ഐപിഎല്ലിൽ ബുധനാഴ്ച റോയൽ ചലഞ്ചേഴ്‌സ് ബെംഗളൂരുവുമായുള്ള മത്സരത്തിൽ എട്ടു വിക്കറ്റിന്റെ തകർപ്പൻ ജയമാണ് ഗുജറാത്ത് ടൈറ്റൻസ് സ്വന്തമാക്കിയത്. മത്സരത്തിൽ ഗൂജറാത്തിനായി മൂന്നു നിർണായക വിക്കറ്റുകൾ വീഴ്ത്തിയത് മുൻ ബെംഗളൂരു താരം മുഹമ്മദ് സിറാജ് ആയിരുന്നു. ഏഴു വർഷമായി ആർസിബിക്കൊപ്പമായിരുന്ന സിറാജ് ഈ സീസണിലാണ് ഗുജറാത്ത് ടൈറ്റൻസിലെത്തിയത്.
ബെംഗളുരുവിനെതിരായ മത്സരത്തിലെ സിറാജിന്റെ പ്രകടനത്തിൽ തീക്ഷ്ണത കാണാമായിരുന്നു എന്ന് പറയുകയാണ് മുൻ ഇന്ത്യൻ താരം വിരേന്ദർ സെവാഗ്. തുടർച്ചയായി നാല് ഓവറുകൾ എറിഞ്ഞിരുന്നെങ്കിൽ സിറാജിന് മറ്റൊരു വിക്കറ്റുകൂടി വീഴ്ത്താമായിരുന്നു എന്നും പുതിയ പന്തിലുള്ള സിറാജിന്റെ പ്രകടനത്തെ പ്രശംസിച്ച് സെവാഗ് പറഞ്ഞു.
‘സിറാജിൽ ഒരു തീക്ഷ്ണതയുണ്ടായിരുന്നു. എവിടെയോ അവന് വേദനിച്ചെന്ന് തോന്നുന്നു. അദ്ദേഹത്തിന്റെ പ്രകടനത്തിൽ ആ തീക്ഷ്ണത ഞാൻ കണ്ടു. ഒരു യുവ ഫാസ്റ്റ് ബൗളറിൽ നിന്ന് ഞങ്ങൾ പ്രതീക്ഷിക്കുന്നതും അതുതന്നെയാണ്,’ വിരേന്ദർ സെവാഗ് ക്രിക്ക്ബസിൽ പറഞ്ഞു.
അതേസമയം, ഈ വർഷം നടന്ന ചാംപ്യൻസ് ട്രോഫി ടീമിൽ നിന്നും 31 കാരനായ സിറാജിനെ ഒഴിവാക്കിയിരുന്നു. ഇന്ത്യൻ ടീമിൽ നിന്ന് ഒഴിവാക്കിയത്, ബൗളിംഗിലും ഫിറ്റ്നസിലും കൂടുതൽ ശ്രദ്ധ കേന്ദ്രീകരിക്കാൻ സമയം നൽകിയെന്ന് മത്സര ശേഷം സിറാജ് പറഞ്ഞു. “ഞാൻ തുടർച്ചയായി മത്സരങ്ങൾ കളിച്ചുകൊണ്ടിരുന്നു. അതിനാൽ ചെയ്യുന്ന തെറ്റുകൾ എനിക്ക് മനസ്സിലായില്ല. ഇടവേളയിൽ, ഞാൻ എന്റെ ബൗളിംഗിലും ഫിറ്റ്നസിലും ശ്രദ്ധ കേന്ദ്രീകരിച്ചു,” സിറാജ് പറഞ്ഞു.
Read More