമ്മേളനത്തിനിടെ സംസാരിച്ച ടീം സി ഇ ഓ അഭിക് ചാറ്റർജിയാണ് കേരള ബ്ലാസ്റ്റേഴ്സിന്റെ മത്സരം കോഴിക്കോടും നടത്താനുള്ള സാധ്യതകളെക്കുറിച്ച് സൂചിപ്പിച്ചത്. കോഴിക്കോട് കേരള ബ്ലാസ്റ്റേഴ്സിന്റെ മത്സരം സംഘടിപ്പിക്കുന്നതിന്റെ സാധ്യത തങ്ങൾ വിലയിരുത്തുന്നുണ്ടെന്ന് ചൂണ്ടിക്കാട്ടിയ അഭിക് ചാറ്റർജി, അവിടെയുള്ള ആരാധകരുമായി കൂടുതൽ അടുക്കാൻ ഇത് സഹായിക്കുമെന്നും സൂചിപ്പിച്ചു. കോഴിക്കോട്ട് കളി നടത്തുന്ന കാര്യത്തിൽ ലീഗ് അധികൃതരുമായി തങ്ങൾ സംസാരിച്ചെന്നും, അവർക്കും ഈ ആശയത്തോട് തുറന്ന മനസാണെന്നും അഭിക് ചാറ്റർജി പറഞ്ഞു.
പൂർണമായും കോഴിക്കോട്ടേക്ക് മാറാനല്ല ഉദ്ദേശിക്കുന്നതെന്നും മറിച്ച് ചില കളികൾ നടത്താനാണ് പദ്ധതിയെന്നും പറയുന്ന കേരള ബ്ലാസ്റ്റേഴ്സ് സി ഇ ഓ, എന്നാൽ ഇക്കാര്യത്തിൽ അന്തിമ തീരുമാനമെടുത്തിട്ടില്ലെന്നും വ്യക്തമാക്കി. കോഴിക്കോട് കളി നടത്താൻ കേരള ബ്ലാസ്റ്റേഴ്സിന് ആഗ്രഹമുണ്ടെന്ന് പറഞ്ഞ അദ്ദേഹം, അവിടുത്തെ അടിസ്ഥാന സൗകര്യങ്ങളും മത്സരം സംഘടിപ്പിക്കാനുള്ള ജാലകവും നോക്കേണ്ടതുണ്ടെന്നും കൂട്ടിച്ചേർത്തു.
അതേ സമയം കേരള ബ്ലാസ്റ്റേഴ്സിന്റെ ഏതാനും മത്സരങ്ങൾ കോഴിക്കോട് നടത്താൻ മാത്രമാണ് മാനേജ്മെന്റിന് പദ്ധതികൾ ഉള്ളത്. ക്ലബ്ബിന്റെ ആസ്ഥാനം കൊച്ചിയിൽ നിന്ന് കോഴിക്കോട് ആക്കിയേക്കുമെന്ന തരത്തിൽ ചില റിപ്പോർട്ടുകൾ വന്നെങ്കിലും അതിൽ കഴമ്പില്ലെന്ന് മാനേജ്മെന്റ് തന്നെ വ്യക്തമാക്കിയിട്ടുണ്ട്.
കേരള ബ്ലാസ്റ്റേഴ്സിന്റെ ആ വമ്പൻ നീക്കം നടന്നില്ല, കിടിലൻ ഓഫർ സൂപ്പർ ക്ലബ്ബ് നിരസിച്ചു; സംഭവിച്ചത് ഇങ്ങനെ
കോഴിക്കോട് കേരള ബ്ലാസ്റ്റേഴ്സിന്റെ മത്സരങ്ങൾ നടത്താൻ തീരുമാനമായാൽ കോർപ്പറേഷൻ സ്റ്റേഡിയമാകും വേദി. നേരത്തെ 2023 ലെ സൂപ്പർ കപ്പിന് കോഴിക്കോട് വേദിയായിരുന്നു. അന്ന് കേരള ബ്ലാസ്റ്റേഴ്സിന്റെ മൂന്ന് മത്സരങ്ങളാണ് അവിടെ നടന്നത്. എന്നാൽ ഗ്രൂപ്പ് ഘട്ടത്തിൽ ഒരു ജയവും ഒരു സമനിലയും ഒരു തോൽവിയും നേരിട്ട കേരള ബ്ലാസ്റ്റേഴ്സ് നോക്കൗട്ടിലെത്താതെ പുറത്താവുകയായിരുന്നു.
അതേ സമയം 2024-25 സീസൺ ഇന്ത്യൻ സൂപ്പർ ലീഗിൽ നിരാശാജനകമായ പ്രകടനം കാഴ്ച വെച്ച കേരള ബ്ലാസ്റ്റേഴ്സ് പ്ലേ ഓഫിലെത്താതെ പുറത്താവുകയായിരുന്നു. ഐ എസ് എല്ലിൽ കനത്ത തിരിച്ചടി നേരിട്ട മഞ്ഞപ്പട ഇനി കളിക്കാൻ ഒരുങ്ങുന്നത് സൂപ്പർ കപ്പിലാണ്. ഏപ്രിൽ 20 ന് ആരംഭിക്കാനിരിക്കുന്ന സൂപ്പർ കപ്പിൽ കേരള ബ്ലാസ്റ്റേഴ്സിന്റെ എതിരാളികൾ ഈസ്റ്റ് ബംഗാളാണ്.
പുതിയ പരിശീലകനായ ഡേവിഡ് കറ്റാലക്ക് കീഴിൽ കേരള ബ്ലാസ്റ്റേഴ്സ് കളിക്കുന്ന ആദ്യ ടൂർണമെന്റ് കൂടിയാണ് സൂപ്പർ കപ്പ്. വ്യാഴാഴ്ച മാധ്യമങ്ങളോട് സംസാരിക്കവെ സൂപ്പർ കപ്പിനെക്കുറിച്ച് ശുഭ പ്രതീക്ഷകൾ പങ്കുവെച്ച ഡേവിഡ് കറ്റാല, എല്ലാ മത്സരങ്ങളും ജയിക്കണമെന്ന ആഗ്രഹത്തോടെയാണ് താൻ ഇവിടെ എത്തിയിരിക്കുന്നതെന്നും വ്യക്തമാക്കി.
കേരള ബ്ലാസ്റ്റേഴ്സിന്റെ സൂപ്പർ കപ്പ് എതിരാളികൾ ഈ ടീം; കിടിലൻ ടീമിനെ ഇറക്കാൻ മഞ്ഞപ്പട, കിരീടം തന്നെ ലക്ഷ്യം
“ഇവിടെ ( കേരള ബ്ലാസ്റ്റേഴ്സ് ) നല്ല പ്രകടനം കാഴ്ചവെക്കാൻ കഴിയുമെന്ന കാര്യത്തിൽ ഞാൻ എന്നെത്തന്നെ വിശ്വസിക്കുന്നു. വലിയ ഊർജത്തോടെയാണ് ഞാൻ ഇവിടെ എത്തിയിരിക്കുന്നത്.” ഡേവിഡ് കറ്റാല പറഞ്ഞു.
കേരള ബ്ലാസ്റ്റേഴ്സിന്റെ പ്രതിരോധനിര വളരെയധികം മെച്ചപ്പെടേണ്ടതുണ്ടെന്നും കൊച്ചിയിൽ നടത്തിയ പത്രസമ്മേളനത്തിനിടെ ഡേവിഡ് കറ്റാല വ്യക്തമാക്കി. ഉയർന്ന സ്ഥാനത്ത് എത്തണമെങ്കിൽ കുറച്ച് ഗോളുകൾ മാത്രമേ വഴങ്ങാവൂ എന്നും അദ്ദേഹം ഓർമിപ്പിച്ചു. സൂപ്പർ കപ്പിന് തയ്യാറെടുക്കുന്ന കേരള ബ്ലാസ്റ്റേഴ്സ് ടീമിൽ ആർക്കും ഫിറ്റ്നസ് പ്രശ്നങ്ങളില്ലെന്നും മഞ്ഞപ്പടയുടെ പുതിയ ബോസ് വ്യക്തമാക്കി.